ഇന്ത്യൻ മുജാഹിദ്ദീൻ പഴങ്കഥ; വിപണി ഐസിസ് കഥകൾക്ക്

ഇപ്പോൾ മുസ്ലിം ഭീകരൻ കഥകൾക്ക് മാർക്കറ്റ് അത്ര പോര എന്നാണ് എന്നിക്കു തോന്നുത്, പുതിയ ടാഗ് ലൈൻ വന്നു; ISIS! അതിനാണ് ഇപ്പോൾ 'നല്ല മാർക്കറ്റ്'. അയാൾ ഐസിസ് അനുഭാവിയാണ്, അല്ലെങ്കിൽ അവരെ ഗൾഫിൽ പോകാൻ സഹായിച്ചു, അവർക്കു ഫോൺ ചെയ്തു, അവർക്ക് സന്ദേശം കൈമാറി... ഇങ്ങനെ പോകുന്നു കഥകൾ...

ഇന്ത്യൻ മുജാഹിദ്ദീൻ പഴങ്കഥ; വിപണി ഐസിസ് കഥകൾക്ക്

ആ വൈകുന്നേരത്തിന്റെ ഓർമ്മ എന്നും ഉള്ളു നീറ്റുന്ന ഒരു കനലാണ്.  കത്തിവെയ്ക്കാനൊത്തു കിട്ടിയത് ഹരിയാനയിലെ ഒരു മുൻ ഡിജിപിയെ. സാധാരണക്കാരനായ ഒരു ഇന്ത്യൻ മുസ്ലിമിനെ കൊടുംഭീകരനാക്കാൻ ഇന്ത്യയിലൊരു പ്രയാസവുമില്ലെന്ന് ഉദാഹരണസഹിതം ബോധ്യമായ ദിവസം.   മാർഗങ്ങളും അദ്ദേഹം വിവരിച്ചു. ആൾ പുലിയാണ്. വളരെക്കാലം ഇന്റലിജൻസ് ബ്യുറോയിലെ സീനിയർ തസ്തികയിൽ ഇരുന്ന ആൾ. അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല. പോരെങ്കിൽ പലവിധ ഓപ്പറേഷനുകളിലും പങ്കാളിയാണെന്ന വിവരം മറ്റു വഴിക്കും അറിയാം.


മദ്ധ്യപ്രദേശിലെ ഒരു കുടുംബത്തിന്റെ കഥയാണ് അദ്ദേഹം ഒരുതുള്ളി വെള്ളം ചേർക്കാതെ എന്റെ ചോരയുടെ ഭാഗമാക്കിയത്. അവർ കാറിൽ ഒരു യാത്ര പോവുകയായിരുന്നു.  യാത്രാമധ്യേ കാർ സ്‌കൂട്ടറുമായി ഉരസി. യാത്ര ചെയ്യുന്ന ആർക്കുമുണ്ടാകാവുന്ന ഒരു സ്വാഭാവികാനുഭവം. വാക്കുതർക്കം അടിപിടിയിലെത്തി. കാർ യാത്രക്കാരിലാരോ സ്‌കൂട്ടറുകാരന്റെ തലയ്ക്കടിച്ചു. അയാൾ ബോധംകെട്ടുവീണു. സ്‌കൂട്ടറുകാരൻ അത്യാവശ്യം പിടിപാടുള്ള ലോക്കൽ മഹാൻ. പോരെ പൂരം. സാദാകേസായി രജിസ്റ്റർ ചെയ്ത സംഭവം പിന്നീട് കൊലപാതകശ്രമമായി.  അവസാനം കാറിൽ യാത്ര ചെയ്തിരുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ തീവ്രവാദികളായി.

