ഗോൾ മഴ പെയ്ത ഡൽഹി - മുംബൈ മത്സരം ഒടുവിൽ സമനിലയിൽ

ആറു ഗോളുകൾ പിറന്ന മത്സരം ഒടുവിൽ 3 - 3 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു.

ഗോൾ മഴ പെയ്ത ഡൽഹി - മുംബൈ മത്സരം ഒടുവിൽ സമനിലയിൽ

ഡൽഹി: മൂന്നാം ഐ.എസ്.എൽ സീസനിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും അധികം
ഗോൾ പിറന്ന മത്സരം.ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആതിഥേയരായ ഡൽഹി ഡയനാമോസും മുംബൈ എഫ് സിയും ഏറ്റമുട്ടിയപ്പോൾ കാണികൾ സാക്ഷിയായത് ഈ
കാഴ്ചയ്ക്കായിരുന്നു. ആറു ഗോളുകൾ പിറന്ന മത്സരം ഒടുവിൽ 3 - 3 എന്ന നിലയിൽ
സമനിലയിൽ കലാശിച്ചു.

ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു മുംബൈ സിറ്റി. പിന്നീട് രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി അതിഥികൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ മൂന്നു ഗോളുകളും  മടക്കി ഇറ്റാലിയൻ കോച്ച് സംബ്രോട്ടയുടെ ശിക്ഷണത്തിലുള്ള ഡൽഹിയുടെ താരങ്ങൾ ഹോം ഗ്രൗണ്ടിൽ കരുത്തുകാട്ടി.


ആദ്യ പകുതിയിൽ ഡൽഹിയായിരുന്നു കളി നിയന്ത്രിച്ചതെങ്കിലും 33-ആം മിനുറ്റിലും 38-ആം മിനുറ്റിലും ആതിഥേയരുടെ വല കുലുക്കി മുംബൈ താരം ക്രിസ്റ്റ്യൻ വഡോക്‌സ് ഡൽഹിയെ ഞെട്ടിച്ചു. 33-ആം മിനുറ്റിൽ ലിയോ കോസ്റ്റ ഡിഫൻഡർമാർക്കിടയിലൂടെ മുന്നേറി വഡോക്‌സിന് നൽകിയ പന്ത് പിഴവുകളില്ലാതെ വലയിലാക്കുകയായിരുന്നു. പിന്നീട് അഞ്ചു മിനുറ്റിനകം മുംബൈയുടെ രണ്ടാം ഗോളും പിറന്നു. സോണി നോർദേ എടുത്ത ഫ്രീകിക്ക് റീബൗണ്ട് ചെയ്ത്
വഡോക്‌സിന്റെ കാലിൽ തന്നെയെത്തി. ഈ പന്തും വഡോക്‌സ് വലയ്ക്കുള്ളിലാക്കിയതോടെ കളിയിൽ മികച്ചു നിന്ന ഡൽഹിയുടെ ആരാധകർ നിരാശരായി. പിന്നീട് രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഒരുങ്ങിയായിരുന്നു ഡൽഹി ഇറങ്ങിയത്.

കളി പുനരാരംഭിച്ച് ആറാം മിനുറ്റിൽ ഇതിന് ഫലം കണ്ടു. മലൂദയും മാഴ്‌സലീഞ്ഞോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് റിച്ചാർഡ് ഗാഡ്‌സെയുടെ കാലുകളിലേക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗാഡ്‌സെ പന്ത് പോസ്റ്റിലാക്കിയതോടെ മത്സരം 2-1. എന്നാൽ തിരിച്ചടിക്കാനുറച്ച് ഡൽഹി മുന്നോട്ടു പോകവേ സോണി നോർദേ 69-ആം മിനുറ്റിൽ വീണ്ടും ആതിഥേയരുടെ വല കുലുക്കി. ആൽവ്‌സ് ബോക്‌സിനുള്ളിൽ വച്ച് നൽകിയ പന്ത് ചിപ്പ് ചെയ്തായിരുന്നു നോർദേയുടെ ഗോൾ. ഇതോടെ വീണ്ടും മുംബൈക്ക് രണ്ടു ഗോളുകളുടെ ലീഡ്. സ്‌കോർ 3-1.

പിന്നീടായിരുന്നു അത്യാവേശത്തോടെ ഉണർന്നുകളിക്കുന്ന ആതിഥേയരെ കണ്ടത്. 76-ആം മിനുറ്റിലും 82-ആം മിനുറ്റിലും തിരിച്ചടിച്ച് ഡൽഹി കൈവിട്ടുപോകുമെന്ന തോന്നിച്ച മത്സരം സമനിലയിലെത്തിച്ചു. ഡൽഹിയുടെ ഹാഫിൽ നിന്നും പന്ത് എതിർ പോസ്റ്റിൽ എത്തിച്ചായിരുന്നു 76-ആം മിനുറ്റിൽ ബദാരബാജി ഗോൾ നേടിയത്. കളി അവസാനിക്കാൻ എട്ടുമിനുറ്റ് ശേഷിക്കെ ആതിഥേയർക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി കിക്ക് മാഴ്‌സലീഞ്ഞോ കൃത്യമായി വലയ്ക്കുള്ളിലെത്തിച്ചതോടെ കളി സമനിലയിൽ.

ഗാഡ്‌സെയെ പെനാൽറ്റി ബോക്‌സിൽ വച്ച് ഫൗൾ ചെയ്തതിനായിരുന്നു മലയാളി റഫറി സന്തോഷ് കുമാർ സ്‌പോട്ട് കിക്ക് വിധിച്ചത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാനം പരുക്കൻ കളിക്കും ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷിയായി. ഇരുഭാഗത്തുമായി ആറു മഞ്ഞക്കാർഡുകളാണ് പിറന്നത്. എട്ടു പോയിന്റുകളോടെ മുംബൈ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പത്തു പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ ആറു
പോയിന്റുള്ള ഡൽഹി മൂന്നാം സ്ഥാനത്തുമുണ്ട്.

Read More >>