'ബിരിയാണി' വിളമ്പാൻ ഇസ്ലാംഭീതിക്കാർ ഒരുമിക്കുന്നു; സാംസ്കാരിക ഇടതുപക്ഷത്ത് മൂന്നാംചേരി

തന്റെ പ്രതീക്ഷിത അണികൾക്കു പിൻപറ്റാൻ ബി.ആർ.പി. മുന്നോട്ടുവക്കുന്നതാവട്ടെ, സ്റ്റാലിനിസ്റ്റുകൾക്കുള്ളതിലും പഴകിയ സാഹിത്യവായനാ പദ്ധതിയാണ്. കലാസൃഷ്ടികൾ ആവശ്യപ്പെടുന്നത് മസ്തിഷ്ക പ്രവർത്തനമാണെന്ന പരാമർശം ഉദാഹരണം. മസ്തിഷ്കത്തിൽ വേണ്ടതിലേറെ മുൻവിധികളും അർധ- പൂർണ്ണ നുണകളും കുത്തിനിറക്കുന്ന മാധ്യമപ്രക്രിയ തകൃതിയായി മുന്നേറുന്നിടത്ത് ആ മുൻവിധികൾ നിറഞ്ഞ മസ്തിഷ്കം കഥാവായനയിലുമത് പ്രതിഫലിപ്പിക്കും. ഇക്കഥ ജനപ്രിയമായതും മുസ്ലിങ്ങൾ 'നവോത്ഥാനപ്പെടുത്തേ'ണ്ടവരാണെന്ന 'മസ്തിഷ്ക വായന' കൊണ്ടുതന്നെയാവും.

'ബിരിയാണി' കഥയെപ്പറ്റി മുഖ്യധാരാ വായനാലോകത്ത് എതിർനിലപാടു സ്വീകരിച്ച റൂബിൻ ഡിക്രൂസിനെതിരെ സാംസ്കാരിക ഇടതുപക്ഷത്തുതന്നെ യുദ്ധമുഖമുണരുകയാണ്. സാംസ്കാരിക ഇടതുപക്ഷത്തെ മൂന്നാമതൊരു ചേരിയാണ് റൂബിനെ കൊലവിളിക്കുന്നവരിലൂടെ വെളിപ്പെട്ടുവരുന്നത്.

ഇടതുപക്ഷത്തുള്ളവരെന്ന് സ്വയം വിശേഷിപ്പിക്കുന്ന എഴുത്തുകാർ, സിപിഎമ്മിനുപുറത്തെ 'സംശുദ്ധ ഇടതുപക്ഷ'മെന്ന് തീവ്ര ഇടതുപക്ഷക്കാരും അവരുടെ സുഹൃത്തുക്കളും ഒരുപോലെ വിലയിരുത്തുന്ന എഴുത്തുകാർ - ഇവർ രണ്ടുകൂട്ടരും ഒരുമിക്കുകയാണ് മൂന്നാംചേരിയിൽ. ഇസ്ലാംഭീതിയുടെ പിൻബലത്തിൽ, കേരളത്തിൽ വിടർന്നുവരുന്ന കാവി സാംസ്കാരികപക്ഷത്തേക്കാണിവരുടെ ചായ്‌വെന്നു സംശയിക്കാനാണിപ്പോൾ വകുപ്പ്. ആ ചായ്വ് മുഴുവനായി വെളിപ്പെട്ടുവരാൻ ഏറെക്കാലം വേണ്ടിവരില്ല.


സംഘപരിവാർ വിരുദ്ധതകൊണ്ട് തമ്മിൽച്ചേർന്നു നിൽക്കുന്നവരാണ് കേരളത്തിലെ സാംസ്കാരിക ഇടതുപക്ഷം. മൃദുഹിന്ദുത്വക്കാരെന്ന് ഇതിലൊരുകൂട്ടംപേരെ മുമ്പ് വിളിച്ചു കേട്ടിരുന്നു. ഇന്നാ വിളി വല്ലാതെയാരെപ്പറ്റിയും കേൾക്കാനില്ല. അവരൊന്നടങ്കം 'പൂർണ്ണ ഹിന്ദുത്വ'ക്കാരായതാണോ, വിളിച്ചിരുന്നവർ പിന്നീട് മൃദുഹിന്ദുത്വക്കാരായി മാറിയതാണോ കാരണമെന്നറിയില്ല.

