ഐഎസിന്റെ വേദം മാത്രമല്ല; സലഫിസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഇസ്‌ലാഹി ധാരയിലേക്ക് അതിവേഗതയിൽ ചേക്കേറിയ സലഫി ആധിപത്യവും അതിനെ ചെറുക്കാനും പ്രതിരോധിക്കാനും നടത്തിയ ശ്രമങ്ങളും തമ്മിലുള്ള സംഘർഷങ്ങളായിരുന്നു പ്രസ്ഥാനത്തെ ആദ്യമായി നെടുകെ പിളർത്തിയ ഘടകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. സലഫികളായി അറിയപ്പെടുന്ന ജന വിഭാഗങ്ങളും പണ്ഡിതരും ഭരണകർത്താക്കളുമൊക്കെ ഐ എസിന്റെ മുഖ്യ ശത്രുതാ പട്ടികയിൽ ഉൾപ്പെട്ടവരാണ്. നവോത്ഥാനം, നവീകരണം എന്നീ ആശയങ്ങൾ ഒരിക്കലും ഇന്നത്തെ സലഫീ രീതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല. നവീകരണം, നവോത്ഥാനം, ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനം തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഏതെങ്കിലും പ്രസ്ഥാനങ്ങൾ സലഫി ബന്ധം അവകാശപ്പെടുന്നുവെങ്കിൽ രണ്ടിലൊന്ന് വ്യാജമാണ്. കേരള നദ്‌വത്തുൽ മുജാഹിദ്ദീനെ മുൻനിറുത്തി കേരളീയ പശ്ചാത്തലത്തിൽ സലഫിസത്തെ വായിച്ചെടുക്കുകയാണ് എം.എസ് ഷൈജു എഴുതുന്നു

ഐഎസിന്റെ വേദം മാത്രമല്ല; സലഫിസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

എം. എസ് ഷൈജു

സമകാലിക മുസ്‌ലിം പരിസരങ്ങളിൽ ഏറെ ചർച്ചകൾക്കു വഴിതുറന്നിട്ട ഒരു പദമാണു സലഫിസം.  ഐ എസ് എന്ന മത തീവ്രവാദ സംഘം ലോകത്തു ചർച്ചയായതിനു ശേഷമാണ് സലഫിസം എന്ന പദം ഇത്രയധികം ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറുന്നത്. ഐ എസിന്റെ മതവീക്ഷണമാണ് പുതിയ സാഹചര്യത്തിലെ ചർച്ചകളുടെ മർമ്മം.

പശ്ചിമേഷ്യ കേന്ദ്രീകരിച്ചും മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളെ ടാർഗറ്റ് ചെയ്തുമാണ് ഐഎസിന്റെ കിരാത പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ദുരൂഹതകളെ മാത്രം അവശേഷിപ്പിക്കുന്ന ഉദയവും വളർച്ചയുമാണ് ഐഎസിന്റേത്.  ഐഎസിനെ ചുറ്റിപ്പറ്റി പുറത്ത് വരുന്ന വാർത്തകൾ ബോധ്യപ്പെടുത്തുന്നത് തികഞ്ഞ അപകടകരവും പ്രതിലോമകരവുമായ ആശയങ്ങളുടെ ഉടമസ്ഥരാണ് ഇവരെന്നതാണ്. ഐഎസിന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നതും, ഐഎസിനാൽ പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നതും മുസ്‌ലിം വിഭാഗങ്ങളാണ് എന്ന രസകരമയ ഒരു വൈരുദ്ധ്യവും നിലനിൽക്കുന്നുണ്ട്.


ഐ എസ് പുലർത്തുന്ന ആശയങ്ങൾ സലഫി ആശയങ്ങളാണ് എന്ന ആരോപണങ്ങളെത്തുടർന്നാണ് സലഫിപരമായ ചർച്ചകൾക്ക് ആക്കം കൂടിയിട്ടുള്ളത്. ആഗോള തലത്തിൽ നിലനിൽക്കുന്ന മുസ്‌ലിം കക്ഷിത്വങ്ങൾ ഈയൊരു ചർച്ചയുടെ വേഗത വർദ്ധിപ്പിക്കുകയുംചെയ്തു.

