'അൻസാറുൽ ഖിലാഫ'യുടെ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യാതെ എൻഐഎ; ഈ പേജുപയോഗിച്ച് വർഗീയ പ്രചാരണം നടത്തുന്നത് സംഘപരിവാർ

എൻഐഎ പോലുള്ള ദേശീയ ഏജൻസിക്ക് നിമിഷങ്ങൾ കൊണ്ടുതന്നെ ഇത്തരം പേജുകൾ പൂട്ടിക്കാൻ സാധിക്കുമെന്നിരിക്കെ പേജുകൾ ഇപ്പോഴും സജീവമായി തുടരുന്നത് ദുരൂഹമാണ്.

കനകമലയിൽ അറസ്റ്റിലായവർ ആശയ പ്രചാരണത്തിനുപയോഗിച്ചു എന്നാരോപിക്കപ്പെടുന്ന അൻസാറുൽ ഖിലാഫയുടെ ഫേസ് ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും സജീവം. ഭീകരത പടർത്താനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുന്ന സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉടനടി നീക്കം ചെയ്യുകയാണ് ലോകമെങ്ങുമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യപടി. എന്നാൽ അൻസാറുൽ ഖിലാഫയുടെ പേജുകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ പ്രചരിക്കുമ്പോഴും ഈ പേജുകൾ ഔദ്യോഗികമായി നീക്കം ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ഈ പേജുകളും അവയുടെ പോസ്റ്റുകളും വിവിധ സംഘപരിവാർ ഗ്രൂപ്പുകളിൽ കടുത്ത അന്യമത വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപാധികളാവുകയും ചെയ്യുന്നു.


എൻഐഎ പോലുള്ള ദേശീയ ഏജൻസിക്ക് നിമിഷങ്ങൾ കൊണ്ടുതന്നെ ഇത്തരം പേജുകൾ പൂട്ടിക്കാൻ സാധിക്കുമെന്നിരിക്കെ പേജുകൾ ഇപ്പോഴും സജീവമായി തുടരുന്നത് ദുരൂഹമാണ്.

അറസ്റ്റിലായവർ ഉപയോഗിച്ചിരുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന 'അസ്ഹാബുൽ ഹഖ്' എന്ന പേജ് നോക്കുക. 'അൻസാറുൽ ഖിലാഫ കേരളം' എന്ന പേര് മിക്ക പോസ്റ്റുകളിലും ഉപയോഗിച്ചിട്ടുണ്ട്.
അൻസാറുൽ ഖിലാഫയുടെ വീഡിയോ
എന്നപേരിൽ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത വീഡിയോയും ഈ പേജിൽ നിന്ന് എടുത്തത് തന്നെ. ഒക്ടോബർ രണ്ടാം തീയതി മുതൽ ഈ പേജിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടും ഈ പേജ് ഇനിയും നീക്കം ചെയ്യപ്പെട്ടിട്ടില്ല.

pic-1

ഐഎസ് ബന്ധമുണ്ടെന്ന് മുൻപ് ആരോപണമുയർന്ന മലയാളികളുടെ ദുരൂഹ തിരോധാനം മുതൽ കനകമല സംഭവം വരെ ഇത്തരത്തിൽ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ടെങ്കിലും 'അസ്ഹാബുൽ ഹഖ്' പോലെ തീവ്രവും അപകടകരവുമായ ആശയങ്ങൾ നിറഞ്ഞ പേജ് മറ്റൊന്നില്ല. ഖുർആൻ വാചകങ്ങൾ അടക്കം ഉദ്ധരിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ആകർഷിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇതുവരെ ലോകമെമ്പാടും കണ്ടെത്തിയിട്ടുള്ള ഐഎസ് അനുകൂല പേജുകളുടെ സ്വഭാവം.

pic-2

ഐഎസ് അധീനതയിലുള്ള പ്രദേശങ്ങളുടെ പ്രത്യേകതകളും വാഗ്ദാനങ്ങളും നൽകുന്ന ഫെയ്‌സ്ബുക്ക്/ട്വിറ്റർ അക്കൗണ്ടുകളും മുൻപ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ
'അസ്ഹാബുൽ ഹഖ്'ൽ അൻസാറുൽ ഖിലാഫയുടെ പേരിൽ അമുസ്ലീങ്ങളെ കൊല്ലാനും ജനാധിപത്യവാദികളെയും സെക്യുലറിസ്റ്റുകളെയും ആക്രമിക്കാനുമൊക്കെ പരസ്യമായ ആഹ്വാനങ്ങളാണ് ഈ പേജിൽ ഉള്ളത്
. ദളിതരെയും സസ്യാഹാരം മാത്രം കഴിക്കുന്നവരേയും എല്ലാം പോസ്റ്റുകളിൽ കടന്നാക്രമിക്കുന്നുണ്ട്.

ഈ പേജ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കു നേരെ ഇസ്‌ലാമിക് സ്റ്റേറ്റ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും 'ഇസ്‌ലാം ഭീകരതയ്ക്കെതിരെ' ഭാരതീയർ ഒന്നിച്ച് നിൽക്കണമെന്നും സംഘപരിവാർ പ്രചാരണം നടത്തുന്നത്. ഈ പേജ് നിലനിൽക്കുന്നതിന്റെ ഗുണഭോക്താക്കൾ സംഘപരിവാർ മാത്രമാണെന്നു ചുരുക്കം.

പേജ് കൈകാര്യം ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവർ അറസ്റ്റിലായിട്ടും, പേജിലെ ഉള്ളടക്കം ദേശസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുപോലും ഈ പേജ് നീക്കം ചെയ്യാൻ സുരക്ഷാ ഏജൻസികൾ ഇടപെടാത്തതു ദുരൂഹമാണ്. ഇന്ത്യയിൽ ഇസ്ലാമോഫോബിയ പടർത്താനും മുസ്ലിങ്ങളിൽ ചിലരെയെങ്കിലും തീവ്രവാദ വഴിയിലേക്ക് നയിക്കാനോ ഈ പേജിലെ ഉള്ളടക്കത്തിനു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

Read More >>