സീക്കോയുടെ ഗോവയ്ക്ക് വീണ്ടും തോൽവി; ഇന്ന് ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി പോരാട്ടം

ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പാതിയൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ആതിഥേയർ രണ്ട് ഗോളുകൾ നേടി മുൻപിലെത്തിയിരുന്നു.

സീക്കോയുടെ ഗോവയ്ക്ക് വീണ്ടും തോൽവി; ഇന്ന് ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി പോരാട്ടം

ചെന്നൈ: ഐഎസ്എൽ രണ്ടാം സീസൺ ഫൈനലിലെ വിവാദങ്ങൾക്ക് ശേഷം വീണ്ടും മുഖാമുഖം വന്ന ചെന്നൈയിൻ എഫ്.സി - എഫ്.സി ഗോവ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിന് തന്നെ വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗോവയ്‌ക്കെതിരെ ചെന്നൈയിൻ ആധിപത്യം വീണ്ടും ഉറപ്പിച്ചത്.

മൂന്നാം സീസസിൽ ചെന്നൈ കളിച്ച മൂന്നു കളികളിലെ ആദ്യവിജയമായിരുന്നു വ്യാഴാഴ്ചത്തേത്. എന്നാൽ പുതിയ സീസനിലെ ആദ്യ മൂന്നുകളികളിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ടീമെന്ന നാണക്കേടിലാണ് വിഖ്യാത ബ്രസീലിയൻ പരിശീലകൻ സീക്കോയുടെ ശിക്ഷണത്തിലുള്ള നിലവിലെ റണ്ണറപ്പുകൾ.

ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പാതിയൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ആതിഥേയർ രണ്ട് ഗോളുകൾ നേടി മുൻപിലെത്തിയിരുന്നു. 15-ആം മിനുറ്റിൽ ഹാൻസ് മുൾഡറും 26-ആം മിനുറ്റിൽ മെഹ്‌റാജുദ്ദീൻ വാദുവുമാണ് ഗോവയുടെ വലയ്ക്കുള്ളിലേക്ക് പന്തടിച്ച് കയറ്റിയത്.

ഐഎസ്എല്ലിന്റെ രണ്ടാം പതിപ്പിൽ ഡൽഹി ഡയനാമോസിന്റെ താരമായിരുന്ന ഹാൻസ് മുൾഡർ 15-ആം മിനുറ്റിൽ റഫേൽ ഡാസിൽവ നൽകിയ പാസിൽ നിന്നാണ് ഗോവയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ചെന്നൈയിനെ മുന്നിലെത്തിച്ചത്. ഈ സീസനിൽ മുൾഡറുടെ രണ്ടാം ഗോളായിരുന്നു ഇത്. 26-ആം മിനുറ്റിൽ ബാൽജിത്ത് സാഹ്നി നൽകിയ പാസിൽ നിന്ന് മെഹ്‌റാജുദ്ദീൻ വാദു പായിച്ച പന്ത് ഡുമാസിന്റെ കാലിൽത്തട്ടി വലയിൽ കയറുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഇരുടീമുകളും പൊരുതി നോക്കിയെങ്കിലും സ്‌കോർ ബോർഡിൽ മാറ്റമുണ്ടായില്ല. മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ചെന്നൈയിൻ. പോയിന്റൊന്നും നേടാത്ത എഫ്.സി ഗോവ എട്ടാമതാണ്. ഡൽഹിക്കെതിരെ 3-1ന് പരാജയപ്പെട്ട ശേഷം ടീമിൽ അഞ്ചു മാറ്റങ്ങളോടെയാണ് കോച്ച് മാർക്കോ മറ്റെരാസി വ്യാഴാഴ്ച ടീമിനെ കളത്തിലിറക്കിയത്. 4-2-3-1 എന്ന ലൈനപ്പിൽ ഇറങ്ങിയ ചെന്നൈയിൻ ടീമിനെ 4-1-4-1 എന്ന കേളീശൈലിയിലാണ് ഗോവ നേരിട്ടത്. സീസനിലെ ആദ്യവിജയത്തിനും പോയിന്റ് നേടാനുമായി സീക്കോയുടെ ഗോവയ്ക്ക് ഇനിയും കാത്തിരിക്കണം.

ഇന്നത്തെ മത്സരം

കൊച്ചി ജവഹർലാൽ സ്‌റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മൂന്നു കളിയിൽ നിന്നും ഒരു പോയിന്റോടെ ഏഴാം സ്ഥാനത്താണ്. രണ്ട് കളിയിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റുള്ള ഡൽഹി പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.

Read More >>