ഐഎസ്എല്‍: നാലാം കളിയിൽ ഗോവ തോറ്റില്ല, കൊൽക്കത്തയ്‌ക്കെതിരെ സമനില നേടി പോയിന്റ് പട്ടികയിൽ

ശക്തരായ കൊൽക്കത്തയോട് 1-1 എന്ന നിലയിൽ സമനില പാലിച്ച് പുതിയ സീസനിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഗോവ ഇടം നേടി

ഐഎസ്എല്‍: നാലാം കളിയിൽ ഗോവ തോറ്റില്ല, കൊൽക്കത്തയ്‌ക്കെതിരെ സമനില നേടി പോയിന്റ് പട്ടികയിൽ

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പതിപ്പിൽ നിർഭാഗ്യം കൊണ്ടു മാത്രം   റണ്ണറപ്പുകളാകേണ്ടി വന്ന എഫ്.സി ഗോവയുടെ പുതിയ സീസനിലെ തോൽവികൾക്ക് വിട

കൊൽക്കത്തയിലെ രബീന്ദ്ര സരോവൻ സ്‌റ്റേഡിയത്തിൽ ശക്തരായ കൊൽക്കത്തയോട്   1-1 എന്ന നിലയിൽ സമനില പാലിച്ച് പുതിയ സീസനിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഗോവ ഇടം നേടി.
സ്വന്തം തട്ടകത്തിൽ കൊൽക്കത്ത ആറാം മിനുറ്റിൽ തന്നെ സമീഹ് ദൗത്തിയിലൂടെ ഒരു ഗോളിന്   മുന്നിലെത്തിയെങ്കിലും 77-ആം മിനുറ്റിൽ കിട്ടിയ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ഗോവയ്ക്ക് വേണ്ടി ജോഫ്രി സമനില ഗോൾ കണ്ടെത്തി.


അത്യന്തം നാടകീയത നിറഞ്ഞ കളിയിൽ ഇരു ടീമുകളും ഒടുവിൽ പത്തുപേരുമായാണ് കളി
അവസാനിപ്പിച്ചത്. അത്‌ലറ്റികോയുടെ സ്റ്റീഫൻ പിയേഴ്‌സൺ 52-ആം മിനുറ്റിൽ ട്രിനിഡേഡിനെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് കണ്ടപ്പോൾ 60-ആം മിനുറ്റിൽ ഗോവയുടെ സഞ്ജയ് ബാൽമുച്ചു രണ്ടാം മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് കളത്തിന് പുറത്തുപോയി.

മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളോടെയായിരുന്നു ജോസ് മോളിന കൊൽക്കത്തയെ കളത്തിലിറക്കിയത്. സെൻട്രൽ ഡിഫൻഡർ ടിരിക്ക് പകരം ഹെന്റിക് സെറീനോയും ജുവാൻ ബെലൻകോസോയ്ക്ക് പകരം അബിനാശ് റൂയിൻദാസും, ബിക്രംജിത്ത് സിങിന് പകരം സ്റ്റീഫൻ പിയേഴ്‌സനെയും കോച്ച് മോളിന കളത്തിലിറക്കി.

ഇതേസമയം ഒരുപിടി മാറ്റങ്ങളുമായാണ് ബ്രസീലിയൻ കോച്ച് സീക്കോ ഗോവയെ മൈതാനത്ത് അവതരിപ്പിച്ചത്. ഗോവൻ ഡിഫൻഡർ രാജു ഗെയ്ക് വാദിന്റെ പിഴവിൽ നിന്നാണ് അത്‌ലറ്റികോ ഡി കൊൽക്കത്ത ആദ്യ ഗോൾ നേടിയത്. ഗെയ്ക് വാദ് ഹ്യൂമിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കിട്ടിയ ഫ്രീകിക്ക് ജാവിലാറയാണ് എടുത്തത്. ഫ്രീകിക്ക് ഹ്യൂം തലകൊണ്ട് കുത്തി ഗോളാക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഗെയ്ക് വാദിന്റെ കാലിൽ വീണ്ടും പന്ത് എത്തി. ഇത് ക്ലിയർ ചെയ്യുന്നതിനിടെ ബോക്‌സിൽ വലതുവശത്തുണ്ടായിരുന്ന ദൗത്തിയുടെ കാലുകളിലേക്ക്. അത്യുഗ്രൻ വോളിയിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചപ്പോൾ ഗോളി സുഭാശിഷ് റോയ് ചൗധരിക്ക് അത്
കൈയെത്തിപ്പിടിക്കുന്നതിലും അകലെയായിരുന്നു. അങ്ങനെ ആറാം മിനുറ്റിൽ തന്നെ ആതിഥേയരായ കൊൽക്കത്ത മുന്നിൽ.

പിന്നീട് 75-ആം മിനുറ്റിൽ ജോഫ്രി എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനിടെ ബോക്‌സിൽ വച്ച് ബോർജയുടെ കൈയിൽ പന്ത് തട്ടിയതിനാണ് ഗോവയ്ക്ക് പെനാൽറ്റി വീണുകിട്ടിയത്. സ്‌പോട്ട് കിക്ക് കൃത്യമായി വലയ്ക്കുള്ളിലെത്തിച്ചതോടെ സീക്കോയുടെ ഗോവയ്ക്ക് ഈ സീസനിലെ ആദ്യ
പോയിന്റിനുള്ള വഴിയായി. ഇടവേളകളില്ലാതെ ആക്രമണ പ്രത്യാക്രമണം നടന്ന കളിക്കൊടുവിൽ 1-1 എന്ന നിലയിൽ സമനില.

ഇന്നത്തെ മത്സരം

പൂനെയിലെ ശ്രീ ഛത്രപതി ശിവജി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ എഫ്.സി. പുനെ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഏറ്റുമുട്ടും.

Read More >>