കൊച്ചിയിൽ നടന്ന മാനവസംഗമത്തോടെയും, അതിനു പ്രതികരണമായി കോഴിക്കോട്ടുയർന്നുവന്ന അമാനവ മുന്നേറ്റത്തോടെയുമാണ് അതിൽപ്പിന്നെ സാംസ്കാരിക ഇടതുപക്ഷത്ത് രണ്ട് ചേരികൾ പ്രത്യക്ഷപ്പെടുന്നത്. ഈ രണ്ടു പക്ഷങ്ങളിൽനിന്ന് സുരക്ഷിതമായ അകലത്തും ഒരു വിഭാഗം സാംസ്കാരിക ഇടതുപക്ഷക്കാർ കാണപ്പെട്ടു. അവരിൽ നിന്നാണ് മൂന്നാം ചേരി ക്ലച്ചുപിടിക്കുന്നത്.

റൂബിൻ ഡിക്രൂസിന്റെ 'ബിരിയാണി' വിമർശനത്തെ നേരിടാൻ ഇറങ്ങിയിരിക്കുന്ന ബി.ആർ.പി. ഭാസ്കറിന്റെ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം ഈ മൂന്നാംചേരിയുടെ ഒരു മാനിഫെസ്റ്റോ ആണെന്നു കരുതാം. അവരുടെ നിലപാടുകൾ കാവി സാംസ്കാരികപക്ഷത്തോടു പുലർത്തുന്ന ചാർച്ചയും ബി.ആർ.പിയുടെ വാദങ്ങളിൽനിന്നു മനസ്സിലാക്കാം.

'ബിരിയാണി' വിവാദം വന്ന വഴി


വിശപ്പ് കഥാതന്തുവായി മലയാളത്തിൽ എത്രയോ കഥകൾ പലകാലത്തും വന്നിട്ടുണ്ട്. കോവിലൻ മുതൽ അശാകൻ ചരുവിൽ വരെയുള്ള തലമുറക്കാരുടെ കഥകളിൽ ഇത്തരങ്ങളിൽ എണ്ണംപറഞ്ഞവയുണ്ട്. പിന്നീടു പക്ഷെ, മലയാളകഥയിൽ പച്ചയായ ജീവിത അതിജീവന വിഷയങ്ങൾക്ക് എണ്ണം കുറഞ്ഞു. സന്തോഷ് ഏച്ചിക്കാനത്തിന്റെതന്നെ 'കൊമാല'യാണ് പിന്നെയങ്ങനെയുള്ളതെന്ന് അഭിപ്രായമുയർന്ന പ്രധാന കഥകളിലൊന്ന്. കോവിലന്റെ 'റ' പോലുള്ള കഥകളുടെ സൗന്ദര്യാംശം അവകാശപ്പെടാവുന്നവ ഇക്കൂട്ടത്തിലുണ്ടെന്ന് സ്ഥാപിക്കാൻ റിവ്യൂ എഴുത്തുകാർ വിയർത്തിട്ടും ഒട്ടും കാര്യമുണ്ടായിട്ടില്ല.

biriyani_santhosh-echikkanamവൻ കരകൗശലക്കാർ പ്രമുഖ വാരികകളുടെ കഥാതാളുകളിൽ വൻ ഇല്ലസ്ട്രേഷനുകളാൽ കാഴ്ചാസുഖം പടർത്തി വിരിഞ്ഞു നിൽക്കുകയും, കഥാരംഗം തങ്ങൾ അടക്കിവാഴുകയാണെന്ന് തോന്നിപ്പിക്കുകയുമാണ് ഇപ്പറഞ്ഞകാലത്തു കാര്യമായുണ്ടായത്. കഥയോളമെനിക്ക് സിനിമയിൽ താൽപര്യമില്ലെന്നു പറയുന്ന എം.ടി.യെ ഇവർ ഉള്ളിൽ കുടിയിരുത്തിയിരിക്കുകയാണെന്നൊക്കെ തോന്നിപ്പിക്കും. എങ്കിലും സിനിമാക്കഥയാക്കാനുള്ള സാധ്യതയാണ് കഥയെഴുത്തിലെ പ്രേരണ. അങ്ങനെയാവുംമുമ്പത്തെ സാഹിത്യഭാഷ്യം - അത്ര കാമ്പേ ഇക്കൂട്ടം എഴുത്തുകാർ കഥാസാഹിത്യത്തിനു കൊടുക്കുന്നതായി തോന്നിയിട്ടുള്ളൂ.

