സമനില തെറ്റാതെ ഡൽഹി - പൂണെ മത്സരം, ഇന്ന് നോർത്ത് ഈസ്റ്റും കൊൽക്കത്തയും ഏറ്റുമുട്ടും

ഡൽഹിയുടെ നാലാമത്തെ സമനിലയാണ് പൂണെയ്‌ക്കൊപ്പം വ്യാഴാഴ്ച പിറന്നത്. ഹോം ഗ്രൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഡൽഹി സമനിലയിൽ കുടുങ്ങിയെന്ന ദൗർഭാഗ്യവും അവരെ വേട്ടയാടുന്നു

സമനില തെറ്റാതെ ഡൽഹി - പൂണെ മത്സരം, ഇന്ന് നോർത്ത് ഈസ്റ്റും കൊൽക്കത്തയും ഏറ്റുമുട്ടും

ഡൽഹി: വിജയം തേടിയിറങ്ങിയ ഡൽഹി ഡയനാമോസും പൂണെയും വീണ്ടും സമനിലക്കുരുക്കിൽ. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ആതിഥേയരായ ഡൽഹിയാണ് ആക്രമിച്ച് കളിച്ചതെങ്കിലും ഇടവേളയ്ക്ക് കളിനിറുത്താൻ മിനിറ്റുകൾ ശേഷിക്കെയുള്ള ഇൻജ്വറി ടൈമിൽ ഗോളടിച്ച് പൂണെ ലീഡ് നേടി. ടാറ്റോയായിരുന്നു അതിഥികളെ ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ 79-ആം മിനുറ്റിൽ മിലാൻ സിങ് ഗോൾ മടക്കി ആതിഥേയർക്ക് സമനില സമ്മാനിച്ചെങ്കിലും ഓരോ പോയിന്റ് വീതം പങ്കിട്ട ഡൽഹിയും പൂണെയും പട്ടികയിൽ ആറും ഏഴും സ്ഥാനത്ത് തന്നെ തുടരുകയാണ്.


ഡൽഹിയുടെ നാലാമത്തെ സമനിലയാണ് പൂണെയ്‌ക്കൊപ്പം വ്യാഴാഴ്ച പിറന്നത്. ഹോം ഗ്രൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഡൽഹി സമനിലയിൽ കുടുങ്ങിയെന്ന ദൗർഭാഗ്യവും അവരെ വേട്ടയാടുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡൽഹി ആക്രമിച്ചു കയറി. ഫ്‌ളോറെന്റ് മലൂദ മാഴ്‌സലീഞ്ഞോയ്ക്ക് കൈമാറിയ പന്ത് ആഡിക്ക് നൽകി. അദ്ദേഹം ഗോൾമുഖത്തേക്ക് തൊടുത്ത പന്ത് നേരിയ വ്യത്യാസത്തിലാണ് ഒഴിഞ്ഞുപോയത്. തൊട്ടടുത്ത നിമിഷം റുപെർട്ട് നോൺഗ്രം ഒരു മുന്നേറ്റം നടത്തിയെങ്കിലും ഫലവത്തായില്ല. ഏതാനും മിനുറ്റുകൾക്ക് ശേഷം റൂബെൻ റോച്ചയെ പെനാൽറ്റി ബോക്‌സിനുള്ളിൽ വച്ച് പൂണെ താരങ്ങൾ ഫൗൾ ചെയ്തതിന് പെനാൽറ്റിക്കായി അവകാശവാദം ഉന്നയിച്ചെങ്കിലും റഫറി അനുവദിക്കാതെ കളി തുടർന്നു.

ഇന്ത്യൻ പ്രതിരോധ താരങ്ങൾ അണിനിരന്ന പൂണെയുടെ ബാക്ക്‌ലൈനിനെ ഡൽഹി പരീക്ഷിച്ചുകൊണ്ടേയിരുന്നു. പൂണെ ഗോളി എഡലും അതീവശ്രദ്ധയോടെ വലകാത്തു. ഇടവേളയ്ക്ക് കളി നിറുത്തുന്നതിന് തൊട്ടുമുൻപായിരുന്നു ഡൽഹിയുടെ ആരാധകരെ നിരാശയിലാഴ്ത്തിയ ടാറ്റോയുടെ ഗോൾ പിറന്നത്. പൂണെ പ്രതിരോധതാരം രാഹുൽ ഭേകെ വലതുവിങ്ങിലൂടെ കൊണ്ടുവന്ന പന്ത് പോസ്റ്റിന് മുൻപിൽ നിന്ന ടാറ്റോയ്ക്ക് ലക്ഷ്യമിട്ട് പായിച്ചു. സൗവിക് ചക്രവർത്തിയെ മറികടന്ന് ടാറ്റോ തൊടുത്ത ഹെഡർ ഡൽഹി ഗോളി സൊറാം അംഗൻബായ്ക്ക് തടുക്കാവുന്നതിലും അപ്പുറത്തായിരുന്നു. അനസ് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച് ഓടിയെത്തിയെങ്കിലും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പൂണെയാണ് മുന്നിട്ട് നിന്നതെങ്കിലും പൂണെയുടെ ഗോളി എഡലും പ്രതിരോധതാരങ്ങളും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പിഴവുകളെ തുടർന്ന് ചില അവസരങ്ങൾ ഡൽഹിക്ക് തുറന്നുകിട്ടി. എന്നാൽ ഡൽഹിയുടെ ബ്രസീലിയൻ താരം മാഴ്‌സലീഞ്ഞോയ്ക്കും മറ്റും ഇത് മുതലെടുക്കാനായില്ല. പിന്നീട് 79ാം മിനിറ്റിലാണ് ആതിഥേയർക്ക് സമനില ഗോൾ കണ്ടെത്താനായത്. ബോക്‌സിന് തൊട്ടുപുറത്ത് വലത്ത് നിന്നും മാഴ്‌സലീഞ്ഞോ എടുത്ത ഫ്രീകിക്ക് മിലാൻ സിങ് പൂണെ പ്രതിരോധനിരയ്ക്കുള്ളിലൂടെ പായിച്ചാണ് വല ചലിപ്പിച്ചത്. ഇതോടെ കളി സമനിലയിലായി.

ഇന്നത്തെ മത്സരം

നോർത്ത് ഈസ്റ്റ് യുണൈറ്റഡും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരം. ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് കളി. ആറു കളികളിൽ നിന്നും 10 പോയിന്റുമായി നോർത്ത് പട്ടികയിൽ രണ്ടാമതും ആറു കളികളിൽ നിന്നും ഒമ്പത് പോയിന്റുള്ള കൊൽക്കത്ത മൂന്നാം സ്ഥാനത്തുമാണ്.

Read More >>