ഐ എസിനോട് ചേർത്തു പറയുന്നതിനേക്കാൾ അസഹനീയമായതൊന്നും കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് ഉണ്ടാകില്ല. ഐഎസിനെതിരിലുള്ള കാമ്പയ്നുകൾക്കും പ്രചാരണങ്ങൾക്കും ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും ഇതിനകം രൂപം നൽകിക്കഴിഞ്ഞിട്ടുണ്ട്.

നിരവധി നൂറ്റാണ്ടുകളുടെ സങ്കലന ജീവിതത്തിന്റെ പാരമ്പര്യമുള്ളവരാണ് കേരള മുസ്‌ലിംകൾ. ഇസ്‌ലാം വിരുദ്ധ പ്രൊപ്പഗണ്ടകൾ തീവ്രമായ വർത്തമാന കാലത്തും കേരള മുസ്‌ലിംകളെ ഒട്ടൊക്കെ സുരക്ഷിതരാക്കുന്ന ഏറ്റവും വലിയ ഘടകം ഈ സങ്കലിത ജീവിതം തുറന്നു വച്ച അവരുടെ മതപാരമ്പര്യവും സമൂഹിക അസ്തിത്വവുമാണ്. ഇതിന് രണ്ടിനും സംഭവിക്കുന്ന ഏതൊരു പോറലും അവരുടെ വർത്തമാനത്തേയും ഭാവിയേയും അശുഭകരമയി ബാധിക്കുമെന്നതിൽ തർക്കമില്ല. ഈയൊരു പശ്ചാത്തലത്തിൽ, നമ്മുടെ സാമൂഹ്യബോധത്തിന്റെ പരിധിയിൽ സലഫിസമെന്ന ആശയധാരയെക്കുറിച്ച് ഒരു പൊതുധാരണ രൂപപ്പെടേണ്ടത് അത്യന്തം അനിവാര്യമായ ഒരു സംഗതിയാണ്.

സലഫി/ സലഫിസമെന്നത് ലോകത്തെ ഏതെങ്കിലുമൊരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ പേരല്ല. അങ്ങനെ മനസിലാക്കുന്നത് വസ്തുതകൾക്ക് തീരെ നിരക്കുന്നതല്ല. ലോകാടിസ്ഥാനത്തിൽ സുന്നിയെന്നും ശിയായെന്നും രണ്ടായി വേർപിരിഞ്ഞ് നിൽക്കുന്ന രണ്ട് ഇസ്‌ലാമിക ധാരകളിലൊന്നായ സുന്നി വിഭാഗത്തിനുള്ളിലെ പ്രബലമായൊരു വീക്ഷണ രീതിയാണിത്. ലോകാടിസ്ഥാനത്തിൽ ശീയാ വിഭാഗക്കാർ ഏറ്റവും കൂടുതൽ എതിർത്ത് പോരുന്നതും സുന്നികളിലെ സലഫി ധാരയിൽപ്പെട്ട കക്ഷികളെയാണ്. തിരിച്ചും അങ്ങനെ തന്നെ.

തീവ്രമായ പ്രമാണ പ്രതിബദ്ധത അവകാശപ്പെടുന്ന ഒരു ധാരയാണിതെങ്കിലും കൂടുതൽ സൂക്ഷ്മമായി അന്വേഷിച്ചാൽ മഴവിൽ നിറമുള്ള ഒരു ഷെൽറ്ററാണ് സലഫിസം എന്ന് പറയേണ്ടി വരും. നിയതമായ നിബന്ധനകളോ ഇനം തിരിച്ച കർമ പദ്ധതികളൊ ഇതിൽ കാണാനാകില്ല. ലോകത്തെ അറിയപ്പെടുന്ന പല ഇസ്‌ലാമിക സംഘങ്ങളും സ്വയം തങ്ങൾ സലഫികളാണെന്നും അല്ലെന്നുമൊക്കെ അവകാശപ്പെടുന്നുണ്ട്. മതത്തെ മനസിലാക്കുന്ന രീതി ശാസ്ത്രത്തേയും കൈക്കൊള്ളുന്ന നിലപാടുകളേയും വച്ച്  ഒരു സംഘത്തിന് സലഫി ധാരയോടുള്ള ആഭിമുഖ്യത്തിന്റെ തോതിനെ മനസിലാക്കാൻ ഒരു പരിധി വരെ സാധിക്കും. ഇസ്‌ലാമിന്റെ മൌലിക ചൈതന്യത്തിലേക്കുള്ള മടക്കത്തെയും ഇസ്‌ലാമിക ചരിത്രത്തിലെ സക്രിയമായ ഒരു ചിന്താ ധാരയേയും സൂചിപ്പിക്കുന്ന ‘സലഫ്’ എന്ന പദത്തിൽ നിന്നും ആശയത്തിൽ നിന്നുമാണ് പിന്നീട് സലഫിസം രൂപംകൊണ്ടിട്ടുള്ളത്.