സിനിമയ്ക്കുവേണ്ട ജനപ്രിയതാ എലമെന്റുകൾ സമാസമം ചേർത്ത ക്രാഫ്റ്റ് ഉല്പന്നമാണിവർക്ക് കഥകൾ. വിശ്വസാഹിത്യത്തെപ്പറ്റിയൊക്കെ ധാരണയുള്ള അവസാനത്തെ മലയാള മാഗസിൻ എഡിറ്റർ എസ്.ജയചന്ദ്രൻ നായർ രംഗം വിട്ടതോടെ ഇത്തരമെഴുത്തുകാരുടെ സർവ്വകഥകളും അതാത് മാഗസിനുകൾ തലയിലെഴുന്നെള്ളിച്ചവതരിപ്പിക്കുന്ന സ്ഥിതി വന്നു. അതാണ് ഏതാനും വർഷങ്ങളായി ഓടുന്ന ട്രെന്റ്.

ഈ ട്രെന്റിൽ വളരെ ആലോചനയോടെ പിറവിയെടുത്തതോ അവതരിപ്പിക്കപ്പെട്ടതോ, രണ്ടുംകൂടിയായതോ, ആയ കഥയാണ് 'ബിരിയാണി' എന്നിപ്പോൾ വേണമെങ്കിൽ കൺക്ലൂഷനിലെത്താതിരിക്കാം. എന്നാൽ നേരത്തെപ്പറഞ്ഞ ക്ലാസ് കഥകളിൽ ഏതു നിലവാരത്തിൽ വരും സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്നതിനെപ്പറ്റി മലയാള കഥാചരിത്രത്തിൽ അറിവുള്ള നിരൂപകരോ വായനക്കാരോ കാര്യമായൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടെങ്കിലും അക്കഥ നേടിയിരിക്കുന്ന ജനപ്രിയത തർക്കവിഷയമാണ്.

എന്നാൽ ഇക്കഥയും നടപ്പു ട്രെന്റിൽ മാസ്റ്റർ പീസായി പല നിലയ്ക്കും അവതരിപ്പിക്കപ്പെട്ടു. മലയാള കഥാസാഹിത്യമേഖലയോടുതന്നെ അവമതിപ്പുണർത്തുന്ന അനുഭവമായി ചിലർക്കിതെങ്കിൽ, 'ബിരിയാണി' വായിച്ചില്ലെന്നു പറയുന്നത് കഥാസാഹിത്യത്തോടു കാട്ടുന്ന അവമതിപ്പാണെന്നു പലരിലും കുറ്റബോധമുണരുന്ന സ്ഥിതിയും കണ്ടു. അതിനിടയിലേക്കാണ് കഥയുടെ ഉള്ളടക്കത്തോടുള്ള രൂക്ഷവിമർശനം റൂബിൻ ഡിക്രൂസ് പല ഫേസ്ബുക്ക് പോസ്റ്റുകളിലായി നിരത്തിയത്.

'ബിരിയാണി' ജനപ്രിയ കഥയായി മാറിയതിന്റെ മെക്കാനിക്സാണ് റൂബിൻ ഡിക്രൂസ് വിശദമാക്കിയത്.
മുസ്ലിങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുബോധത്തിൽ നിലനിൽക്കുന്ന ചില മുൻവിധികൾ പങ്കിടുന്നവരിലൂടെയാണ് 'ബിരിയാണി' ജനപ്രിയത നേടുന്നതെന്ന് റൂബിനു തോന്നി. റൂബിനത് സാഹിത്യരാഷ്ട്രീയം പറയുമ്പോൾവേണ്ട മര്യാദകളൊന്നും ലംഘിക്കാതെ എഴുതുകയുംചെയ്തു.