ഈ മറിമായത്തിന്റെ റൂട്ട്മാപ്പാണ് മനഃപാഠമാക്കേണ്ടത്. കുടുംബത്തിലാരോ ഒരാൾ എപ്പോഴോ ഒരു തീവ്രവാദക്കേസിൽ പ്രതിയായിട്ടുണ്ട്. അതിനും മുമ്പ് അയാൾ ഇവരുടെ വീട്ടിൽ ഒരുവിവാഹത്തിനു പങ്കെടുത്തിട്ടുണ്ട്. അതുംപോരാഞ്ഞ് താവഴിയിൽ നിന്നൊരുത്തൻ ബാബറിമസ്ജിദ് -അയോധ്യ കലാപത്തിൽ മരണപ്പെടുകയും ചെയ്തു. ഇതു മതി ഒരു കുടുംബത്തെയൊന്നാകെ  തീവ്രവാദികളാക്കാൻ. പത്തുവയസുകാരൻ മുതൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി വരെ എല്ലാവരും ഇന്ത്യയിൽ ഏതോ ആക്രമണം ആസൂത്രണം ചെയ്ത ഭീകരവാദികൾ. സ്വാഭാവികമായും അവരെ മുൻകരുതലെന്നപേരിൽ അറസ്റ്റു ചെയ്തേ മതിയാകൂ.

ഹിന്ദി പത്രങ്ങൾ വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യുറോയെ സംസ്ഥാന പോലീസ് കാര്യങ്ങൾ ധരിപ്പിച്ചു. 'കൊടും ഭീകരർ ഏഴുപേരെ അറസ്റ്റ് ചെയ്തു',  കേന്ദ്ര ഏജൻസി അവരെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യൽ, അവരുടെ എല്ലാ ഫോൺ നമ്പറുകളും വിളിച്ചതും വിളിക്കാത്തതും തെരഞ്ഞു പിടിച്ചു, വിശദമായ അവലോകനം...

അവസാനം അവർ കണ്ടെത്തി. നിഗമനം "ഇൻഡോറിൽ 'സ്ലോട്ടർ ഹൌസ്' നടത്തുന്ന ജഹാംഗീറും കുടുംബവും നിരപരാധികൾ." നിരപരാധികളെല്ലാം വിട്ടയയ്ക്കപ്പെട്ടു. 23 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഈ നിരപരാധികൾ പുറംലോകം കണ്ടു.

നല്ലരീതിയിൽ കുടുംബം പുലർത്തിയിരുന്ന ആളാണ് ജഹാംഗീർ. അപമാനം സഹിക്കാതെ അയാൾ ആത്മഹത്യ ചെയ്തു. ജന്മനാട്ടിൽ നിന്ന് ആ കുടുംബം പലായനം ചെയ്തു.

ഇതുപോലെ ആയിരക്കണക്കിന് കേസുകളുണ്ട് നമ്മുടെ നാട്ടിൽ. ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന ഒരു മുസ്ലിമിന്റെ കഴുത്തിൽ പാകിസ്താനിയെന്നോ ഭീകരനെന്നോ ഒരു ചാപ്പ കുത്താൻ എത്ര എളുപ്പം.

എന്റെ കൗമാരകാലം.  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റുകളി അന്നും യുദ്ധമാണ്. എനിക്കിഷ്ടമുളള മിക്ക കളിക്കാരും പാകിസ്താനികളായിരുന്നു.  ഇമ്രാൻ ഖാൻ, സാഹിർ അബ്ബാസ്, അബ്ദുൽ ഖാദിർ, വസിം അക്രം, വഖാർ യൂനിസ്, യൂസഫ് യോഹനാ, അക്വിബ് ജാവിദ്, അങ്ങനെ പോകുന്നു അവർ.  ജാവേദ് മിയാൻദാദിനെയായിരുന്നു ഏറെയിഷ്ടം. തോൽക്കാൻ മനസില്ലാത്ത ആക്രമണവീര്യം. അതായിരുന്നു അവരുടെ USP.

എന്റെ വിവാഹ ശേഷമാണ് വീട്ടിൽ ടെലിവിഷൻ സെറ്റ് വരുന്നത്. അതിനു മുൻപ് സുഹൃത്തുക്കളുടെ വീട്ടിൽ ഒരു വലിയ കൂട്ടമായിട്ടാണ്, മത്സരങ്ങൾ ആസ്വദിച്ചിരുന്നത്. അതൊരു കാലമായിരുന്നു. നാൽക്കവലയിലും റോഡു വക്കിലുമൊക്കെ ഓരോ ബോളും ഇഴകീറി അതിഗംഭീര മത്സര വിശകലനങ്ങൾ.  ആ ഷോട്ട് അങ്ങനെ അടിച്ചിരുന്നെങ്കിൽ, മറ്റേ ബോൾ ഇങ്ങനെ എറിഞ്ഞിരുന്നെങ്കിൽ... അങ്ങനെ നീളുന്ന വാചകക്കസർത്തുകൾ.