‘സലഫി‘ൽ നിന്ന്  ‘സലഫിസ‘ത്തിലേക്കുള്ള  പരിണാമം അത്ര ലഘുവായതല്ല. കൂടുതൽ അന്വേഷണങ്ങളും വിശദീകരണങ്ങളും ആവശ്യമുള്ള ഒരു വിഷയമാണ് ഈ പരിണാമം. വിശദാംശങ്ങളിൽ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ലോകത്തെ എല്ലാ സലഫി പ്രസ്ഥാനങ്ങളും പൊതുവായി യോജിക്കുന്ന ചില ദൈവ ശാസ്ത്ര വിഷയങ്ങളുണ്ട്. ഈ വിഷയങ്ങളും മതത്തിൽ അവയ്ക്ക് വകവെച്ചു കൊടുക്കുന്ന പ്രാധാന്യവുമാണ് ലോകത്തെ വിവിധ സലഫി പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് നിർത്തുന്ന ഏക ഘടകം.

ഈയൊരു ധാരയ്ക്ക് നേത്യത്വം നൽകുന്നത് ഗൾഫ് മേഖലയിലെ ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക മത പണ്ഡിതരും പ്രസ്ഥാനങ്ങളുമാണ്. സൌദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മത വീക്ഷണം മുഖ്യധാരാ സലഫിസമാണ്. ഭൂമിശാസ്ത്രപരമോ, ഭാഷാപരമോ, സാംസ്കാരികമോ ആയ യാതൊരു മേൽക്കൈയും ഇസ്‌ലാം ആർക്കും വകവെച്ച്  നൽകിയിട്ടില്ലെങ്കിലും അറബ് ജനത ഇസ്‌ലാമിന്റെ ആദ്യ അഭിസംബോധിതർ എന്ന നിലയിൽ സ്വയം കല്പിച്ചെടുത്ത ചില പ്രിവില്യേജുകൾ ഇസ്‌ലാമിന്റെ പേരിൽ അനുഭവിച്ചു വരുന്നുണ്ട്. ഈ പ്രിവില്യേജുകൾക്ക് ഇസ്‌ലാമികമായി യാതൊരു സാധുതയും കാണാൻ കഴിയില്ലെങ്കിൽ പോലും വേദഭാഷ കൈകാര്യം ചെയ്യുന്ന ആളുകൾ എന്ന നിലയിലും പ്രവാചകന്റെ ആദ്യാനുയായികളുടെ പിൻ‌മുറക്കാർ എന്ന നിലയിലും അറബ് ജനതയ്ക്ക് മതത്തിൽ ഒരു മേൽക്കൈ അനുവദിച്ച് നൽകുന്നതിൽ ലോകത്തെ ഇതര മുസ്‌ലിംകൾ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നില്ല. ഈയൊരു അപ്രമാദിത്വത്തിന്റെ എല്ലാ പരിലാളനങ്ങളും ഗൾഫ് മേഖലയിലെ സലഫി പണ്ഡിതന്മാരും വിവിധ പ്രസ്ഥാനങ്ങളും അനുഭവിച്ച് വരുന്നുണ്ട്.