പിന്നെ ഈ എഴുത്തുകാരനെ നിലംതൊടീക്കാത്ത വിമർശനങ്ങളുടെ കുത്തൊഴുക്കായിരുന്നു സോഷ്യൽ മീഡിയയിൽ. എൻ.എസ്.മാധവന്റെ 'ഹിഗ്വിറ്റ' കഥയോട് വർഷങ്ങൾക്കു മുമ്പ് വിമർശനമുയർത്തിയ എം.ടി.അൻസാരിയെ നേരിട്ടതിനെക്കാൾ തീവ്രമായാണ് റൂബിനെ 'ബിരിയാണി'ക്കഥയുടെ ആരാധകർ നേരിട്ടുവരുന്നത്, ഇപ്പോഴും.

കഥ വായിച്ചാൽ പോരേ, അതിലിങ്ങനെ രാഷ്ട്രീയം തിരയണോ എന്ന് നിഷ്കളങ്കമായി ചോദിച്ചുകൊണ്ടിരിക്കുന്നവരാണ് ഇക്കഥയുടെ അമിതാവേശ ഇഷ്ടക്കാർ. അവർ അങ്ങനെയായിരിക്കുന്നതിന്റെ കാരണങ്ങളാണ് തനിക്ക് ബോധ്യപ്പെട്ടവയായി റൂബിൻ എണ്ണിപ്പറഞ്ഞത്. അത്രയും കാരണങ്ങൾ അച്ചട്ടായി നിറഞ്ഞുനിൽക്കുന്നു റൂബിനെതിരെ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബി.ആർ.പി.ഭാസ്കറെഴുതിയ കുറിപ്പിൽ.

കേരളത്തിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ആചാര്യസ്ഥാനത്തുള്ളയാളാണ് ബി.ആർ.പി. ഭാസ്കർ. ബി.ആർ.പിയുടെ 'ബിരിയാണി' ഐക്യദാർഢ്യം നവ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു പ്രസ്ഥാനത്തിലെ ആശയപ്പിളർപ്പ് പുറത്തുകൊണ്ടുവരുന്നു. ഇസ്ലാംഭീതിയാൽ ഒരുമിപ്പിക്കപ്പെടുന്ന മൂന്നാംചേരിക്കുള്ള സാംസ്കാരികാമൃതമാണ് ഇക്കഥയെന്ന് കഥയെപ്പറ്റിയൊന്നും വല്ലാതെ എഴുതിക്കാണാറില്ലാത്ത ബി.ആർ.പിയുടെ വാക്കുകളിൽ തെളിയും.

biriyani_santhosh-echikkanam_1

മുസ്ലിങ്ങളെപ്പറ്റിയുള്ള മുൻവിധികൾ: റൂബിൻ ഉന്നയിച്ച വാദങ്ങൾ

കേരളത്തിലെ ഇസ്ലാംഭീതിക്കാർ പങ്കിടുന്ന ആശങ്കകൾ റൂബിൻ സംഗ്രഹിക്കുന്നത് ഇങ്ങനെയെല്ലാമാണ് (ബി.ആർ.പി. ഭാസ്കർ ഉദ്ധരിക്കുന്നത്):

  • മുസ്ലിങ്ങൾ ബഹുഭാര്യാത്വമുള്ളവരാണ്.

  • ദരിദ്രരായ മുസ്ലിങ്ങൾ ഗൾഫിൽ പോയി പണക്കാരായിക്കഴിഞ്ഞു.

  • മുസ്ലിങ്ങൾ സംസ്കാരമില്ലാത്തവരാണ്.

  • പുത്തൻ പണക്കാരായ മുസ്ലിങ്ങൾ അല്പത്തവും ആർഭാടവും കാണിക്കുന്നവരാണ്.

  • മുസ്ലിങ്ങൾ ഗൾഫ് പണംകൊണ്ട് നാട്ടിലൊക്കെ ഭൂമി വാങ്ങിക്കൂട്ടുന്നു.


ഇത്രയും കാര്യങ്ങൾ ഭംഗിയായി കഥ ശരിവയ്ക്കുന്നുണ്ട്; അതിനാൽ ആ കാര്യങ്ങളോട് അഭിപ്രായമുള്ളവർക്കൊക്കെ കഥ ഇഷ്ടമാവും. ഇതാണ് റൂബിന്റെ വാദങ്ങളുടെ ആണിക്കല്ല്.