പാക് അനുകൂലികളായ ചില മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നു. കളിയിൽ ഇന്ത്യ തോറ്റാൽ അവരായിരുന്നു ഇരകൾ. ഇന്ത്യ അങ്ങനെ പരാജയപ്പെട്ടു എന്നല്ല പ്രശ്നം. ചർച്ച ഇന്ത്യയും പാകിസ്താനും തമ്മിലുളള യുദ്ധത്തെക്കുറിച്ചാവാൻ പിന്നെ ഏറെ നേരം വേണ്ട.

പക്ഷെ എന്നെപ്പോലുള്ളവർ  പാകിസ്താനെ പിന്തുണച്ചാൽ  പ്രശ്‌നമില്ല, കാരണം ഞാനൊക്കെ ക്രിസ്ത്യാനി ആണല്ലോ... ഹിന്ദുവിനും നായർക്കും ഈഴവനുമൊക്കെ പാകിസ്താനിയെ പിന്തുണയ്ക്കാം. പക്ഷേ, പക്ഷെ മുസ്ലിം സമുദായത്തിനു പാടില്ല, ഇതാണ് മനോഗതി.

ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ ഇഷ്ടതാരങ്ങളുണ്ട്. പക്ഷേ, അവരെ പിന്തുണയ്ക്കുന്നവരെ ആരും ക്രൈസ്തവ ഭീകരൻ എന്നു വിശേഷിപ്പിക്കില്ല.

മത്സരങ്ങൾ ഒരു കമ്യൂണിറ്റിയെ രണ്ടായി വിഭജിക്കുന്നു: രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും. ഒരു സർക്കാർ  ജീവനക്കാരൻ, കൈക്കൂലിപ്പാപി എന്നു ചുരുക്കിപ്പറയാം. ജനത്തിന് യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല, ആവോളം ദ്രോഹിക്കുകയും ചെയ്യും. അയാളും മത്സരത്തിൽ പിന്തുണയ്ക്കുന്നത് ഇന്ത്യയെ. ക്രിക്കറ്റുകളിയിൽ ഇന്ത്യയെ ജയിപ്പിക്കാൻ പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങയുടച്ച് രാജ്യസ്നേഹം തെളിയിക്കാൻ അയാൾക്കൊരു ബുദ്ധിമുട്ടുമില്ല.  ഇന്ത്യ തോറ്റാൽ, അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടും, കാരണം 'രാജ്യസ്‌നേഹം'.

തിരുവനന്തപുരം ജില്ലയിലുള്ള ഒരു കോഴിക്കച്ചവടക്കാരൻ, ഇന്ത്യയിലെ സൈനികർക്ക് എതിരായി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു എന്നു പ്രചാരണം നടക്കുന്നു. അത് സത്യമല്ല എന്നു പിന്നീടു വാർത്തവന്നു. വിയോജിക്കുവാനുള്ള അവസരം ജനാധിപത്യം നൽകുന്നുണ്ട്. എന്നാൽ ആ അവകാശത്തെ അബ്യൂസ് ചെയ്യുന്ന തരത്തിൽ ആരെങ്കിലും പെരുമാറുന്ന പക്ഷം അതിനോട് കടുത്ത എതിർപ്പു പ്രകടിപ്പിക്കേണ്ടിവരും. അതേ സമയം ഉറിയിലെ പ്രത്യാക്രമണത്തിന്റെ വാർത്ത പുറംലോകമറിയുന്നതിനും രണ്ടു മണിക്കൂർ മുമ്പ് പാകിസ്ഥാനെ ആക്രമിച്ച ഇന്ത്യൻ പട്ടാളത്തെ അപഹസിച്ചു ഷാഹുൽ പോസ്റ്റിട്ടു എന്നു വരുത്താൻ ഫോട്ടോസേവ നടത്തുകയും ഷാഹുലിനെ ദേശദ്രോഹി ആക്കാൻ ശ്രമിക്കുകയും ചെയ്തതിൽ അതിലും കടുത്ത വിയോജിപ്പ്. ഒരു മതന്യൂനപക്ഷത്തിന് എതിരെ കളിക്കുന്ന 'ദേശദ്രോഹ കളികൾ', അതിൽ ഒന്നും നോക്കാതെ പോലീസ് സെഡേഷൻ ചാർജുകൾ വെച്ച് FIR ഫയൽ ചെയുന്നു, പത്രങ്ങൾ റിപ്പോർട്ട് ചെയുന്നു.. 'രാജ്യദ്രോഹ കുറ്റം' കോഴി കച്ചടക്കാരൻ രാജ്യദ്രോഹിയായ കഥ...

