റിച്ചാർലിസന്റെ ഗോളിൽ ഗോവയ്ക്ക് ഐഎസ്എല്ലിലെ ആദ്യജയം

39-ആം മിനുറ്റിൽ ഗോവയ്ക്ക് കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു കഴിഞ്ഞ സീസനിലെ റണ്ണറപ്പുകൾക്ക് വിജയം ഒരുക്കിയ ഗോൾ പിറന്നത്. ജൂലിയോ സെസർ എടുത്ത ഫ്രീകിക്ക് ബോക്‌സിന് പുറത്തും നിന്നും റിച്ചാർലിസൺ പോസ്റ്റിനുള്ളിലേക്ക് പായിക്കുകയായിരുന്നു. ഗോൾ പോസ്റ്റിന്റെ മുകളിലെ ബാറിൽ തട്ടി പന്ത് വലയ്ക്കുള്ളിലാകുന്നത് നോക്കിനിൽക്കാൻ മാത്രമേ മുംബൈ ഗോളി വോൾപറ്റോവിന് കഴിഞ്ഞുള്ളൂ.

റിച്ചാർലിസന്റെ ഗോളിൽ ഗോവയ്ക്ക് ഐഎസ്എല്ലിലെ ആദ്യജയം

നിരഞ്ജൻ

മുംബൈ: ആതിഥേയരായ മുംബൈ സിറ്റിക്കെതിരെ 41-ആം മിനുറ്റിൽ റിച്ചാർലിസൺ നേടിയ ഏക ഗോളിന്റെ മികവിൽ എഫ്.സി ഗോവയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസനിലെ ആദ്യ ജയം. ‌പരിക്കേറ്റ മുംബൈയുടെ മാർക്വീ താരം ഡീഗോ ഫോർലാൻ ടീമിൽ മടങ്ങിയെത്തിയെങ്കിലും ഗോവയുടെ വിജയം തടയാൻ ആതിഥേയർക്ക് കഴിഞ്ഞില്ല.

4-3-3 ഫോർമേഷനിൽ ഇറങ്ങിയ മുംബൈക്കെതിരെ 3-4-2-1 എന്ന കേളീശൈലിയിലാണ് ഗോവ ഇറങ്ങിയത്. കളി തുടങ്ങി ആദ്യ പത്തുമിനുറ്റിൽ ഗോവൻ ബോക്‌സിൽ തമ്പടിച്ച് നിൽക്കുകയായിരുന്നു മുംബൈ. നിരന്തരം ആക്രമണം അഴിച്ചുവിട്ട മുംബൈയുടെ മുന്നേറ്റം പക്ഷെ, ഗോവൻ പ്രതിരോധത്തിൽ തട്ടിനിലച്ചു. പിന്നീട് ഗോവയുടെ ജൂലിയോ സെസറിന് ഒരവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മുംബൈ പെനാൽറ്റി ബോക്‌സിന്റെ വക്കിൽ നിന്നും ജോഫ്രി നൽകിയ പാസ് സെസർ പായിച്ചെങ്കിലും അത് ലക്ഷ്യത്തിൽ നിന്നും അകന്നുപോയി.


ഇരുടീമുകളും ആക്രമിച്ചു കളിക്കുന്നതിനിടെ 17-ആം മിനുറ്റിൽ തന്നെ കളിയിലെ ആദ്യ മഞ്ഞക്കാർഡും പിറന്നു. ഡെഫറികോയെ ഫൗൾ ചെയ്തതിന് ഗോവയുടെ പ്രദേശിനായിരുന്നു മഞ്ഞക്കാർഡ്. ഇതേത്തുടർന്ന് കിട്ടിയ ഫ്രീകിക്ക് ഫോർലാനാണ് എടുത്തതെങ്കിലും ഫലവത്തായില്ല. പിന്നീട് 20-ആം മിനുറ്റിൽ മുംബൈ ഒരു പ്രത്യാക്രമണം നടത്തിയെങ്കിലും ഗോവ പ്രതിരോധിച്ചു. 25-ആം മിനുറ്റിൽ ജൂലിയോ സെസറും ജോഫ്രിയും ചേർന്ന് ഗോവൻ മുന്നേറ്റം നടത്തിയെങ്കിലും മുംബൈ ഡിഫൻഡർ ഐബർ ഖോംഗ്ജി ക്ലിയർ ചെയ്ത് അപകടം ഒഴിവാക്കി.

39-ആം മിനുറ്റിൽ ഗോവയ്ക്ക് കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു കഴിഞ്ഞ സീസനിലെ റണ്ണറപ്പുകൾക്ക് വിജയം ഒരുക്കിയ ഗോൾ പിറന്നത്. ജൂലിയോ സെസർ എടുത്ത ഫ്രീകിക്ക് ബോക്‌സിന് പുറത്തും നിന്നും റിച്ചാർലിസൺ പോസ്റ്റിനുള്ളിലേക്ക് പായിക്കുകയായിരുന്നു. ഗോൾ പോസ്റ്റിന്റെ മുകളിലെ ബാറിൽ തട്ടി പന്ത് വലയ്ക്കുള്ളിലാകുന്നത് നോക്കിനിൽക്കാൻ മാത്രമേ മുംബൈ ഗോളി വോൾപറ്റോവിന് കഴിഞ്ഞുള്ളൂ. ഇതോടെ ആദ്യപകുതിക്ക് കളി നിറുത്തുമ്പോൾ സീക്കോയുടെ ഗോവ ഏകപക്ഷീയമായ ഒരു ഗോളിന് മുൻപിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോവൻ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ആദ്യം സെസറും റോബിൻ സിങും ചേർന്ന് നടത്തിയ ആക്രമണം ഫലവത്തായില്ലെങ്കിലും 49-ആം മിനുറ്റിൽ സെസർ തൊടുത്ത ഫ്രീകിക്ക് മുംബൈ ബോക്‌സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന രാജു ഗെയ്ക്ക് വാദിന്റെ കാലുകളിൽ കിട്ടിയെങ്കിലും ഗോളാക്കി മാറ്റാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞില്ല. പിന്നീട് ഇരുടീമുകളും ആക്രമണ - പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും മുംബൈയുടെ ആദ്യ ജയത്തിന് തടയിടാൻ ആതിഥേയരായ മുംബൈക്ക് കഴിഞ്ഞില്ല. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ ടൂർണമെന്റിലെ ആദ്യജയം നേടി.

Read More >>