മുഖ്യധാരാ സലഫിസത്തോടുള്ള തങ്ങളുടെ വിയോജിപ്പുകളെ മാറ്റി വച്ച് ഒരു പൊതുപരിമിത അജണ്ടകളൊടെയെങ്കിലും സലഫിസത്തോട് ഒട്ടി നിൽക്കാൻ ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നിർബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനമായ ഒരു ഘടകം അറേബ്യൻ പെട്രോഡോളറിന്റെ സുഗന്ധമാണ് എന്നു പറഞ്ഞാൽ അല്പം അതിശയോക്തി വകവച്ചുകൊടുക്കാമെങ്കിലും അതൊരു യാഥാർത്ഥ്യമല്ലാതാകില്ല. അറുപിന്തിരിപ്പൻ യാഥാസ്തിതികർ മുതൽ കാലികമായ മാറ്റങ്ങളും നവീകരണങ്ങളും കൊണ്ട് മതരംഗം നിരന്തരമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന സാമൂഹിക പരിഷ്കരണ വാദികൾ വരെ ഇങ്ങനെ ഈ കുടയ്ക്ക് കീഴിൽ അണിനിരന്നിട്ടുണ്ട്.

സലഫി പ്രസ്ഥാനങ്ങളുടെ ഏറ്റവും മുഖ്യമായ അജണ്ട ഇസ്‌ലാമിന്റെ ഏക ദൈവ വിശ്വാസത്തോടുള്ള പ്രതിബദ്ധതയും അതിനെതിരിൽ മുളപൊട്ടുന്ന സമീപനങ്ങളോടുള്ള കാർക്കശ്യമാർന്ന നിലപാടുകളുമാണ്. കടുത്ത ആശയ ഭിന്നതയുള്ള, മതത്തെ സാമൂഹികമായി വായിച്ചെടുക്കുന്നതിൽ ഭിന്നധ്രുവത്തിൽ നിലയുറപ്പിച്ചിട്ടുള്ള നിരവധി വീക്ഷണ ധാരകൾ കൊണ്ട് വൈജാത്യപ്പെട്ടിരിക്കുന്ന വിവിധ സംഘങ്ങൾ സലഫി സംജ്ഞയിൽ അറിയപ്പെട്ടിരുന്നു. ഈയടുത്ത കാലം വരെ സലഫികൾ എന്ന് അറിയപ്പെടുന്നതിൽ ഇവർ പ്രത്യേകിച്ച് അപകടങ്ങളൊന്നും കണ്ടിരുന്നില്ല.

എന്നാൽ ഐ എസ് ഒരു ചർച്ചയാകുകയും സലഫിസം പ്രതിലോമപരമായി വ്യാഖാനിക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയ ഈയൊരു സാഹചര്യത്തിൽ തങ്ങൾ പുലർത്തിയ സലഫി ബന്ധങ്ങൾകൊണ്ട് ചില സംഘങ്ങളെങ്കിലും സമ്മർദ്ദത്തിൽ ആയിട്ടുണ്ട്. അവർ നിർ‌വഹിച്ച പൂർവകാല നിർമാണാത്മകതയെ മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് റദ്ദ് ചെയ്തുകളയുന്ന ഒരു സം‌വാദ മണ്ഡലത്തിന്റെ ബോധപൂർവമായ വഴിതുറക്കലിന് ചിലരൊക്കെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

സമൂഹ്യ ശാസ്ത്രപരമായി വിലയിരുത്തിയാൽ ഇന്നത്തെ മുഖ്യധാരാ സലഫികൾക്ക്, പ്രത്യേകിച്ച് അറബ് മേഖലയിലെ സലഫികൾക്ക് സാമൂഹ്യ ഇടപെടലുകളിലും പ്രതിബദ്ധതയിലുമുള്ള താത്പര്യം താരതമ്യേന പിന്നിലാണ് എന്നതല്ലാതെ ഹിംസാത്മകമായ ഒരു നിലപാട് വച്ച് പുലർത്തുന്നവരല്ല. അൽ ഖ്വായിദ, ഐ എസ് തുടങ്ങിയ തീവ്രവാദ സംഘങ്ങൾക്കെതിരെ അതിശക്തമായ സമീപനം സ്വീകരിക്കുന്നവരാണ് ഇത്തരം പണ്ഡിതന്മാരും ഭരണാധികാരികളും. മത വിഷയങ്ങളിൽ അക്ഷര പാരായണവും കാർക്കശ്യതയും പുലർത്തുന്നുവെന്ന കാരണം കൊണ്ട് മതധാരകൾക്കുള്ളിലെ നവോത്ഥാന വാദികളിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നവരാണിവർ. പൌരന്മാർക്ക് തുലോം തുച്ചമായ പൌരാവകാശങ്ങളും സമൂഹിക ഇടപെടലുകളും മാത്രം അനുവദിക്കുന്ന ഭരണക്രമങ്ങളുടെ വളയങ്ങൾക്കുള്ളിൽ താമസിക്കുന്ന ജനവിഭാഗങ്ങളിൽ ഉണ്ടാകുന്ന സാമൂഹിക നിർ‌വികാരതയുടെ ഒട്ടുമിക്ക ലക്ഷണങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു പരിച്ഛേദമാണ് അറബ് നാടുകളിലെ പണ്ഡിതസമൂഹങ്ങളിലെ ഏറിയ പങ്കും.