ഇപ്പോൾ മുസ്ലിം ഭീകരൻ കഥകൾക്ക് മാർക്കറ്റ് അത്ര പോര എന്നാണ് എനിക്കു തോന്നുന്നത്, പുതിയ ടാഗ് ലൈൻ വന്നു; ISIS! അതിനാണ് ഇപ്പോൾ 'നല്ല മാർക്കറ്റ്'. അയാൾ ഐസിസ് അനുഭാവിയാണ്, അല്ലെങ്കിൽ അവരെ ഗൾഫിൽ പോകാൻ സഹായിച്ചു, അവർക്കു ഫോൺ ചെയ്തു, അവർക്ക് സന്ദേശം കൈമാറി... ഇങ്ങനെ പോകുന്നു കഥകൾ... ഗൾഫിൽ നിന്നു സന്ദർശക വിസ മാറാൻ ഇറാനിലെ കിഷ് ദ്വീപിൽ പോയിട്ടുവന്നതുപോലും വിദേശ തീവ്രവാദ ബന്ധത്തിനു തെളിവാണെന്ന് അച്ചുനിരത്തിയ പത്രങ്ങളാണ് ഇവിടെയുള്ളത്. ആടുമേയ്ക്കൽ കഥകൾക്ക് അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു പഞ്ഞവുമില്ല.

ഇനി ഒന്ന് ചോദിക്കട്ടെ? മുസ്ലീം ജനസംഖ്യയിൽ ഇന്തോനേഷ്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അങ്ങനെയുള്ള നമ്മുടെ ഭാരതത്തിൽ നിന്ന് ആകെ എത്രപേർ ഒഫീഷ്യൽ റെക്കോർഡ്സിൽ, കേന്ദ്ര സർക്കാർ രേഖയിൽ, ISISൽ ചേരാൻ പോയി ? എങ്ങനെ പെരുക്കിപ്പെറുക്കിയെടുത്താലും പരമാവധി പത്തുപേർ. മറ്റുള്ളതിലൊന്നും തെളിവ് ഇല്ല.

പകരം അമേരിക്ക, ഇംഗ്‌ളണ്ട് , ജർമനി , അങ്ങനെ പല രാഷ്ട്രങ്ങളിൽനിന്നും എത്ര പേർ പോയി? ഏകദേശം പത്തുമുതൽ പതിനഞ്ചു ശതമാനം വരെ വരും... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചാര കേസുകളിൽ പ്രതികളാരാണ്? എഴുപതു ശതമാനം ഇന്ത്യയിലെ ഹിന്ദുക്കൾ ബാക്കി മുപ്പതു എല്ലാവരും കൂടെ കൂട്ടി, അപ്പോൾ ആരാണ് രാജ്യദ്രോഹി....?

ഇന്ത്യയിലെ മുസ്ലിം സമുദായത്തെ മുഴുവൻ ചുട്ടെരിക്കണം, അല്ലെങ്കിൽ അവരെ അറബിക്കടലിൽ ഒഴുക്കണം, അല്ലെങ്കിൽ അവർ പാകിസ്ഥാനിൽ പോകൂ, എന്നു പറയുന്നത് രാജ്യദ്രോഹമല്ല! അത് രാജ്യസ്‌നേഹം... ഒടുക്കത്തെ രാജ്യസ്‌നേഹം! ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാവരും അവരുടെ അടിവസ്ത്രങ്ങൾ പ്രിന്റ് ചെയ്യണം 'ഭാരത് മാതാ കി ജയ്' തലയിൽ ഒട്ടിച്ചു വയ്ക്കണം 'incredible ഇന്ത്യ'

ഇവരോടൊക്കെ എന്തു പറയാനാണ് ?