കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അഗ്നിപരീക്ഷ, മുംബൈക്കെതിരെയുള്ള മത്സരം ഇന്ന് രാത്രി ഏഴിന്

കൊച്ചിയിലെത്തുന്ന അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ പ്രതീക്ഷ കാക്കാൻ ഇക്കുറിയെങ്കിലും കേരളത്തിന് കഴിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അഗ്നിപരീക്ഷ, മുംബൈക്കെതിരെയുള്ള മത്സരം ഇന്ന് രാത്രി ഏഴിന്

കൊച്ചി: പ്രാർത്ഥന കൊണ്ടും ശപഥം കൊണ്ടും ഇഷ്ടടീം വിജയതീരം അണയുമെന്ന ആരാധകരുടെ പ്രതീക്ഷ നിരാശയിലാഴുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള, നിറഞ്ഞുകവിയുന്ന ഗാലറിക്ക് മദ്ധ്യേ എന്നും പന്തു തട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നെങ്കിലും വിജയിക്കുമോ? മൂന്നാം സീസനിൽ മൂന്നു മത്സരങ്ങൾ പിന്നിട്ടിട്ടും ഒരു ഗോൾ പോലും നേടാനാകാത്ത യെല്ലോ ബ്രിഗേഡ്‌സിന് ഇന്ന് സ്വന്തം തട്ടകത്തിൽ മറ്റൊരു അഗ്നിപരീക്ഷ.

മൂന്നാം സീസനിൽ ഇതുവരെ തോൽവിയറിയാത്ത മുംബൈ സിറ്റിയാണ് എതിരാളികൾ.

ഇന്ന് വൈകീട്ട് ഏഴിന് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂല ഘടകങ്ങളേറെയുണ്ട്. പരിക്ക് മൂലം മുംബൈ നിരയിൽ ഫോർലാന്റെ അഭാവം കേരളത്തിന് ഗുണകരമാകും. ഇതു കൂടാതെ, ആദ്യ രണ്ട് ഹോം മത്സരങ്ങളിലും ടീമിനൊപ്പം ഇല്ലാതിരുന്ന മാർക്വി താരം ആരോൺ ഹ്യൂസ് ഇന്ന് കളിച്ചേക്കും. അയർലൻഡ് ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം കളിക്കാൻ പോയ ഹ്യൂസ് മടങ്ങിയെത്തിയതോടെ പ്രതിരോധനിരയിൽ നിന്നും സെഡ്രിക് ഹെങ്ബർട്ടിനെ കോച്ച് കോപ്പലിന് പിൻവലിക്കേണ്ടി വരും. ഡൽഹിക്കെതിരായ മത്സരത്തിന്റെ 64-ആം മിനുറ്റിൽ ഈ പ്രതിരോധ താരത്തിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നിരുന്നു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും കേരളത്തിന് ഗോളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് മുന്നേറ്റനിരയുടെ പരാജയത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. ഡൽഹിക്കെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനായി. മികച്ച ഒരു ഫിനിഷറില്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കൊച്ചിയിലെത്തുന്ന അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ പ്രതീക്ഷ കാക്കാൻ ഇക്കുറിയെങ്കിലും കേരളത്തിന് കഴിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരം കാണാൻ സച്ചിനും ഭാര്യ അഞ്ജലിയും എത്തുന്നുണ്ട്. ആവേശക്കടൽ തീർക്കുന്ന ഗാലറി ഇന്നു കൂടി വിജയിച്ചില്ലെങ്കിൽ അരിശം കൊള്ളുമെന്ന ആശങ്ക ടീം മാനേജ്‌മെന്റിനുമുണ്ട്.

എന്നാൽ ഓരോ കളി കഴിയുമ്പോഴും ടീം മെച്ചപ്പെടുന്നുണ്ടെന്നാണ് കോച്ച് സ്റ്റീവ് കോപ്പലും മാനേജ്‌മെന്റും വിലയിരുത്തുന്നത്. ആദ്യ കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഏറ്റവും മോശം കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയ്‌ക്കെതിരെ പ്രകടനം മെച്ചപ്പെടുത്തി. മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരെ സമനില പിടിക്കാനും കഴിഞ്ഞു. കോച്ചിന് തന്റെ കൈയിലിരിക്കുന്ന താരങ്ങളുടെ കഴിവിനെ കുറിച്ച് ധാരണയില്ലാതിരുന്നതാണ് ആദ്യ മത്സരങ്ങളിൽ തോൽവി പിണഞ്ഞതിന് കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മൂന്നു മത്സരങ്ങൾ പിന്നിടുമ്പോൾ തന്റെ ആവനാഴിയിലെ ആയുധങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധമുണ്ടായെന്നും ഇന്നത്തെ കളിയിൽ അതിനനുസരിച്ച് തന്ത്രം മെനയുമെന്നുമാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടൽ.

Read More >>