ഗൾഫ് മേഖലയുമായുള്ള കേരളത്തിന്റെ ബന്ധം കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മുഖ്യധാരാ സലഫിസവുമായി ബന്ധപ്പെടുത്തുന്നതിൽ ഒരു മാദ്ധ്യമായി വർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിക സാമൂഹിക ജീവിതം സംഘടനാത്മകമായി വേർപിരിഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല. എന്നാൽ അനവധി നൂറ്റാണ്ടുകളുടെ പൊതുജീവിതത്തിന്റെ ചരിത്രമുള്ളവരാണ് മലയാളികളായ ഇസ്‌ലാം മത വിശ്വാസികൾ. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മുസ്‌ലിംകളിൽ നിന്ന് കേരള മുസ്‌ലിംകളെ വ്യതിരിക്തമാക്കുന്നത് തലമുറകളായി അവർ നയിച്ചുവന്ന പൊതുജീവിതം തന്നെയാണ്.

പൂർവികർ സുതാര്യമാക്കിയ മതജീവിതത്തിന്റെ എല്ലാ സൌകര്യങ്ങളും അനുഭവിച്ചാണ് കേരള മുസ്‌ലിംകൾ വളർന്നത്. ഇസ്‌ലാം ഒരു അപരമായ മതമായോ അപരത്വം സ്യഷ്ടിക്കുന്ന പ്രത്യയശാസ്ത്രമായോ ആരും മനസിലാക്കിയിരുന്നില്ല. മതസംജ്ഞകൾ പോലും പൊതുവൽക്കരിക്കപ്പെടുകയും കറകളഞ്ഞ മതജീവിതം ശ്ലാഘിക്കപ്പെടുകയും ചെയ്തിരുന്ന ഒരു ഭൂതകാലമാണ് കേരള മുസ്‌ലിംകളുടേതായി നില നിന്നിരുന്നത്.

വിവിധ കാരണങ്ങൾ കൊണ്ട്, സാമൂഹിക വളർച്ചയുടെ വേഗതയ്ക്കൊപ്പം മുസ്‌ലിംകൾക്ക് എത്തിപ്പെടാൻ കഴിയാതെ വരികയും മുസ്‌ലിം സാമൂഹിക ജീവിതം പിന്നോട്ടു പോകാൻ തുടങ്ങുകയും ചെയ്ത ഒരു ഘട്ടത്തിലാണ് മുസ്‌ലിം നവോത്ഥാന യത്നങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത്. ഇത് മുസ്‌ലിംകൾക്കിടയിൽ മാത്രം സംഭവിച്ച ഒരു പ്രക്രിയയോ ഇടപെടലോ അല്ല. വിവിധ ഹിന്ദു, കൃസ്ത്യൻ വിഭാഗങ്ങൾക്കുള്ളിൽ നടന്ന നവീകരണ ശ്രമങ്ങൾക്കൊപ്പം ചേർത്തു മനസിലാക്കേണ്ട ഒരു നവോത്ഥാന പ്രവർത്തനമാണ് മുസ്‌ലിംകൾക്കിടയിലും നടന്നത്. കേരളീയ പൊതു മണ്ഡലത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു അവ മുന്നോട്ട് പോയത്. കേരളത്തിന്റെ സാമൂഹ്യവികാസത്തിന്റെ ചരിത്രമെഴുതുമ്പോൾ അവഗണിക്കാൻ സാധിക്കാത്ത വിധം സുഭദ്രമായ ഒരു സ്ഥാനം ഇത്തരം നവീകരണ, നവോത്ഥാന പ്രവർത്തനങ്ങൾക്കുണ്ട്.

