"ലെറ്റ്‌സ് ഫുട്ബോള്‍"; ഐഎസ്എൽ ആവേശത്തിന് ഇന്ന് കിക്കോഫ്...

ഐഎസ്എല്ലിന്റെ ആദ്യ പതിപ്പിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞവർഷം ഏറ്റവും പിറകിലായിരുന്നു.

"ലെറ്റ്‌സ് ഫുട്ബോള്‍"; ഐഎസ്എൽ ആവേശത്തിന് ഇന്ന് കിക്കോഫ്...

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് ഇന്നു വൈകിട്ട് ഏഴിനു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ തുടക്കം. ഉത്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും. മത്സരം വൈകിട്ട് 7 മണിക്ക്.

പ്രമുഖ താരങ്ങളുടെ അഭാവവും പരുക്കും അലട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഫോർമേഷനോടെയായിരിക്കും ആതിഥേയരെ നേരിടുക. നോർത്ത് ഈസ്റ്റിനായി ആർത്തുവിളിക്കുന്ന മുപ്പതിനായിരത്തോളം കാണികൾ തീർക്കുന്ന പ്രതിരോധം കൂടി മറികടന്നുവേണം കേരള ടീമിനു പോരാടാൻ.


ഐഎസ്എല്ലിന്റെ ആദ്യ പതിപ്പിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞവർഷം ഏറ്റവും പിറകിലായിരുന്നു. ഈ പതനത്തിൽനിന്നു ടീമിനെ കരകയറ്റാൻ തലപുകയ്ക്കുന്ന കോച്ച് സ്റ്റീവ് കൊപ്പൽ അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുനിയുന്നില്ല. 4-4-2 ഫോർമേഷനാണ് കൊപ്പലിനു പ്രിയപ്പെട്ടത്.

അവസാന ഇലവനെ സംബന്ധിച്ച് കൊപ്പൽ സൂചനകളൊന്നും നൽകിയിട്ടില്ല. മിഡ്ഫീൽഡർ മെഹ്താബ് ഹുസൈൻ, ലെഫ്റ്റ് ബാക്ക് സന്ദേശ് ജിംഗാൻ എന്നീ ഇന്ത്യൻ കളിക്കാർ ആദ്യ ഇലവനിൽ ഉണ്ടാകും. മലയാളിതാരം പ്രശാന്തിനും ഇന്ന് അവസരം കിട്ടിയേക്കും. പ്രതിരോധത്തിൽ മാർക്വിതാരം ആരോൺ ഹ്യൂസ്, സെഡ്രിക് ഹെങ്ബർട്ട്, മധ്യനിരയിൽ ഹോസു പ്രീറ്റോ, മുന്നേറ്റത്തിൽ ആന്റോണിയോ ജെർമെയ്ൻ എന്നിവർ കളിക്കും.

ഇംഗ്ലിഷ് താരം മൈക്കൽ ചോപ്രയോ കെവിൻ ബെൽഫോർട്ടോ ആയിരിക്കും മുഖ്യസ്‌ട്രൈക്കർ. ഒപ്പം മലയാളിതാരം മുഹമ്മദ് റാഫിയുമുണ്ടാകും. ആർസണൽ, ലീഡ്‌സ് ക്ലബുകളുടെ കാവൽക്കാരനായിരുന്ന ഗ്രഹാം സ്‌റ്റോക്ക് ഗോൾകീപ്പറാകും.

Read More >>