പരുക്കന്‍ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയത്തോടെ ഒന്നാം സ്ഥാനത്ത്

ഇരുടീമുകളും പരുക്കന്‍ അടുവുകള്‍ പുറത്തെടുത്ത കളിയില്‍ ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോ നേടിയ ഗോളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. പരുക്കന്‍ കളിയെ തുടര്‍ന്ന് ഇരുഭാഗത്തുനിന്നും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി.

പരുക്കന്‍ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയത്തോടെ ഒന്നാം സ്ഥാനത്ത്

നിരഞ്ജന്‍-

പുനെ: പുനെ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒമ്പത് പോയിന്റുകളാണുള്ളത്. ഇരുടീമുകളും പരുക്കന്‍ അടുവുകള്‍ പുറത്തെടുത്ത കളിയില്‍ ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോ നേടിയ ഗോളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. പരുക്കന്‍ കളിയെ തുടര്‍ന്ന് ഇരുഭാഗത്തുനിന്നും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഒന്നാം പകുതിയുടെ 36-ആം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധതാരം നിര്‍മല്‍ ഛേത്രിക്കും രണ്ടാം പകുതിയുടെ 71-ആം മിനുറ്റില്‍ പുനെയുടെ എഡ്വേര്‍ഡോ ഫെരേരയ്ക്കും റഫറിയില്‍ നിന്നും ചുവപ്പ് കാണേണ്ടിവന്നു.


അദ്യ പകുതി മുതല്‍ പത്തു പേരുമായി കളിച്ച നോര്‍ത്ത് ഈസ്റ്റിനെതിരെ ആതിഥേയരായ പുനെയ്ക്ക് മേല്‍ക്കൈ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പുനെ പത്തുപേരായി ചുരുങ്ങിയതോടെ വിന്‍ഗാഡയുടെ കുട്ടികള്‍ അവസരം മുതലാക്കി. പുനെ പത്തുപേരായി ചുരുങ്ങി എട്ടുമിനുറ്റിനകം നോര്‍ത്ത് ഈസ്റ്റ് അല്‍ഫാരോയിലൂടെ
ലീഡ് നേടി.

ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായി. എന്നാല്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് മുന്നില്‍ മുന്നേറ്റനിര മുട്ടുമടക്കി. മത്സരത്തിന്റെ 41-ആം മിനുറ്റില്‍ ഗോളെന്ന് ഉറപ്പിച്ച പന്ത് പൂനെ ഗോളി എഡല്‍ രക്ഷപ്പെടുത്തി. പുനെയുടെ താരം അനിബാള്‍ റോഡ്രിഗസിനെ ഫൗള്‍ ചെയ്തതിനാണ് നിര്‍മല്‍ ഛേത്രി ആദ്യപകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ടത്. ഇതോടെ നോര്‍ത്ത് ഈസ്റ്റ് മദ്ധ്യനിരയില്‍ കളിച്ച ഹോളിചരണ്‍ നര്‍സറിയും കട്സുമി യാസയും പിന്നോട്ടിറങ്ങി പ്രതിരോധത്തിന് കരുത്തേകി.

അര്‍ജന്റൈന്‍ താരം നിക്കോളാസ് വലസും ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോയും മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ആക്രമണം പിന്നീട് നയിച്ചത്. മാര്‍ക്വിതാരം സിസോകോ ടീമില്‍ എത്തിയതോടെ കഴിഞ്ഞ മത്സരങ്ങളേക്കാള്‍ ഊര്‍ജ്ജസ്വലമായാണ് പുനെ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിച്ചത്. ആദ്യപകുതിയില്‍ ജീസസ് ടാറ്റോയും
റോഡ്രിഗസും മുന്നേറ്റം നടത്തിയെങ്കിലും ഗോളി സുബ്രതോയെ ഭേദിക്കാനായില്ല. പല ഷോട്ടുകളും ക്രോസ് ബാറിന് മുകളിലൂടെയും പറന്നു.

നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണം വലതു വിങ് വഴിയായിരുന്നു. അര്‍ജന്റൈന്‍ താരം നിക്കോളസ് വെലസ് ആയിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. എന്നാല്‍ അത് മുതലെടുക്കാന്‍ നോര്‍ത്ത്് ഈസ്റ്റ് മുന്നേറ്റനിരയ്ക്ക് കഴിയാതെ പോയി. എങ്കിലും അല്‍ഫാരോ നേടിയ ഒരു ഗോളില്‍ അതിഥികള്‍ ജയിച്ച് ഒന്നാം സ്ഥാനക്കാരായി. മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുള്ള മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ഈ തോല്‍വിയോടെ കളിച്ച മൂന്ന് മത്സരങ്ങളിലും രണ്ടിലും തോറ്റ പുനെ സിറ്റി അഞ്ചാമതായി.

ഇന്നത്തെ മത്സരം
ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയും ഗോവ എഫ്.സി ഗോവയും ഏറ്റമുട്ടും.

Read More >>