സയ്യിദ് സനാഉ‌ള്ളാ മക്തി തങ്ങൾ, വെളിയങ്കോട് ഉമർ ഖാദി, വക്കം അബ്ദുൽ ഖാദർ മൌലവി, ശൈഖ് ഹമദാനി തങ്ങൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് അബ്ദു‌റഹ്മാൻ സാഹിബ്, കെ എം മൌലവി തുടങ്ങി മുസ്‌ലിം കൈരളിയുടെ സാമൂഹികവും വൈജ്ഞാനികവുമായ ഉന്നമനത്തിനായി അത്യധ്വാനം നടത്തിയ നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾ ഊടും പാവും നൽകി രൂപപ്പെടുത്തിയെടുത്തതാണ് കേരളീയ മുസ്‌ലിംകളുടെ സവിശേഷമായ സാമൂഹ്യ പുരോഗതി.

മതത്തിന്റെ വിശ്വാസ സംഹിതകൾക്കും സാംസ്കാരിക ബോധത്തിനും ഉള്ളിൽ നിന്നുകൊണ്ട് നടത്തപ്പെട്ട സം‌രംഭങ്ങളെയും നേതാക്കളെയുമാണ് നടേ സൂചിപ്പിച്ചത്. എന്നാൽ മുസ്‌ലിം എന്ന സ്വത്വ ബോധത്താൽ മാത്രം പ്രചോദിതരായിരിക്കെത്തന്നെ, ഇസ്‌ലാമിന്റെ വിശ്വാസ, സംസ്കാര മണ്ഡലത്തിന്റെ ഉള്ളിൽ നിലയുറപ്പിക്കാതെ, അതിനു പുറത്തു നിന്ന് സാമൂഹിക വികാസത്തിനായി അധ്വാനിച്ചവരുമുണ്ടായിരുന്നു.

ഇസ്‌ലാമിക വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഉള്ളിൽ നിന്ന് പരിഷ്കരണങ്ങൾ നയിച്ചവർക്ക് നേരിടേണ്ടി വന്ന പ്രഥമ പ്രതിബന്ധം സമുദായത്തിനുള്ളിലെ എതിർപ്പുകൾ തന്നെയായിരുന്നു. സമുദായത്തിനുള്ളിലെ വിശ്വാസപ്പകർച്ചകൾക്കെതിരിൽ ഇവർ നടത്തിയ ബോധവൽക്കരണമാണ് അന്നത്തെ മുസ്‌ലിം ആത്മീയ ശക്തികേന്ദ്രങ്ങളിൽ നിന്ന് ഇത്തരമൊരു പ്രതിരോധം രൂപപ്പെടാനുണ്ടായ കാരണം.

ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന ആദർശ വിശുദ്ധിയും വൈജ്ഞാനിക ത്വരയും സാമൂഹിക ബോധവും കേരള മുസ്‌ലിംകളിൽ പുനഃസൃഷ്ടിക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് ആദ്യകാല മുസ്‌ലിം പരിഷ്കർത്താക്കളും പിന്നീട് അവരെ തുടർന്നു രംഗത്തുവന്ന വിവിധ പ്രാദേശിക സംഘങ്ങളും അനുവർത്തിച്ചു വന്നത്. കേരള മുസ്‌ലിം ഐക്യ സംഘം എന്ന പേരിൽ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഒരു സംഘമാണ് കേരള മുസ്‌ലിംകളുടെ ആദ്യത്തെ പൊതുവേദി. ഐക്യസംഘമോ അതിന്റെ പ്രവർത്തകരോ സലഫി ധാരയെ പ്രതിനിധീകരിക്കുന്നവരായിരുന്നില്ല. ഐക്യ സംഘം നിർ‌വഹിച്ചതും ഇടപെട്ടതുമായ ദൌത്യങ്ങളും അജണ്ടകളും പരിശോധിച്ചാൽ വളരെ വേഗം ഇത് ബോധ്യപ്പെടും.

സലഫിസമെന്ന് അറിയപ്പെടുന്ന ആത്മീയ ധാരയ്ക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത വിധം വിശാലമായ ലക്ഷ്യങ്ങളായിരുന്നു കേരള മുസ്‌ലിം ഐക്യ സംഘം ഉൾക്കൊണ്ടിരുന്നത്. ഇത്തരത്തിലുള്ള വിവിധ പ്രാദേശിക സംഘങ്ങൾ വികസിച്ചും ഏകോപിച്ചും രൂപപ്പെട്ടതാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന മത, സാമൂഹിക, നവോത്ഥാന സഘവും അനുബന്ധ ഘടകങ്ങളും. ഇസ്‌ലാഹി പ്രസ്ഥാനം എന്ന പേരിലാണ് ഈ സംഘം അറിയപ്പെട്ടു വന്നത്.