മുസ്ലിങ്ങളെക്കുറിച്ചുള്ള ഒരു പ്രബലമുൻവിധി മാത്രമേ കഥയിൽ പറയാതെവിട്ടിട്ടുള്ളൂവെന്നും റൂബിൻ കരുതുന്നു. മുസ്ലിങ്ങൾ അക്രമികളാണെന്നതാണാ മുൻധാരണ. പട്ടിണിക്കാരനെക്കൊണ്ട് ചെമ്പുകണക്കിന് ബിരിയാണി കുഴിവെട്ടിമൂടിക്കുന്ന ഒരുത്തനെ അക്രമിയെന്ന് പ്രത്യേകം വിളിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് മുസ്ലിങ്ങൾ അക്രമികളാണെന്ന മുൻവിധിയും കഥയിലുണ്ടെന്ന് ആർക്കും തോന്നാം.

കഥയ്ക്ക് മുസ്ലിംമാനമുണ്ടെന്ന് ബി.ആർ.പി.തന്നെ സമ്മതിക്കുന്നു. അപ്പോൾപിന്നെ അതിൽ റൂബിൻ ചൂണ്ടിക്കാട്ടുന്ന മുസ്ലിംവിരുദ്ധതയില്ലെന്ന് പറയാൻ കഴിയേണ്ടേ? അതൊഴിവാക്കുന്നത് പല വിധത്തിലാണ്.

ഒന്നിങ്ങനെയാണ് - കഥയുടെ സൗന്ദര്യ/ഭാഷാ അംശങ്ങളിലേക്കൊന്നും കടക്കാതെ കഥയെ രാഷ്ട്രീയ ചർച്ചയിലേക്ക് വലിച്ചിടുക! റൂബിനെതിരെ ആക്ഷേപിച്ച അതേ കുറ്റം തന്നെ റൂബിനെ നേരിടാനും പുറത്തെടുക്കുക!

സംഗതി എളുപ്പമാക്കുന്ന പരിപാടി. താൻ പങ്കിടാൻ ശ്രമിക്കുന്ന രാഷ്ട്രീയം (അതായത് റൂബിൻ എതിർപ്പു പറയുന്ന രാഷ്ട്രീയം) ഭംഗിയായി അവതരിപ്പിക്കുക. തന്റെയാ രാഷ്ട്രീയം സ്വീകാര്യമായവരെ മുഴുവൻ 'ബിരിയാണി'ക്കഥയുടെ മറപിടിച്ച് റൂബിനെതിരെ നിരത്തുക. ഇന്നിങ്ങനെ നിരത്തുവാൻ കഴിയുന്നവർ നാളെ തനിക്ക് ഏറെക്കുറെ സ്വീകാര്യമായ 'ഇസ്ലാംഭീതി' രാഷ്ട്രീയത്തിൽ അണിനിരക്കുമല്ലോ. അതുതന്നെ ഒട്ടും വൈകാതെ കേരളത്തിൽ ബലപ്പെടാൻ പോകുന്ന, സാംസ്കാരിക ഇടതുപക്ഷത്തിനകത്തെ സംഘപരിവാറനുകൂല ചേരി.

ചാപ്പകുത്തെന്ന കൗശലം

അതിനായി റൂബിനെ ഭംഗിയായി ചാപ്പകുത്തുന്നു ബി.ആർ.പി. തൊടുപുഴ കോളേജിൽ പരീക്ഷക്ക് ചോദ്യംതയ്യാറാക്കിയ അധ്യാപകന്റെ കൈപ്പത്തി വെട്ടിയവരോടാണ് ഒരു കഥാ വിമർശകനെ ബി.ആർ.പി. താരതമ്യപ്പെടുത്തുന്നത്. എഴുത്തു രീതിയിലെ കൗശലംകൊണ്ട് മറയിട്ടാണ് റൂബിനെ 'ഇസ്ലാമിക ഭീകരനെ'ന്ന് ധ്വനിപ്പിക്കുന്നത്. നേരിട്ട് ഈ ആക്ഷേപം ഉന്നയിക്കാതെ, ആഴ്ചപ്പതിപ്പുകാരെക്കൊണ്ട് കവറിൽ ഇയാളെ ബ്രാൻഡ് ചെയ്തിരിക്കുന്നു - വർഗീയവായനക്കാരൻ! യഥാർത്ഥത്തിൽ തന്നിലുള്ള വർഗീയമനസ്സ് (മുസ്ലിങ്ങളെ ഉദ്ധരിച്ചു കളയണമെന്ന മനസ്സിന് വേറെ വിളിപ്പേരൊന്നും വേണ്ടെന്ന് തിരിച്ചും തീരുമാനിക്കാമല്ലോ!) കൈവെട്ടുസംഭവത്തെറ്റി ബി.ആർ.പി. പറയുന്നതിൽത്തന്നെയുണ്ട് - കൈവെട്ടിലേക്ക് നയിച്ച പരീക്ഷാ ചോദ്യത്തിൽ താനൊരു തെറ്റും കാണുന്നില്ലത്രെ! എന്തു നിഷ്കളങ്കമായ സമദൂരസിദ്ധാന്തം!

IMG_20161020_112841_HDR_1476943214993-01മുസ്ലിങ്ങളെക്കുറിച്ചുള്ള മുൻവിധി കേരളത്തിലെ പൊതുബോധമായിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ബി.ആർ.പി. പറയുന്നു. ഇത്തരം മുൻവിധികൾ ഭാഗികമായോ പൂർണ്ണമായോ വച്ചുപുലർത്തുന്നവരേ ഉള്ളുവെന്നും! മഅദനി മുതൽ ഇപ്പോഴത്തെ എൻ.ഐ.എ. വേട്ടവരെയുള്ള സംഭവഗതികൾ, അവയിൽ വേരാഴ്ത്തിയോടുന്ന ഹിന്ദുത്വാനുകൂല മാധ്യമ ചേരുവകൾ തുടങ്ങിയവയെല്ലാം ഓരോ നീചന്മാരുടെ 'വർഗ്ഗീയ ദുർബുദ്ധി'കളിൽ നിന്ന് ഉണരുന്നതാണല്ലോ! കേരളമൊന്നടങ്കം ഈ 'വർഗ്ഗീയ ദുർബുദ്ധി' വച്ചു പുലർത്തുന്നവരെ നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ! അതാണല്ലോ കുമ്മനത്തെപ്പോലൊരു തികഞ്ഞ 'വർഗ്ഗീയ ദുർബുദ്ധി' കേരളത്തിൽ വെറുക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നത്!

വർഗ്ഗീയ ചാപ്പകുത്ത് ഫലിക്കാതെവന്നാൽ മരുന്നായി 'മാർക്സിസ്റ്റ് സാംസ്കാരിക ഗുണ്ട'യെന്ന ചാപ്പയും റൂബിനെതിരെയുണ്ട്. മറ്റൊരു പേരു വിളിച്ചാണെന്നു മാത്രം - സാംസ്കാരിക കമ്മിസ്സാർ!

കമ്മിസ്സാറെന്നത് സോവിയറ്റനന്തരകാലത്തെ ഒരു തെറിവാക്കാണ്. ആ ഒരൊറ്റ വിളിയിലൂടെ റൂബിനെതിരെ നിരക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് ഇടതുപക്ഷക്കാരെന്ന് സ്വയം കരുതുന്ന വലിയൊരു നിരയെയാണ്. വളരെപ്പണ്ട് എം.എ.ബേബിക്കെതിരെ ഉന്നയിച്ച് സാംസ്കാരികവലതുപക്ഷവും ഇന്നത്തെ മൂന്നാംചേരിയുടെ പൂർവരൂപികളും വലിയ മൈലേജുണ്ടാക്കിയ വിളി.

(ആ ചാപ്പകുത്തിനെ ഒരു വിധം മറികടന്ന് ബേബി അവരന്ന് പ്രതീക്ഷിക്കാത്ത ഭരണാധികാര സ്വരൂപമായി മാറിയപ്പോൾ ഇക്കൂട്ടർ ബേബിയുടെ ആരാധകരും ഉത്തമമിത്രങ്ങളും ആവുന്നതും കേരളം കണ്ടു. പിണറായിക്ക് ഇന്നു ലഭിക്കുന്ന താരസൗഭാഗ്യം പോലെത്തന്നെ).

IMG_20161020_113456_HDR-01

മസ്തിഷ്ക കഥാവായന

എന്നാൽ തന്റെ പ്രതീക്ഷിത അണികൾക്കു പിൻപറ്റാൻ ബി.ആർ.പി. മുന്നോട്ടുവക്കുന്നതാവട്ടെ, സ്റ്റാലിനിസ്റ്റുകൾക്കുള്ളതിലും പഴകിയ സാഹിത്യവായനാ പദ്ധതിയാണ്. കലാസൃഷ്ടികൾ ആവശ്യപ്പെടുന്നത് മസ്തിഷ്ക പ്രവർത്തനമാണെന്ന പരാമർശം ഉദാഹരണം. മസ്തിഷ്കത്തിൽ വേണ്ടതിലേറെ മുൻവിധികളും അർധ- പൂർണ്ണ നുണകളും കുത്തിനിറക്കുന്ന മാധ്യമപ്രക്രിയ തകൃതിയായി മുന്നേറുന്നിടത്ത് ആ മുൻവിധികൾ നിറഞ്ഞ മസ്തിഷ്കം കഥാവായനയിലുമത് പ്രതിഫലിപ്പിക്കും. ഇക്കഥ ജനപ്രിയമായതും മുസ്ലിങ്ങൾ 'നവോത്ഥാനപ്പെടുത്തേ'ണ്ടവരാണെന്ന 'മസ്തിഷ്ക വായന' കൊണ്ടുതന്നെയാവും. അതാണല്ലോ റൂബിനും പറഞ്ഞത്!

കമ്മിസ്സാർ വിളികൊണ്ടും, റൂബിന്റെത് 'കാലഹരണപ്പെട്ട' പ്രത്യയശാസ്ത്രവായനയാണെന്ന പറച്ചിലുകൊണ്ടും ബി.ആർ.പി. ലാക്കാക്കുന്ന 'മൂന്നാം ചേരി അണികൾ' സന്തുഷ്ടരാവുന്നെങ്കിൽ അതവരുടെ മാത്രം ഇഷ്യൂ. വേറാർക്കും സഹായിക്കാൻ പറ്റില്ല അവരെ.

എന്നാൽ ബി.ആർ.പി.യുടെ റൂബിൻവിമർശത്തിലെ വർഗ്ഗീയരാഷ്ട്രീയം അദ്ദേഹത്തിന്റെ പഴയ അണികൾ (എം.ഗോവിന്ദൻസ്കൂളിലെ പഠിപ്പുകാരും അവരുടെ ശിഷ്യന്മാരുമടങ്ങുന്നു ഇവരിൽ) ഒന്നുകൂടി കരുതിയിരുന്നോളൂ സ്വന്തം 'ജ്ഞാനർഷി'യുടെ നിലപാടുമാറ്റങ്ങളെ. അതിൽ മുച്ചൂടും നുരയുന്നത് റൂബിൻ ചൂണ്ടിക്കാട്ടുന്ന മുസ്ലിംവിരുദ്ധതയിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന 'പുതിയ സാംസ്കാരിക മുന്നണി രാഷ്ട്രീയ'മാണ്. ഒട്ടും പുതിയതല്ല, സനാതനമായ ഹിന്ദുത്വ രാഷ്ട്രീയം തേച്ചുമിനുക്കിയതാണത്. മാതൃഭൂമി പത്രത്തിൽ നിന്ന് ആഴ്ചപ്പതിപ്പിന്റെ ലിബറലിടതുപക്ഷ ഇടത്തിലേക്കുകൂടി അതു പടരുന്നത് ഒട്ടും ശുഭകരമായി കരുതേണ്ട.

മുസ്ലിങ്ങൾക്കെതിരായ മുൻവിധികൾ അച്ചട്ട് പങ്കുവക്കുന്ന ലക്ഷണയുക്തതയുള്ള കഥയ്ക്കു പിന്നാലെ അതേ ലക്ഷണയുക്തതയിൽ ലേഖനവും പിറക്കുന്നത് മാതൃഭൂമിയാഴ്ചപ്പതിപ്പിന്റെ ഗൗരവവായനക്കാർ കാണാതിരുന്നുംകൂടാ.

Read More >>