കേരളീയ പരിസരങ്ങളിൽ നിന്ന് ഇസ്‌ലാമിനെ വായിച്ചും വ്യാഖാനിച്ചുമാണ് ഇസ്‌ലാഹി പ്രസ്ഥാനം അതിന്റെ ദൌത്യം നിർ‌വഹിച്ച് പോന്നത്. വർത്തമാന കാലത്തെ ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനവും അതുവഴി സം‌ജാതമാകേണ്ട സാമൂഹിക വികാസവുമായിരുന്നു അതിന്റെ മുഖ്യലക്ഷ്യങ്ങൾ. അതിനായി സ്വീകരിച്ച നിരവധി മാർഗങ്ങളിലെ ഒരു പ്രധാനപ്പെട്ട ഉപാധിയായിരുന്നു വിശ്വാസ വിഷയങ്ങളിലെ ഇടപെടലുകൾ. ചൂഷണ മുക്തവും അവക്രവുമായ ഇസ്‌ലാമിക വിശ്വാസത്തെയാണ് ഇസ്‌ലാഹി പ്രസ്ഥാനം പ്രതിനിധാനം ചെയ്തത്. തുടർന്ന് കേരളത്തിൽ പ്രത്യക്ഷമായ ഇസ്‌ലാമിക നവ ജാഗരണത്തേയും സാമൂഹ്യ ഉണർവ്വിനേയും ത്വരിതപ്പെടുത്തുന്നതിൽ ഈ സംഘവും അത് പുലർത്തിയ നിലപാടുകളും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് ശേഷം പശ്ചിമേഷ്യൻ നടുകളിൽ സംഭവിച്ച സാമ്പത്തിക വികസനം ഇസ്‌ലാമിന്റെ ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ആഗോള ഇസ്‌ലാമിന്റെ ആത്മീയവും സാമ്പത്തികവുമായ തലസ്ഥാനങ്ങൾ ഗൾഫ് നാടുകളായി മാറി. ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സാമ്പത്തികമായും ആത്മീയമായും സഹായിക്കാനുള്ള സന്നദ്ധത എണ്ണപ്പണം കൊണ്ട് തിടം വെച്ച വിവിധ ഗൾഫ് നാടുകളിലെ മത സംഘടനകൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഈയൊരു സന്ദർഭത്തിലെവിടെയോ വെച്ചാണ് ഇസ്‌ലാഹി പ്രസ്ഥാനം അതിന്റെ സൂക്ഷ്മവും വൈരുദ്ധ്യാത്മകവുമായ സലഫി ബന്ധം ആരംഭിക്കുന്നത്.

സാമൂഹികമായി ഭിന്ന ധ്രുവങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള ബന്ധം സാമ്പത്തിക സഹായത്തിൽ നിന്ന് വളർന്ന് നിലപാടുകളും വീക്ഷണങ്ങളും രൂപീകരിക്കുന്നതിൽ സ്വാധീനിക്കാൻ മാത്രം വികസിക്കുകയും അവിടെ പ്രത്യക്ഷമായ ഗൾഫ് സലഫിസത്തിന്റെ ആധിപത്യവുമാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സ്വന്ത്രനിലപാടുകളേയും കേരളീയ പരിസരങ്ങളിൽ അത് നിർ‌വഹിച്ച നവോത്ഥാനത്തേയും ഇരുട്ടിൽ നിർത്തിക്കളഞ്ഞത്. ഇസ്‌ലാഹി ധാരയിലേക്ക് അതിവേഗതയിൽ ചേക്കേറിയ സലഫി ആധിപത്യവും അതിനെ ചെറുക്കാനും പ്രതിരോധിക്കാനും നടത്തിയ ശ്രമങ്ങളും തമ്മിലുള്ള സംഘർഷങ്ങളായിരുന്നു പ്രസ്ഥാനത്തെ ആദ്യമായി നെടുകെ പിളർത്തിയ ഘടകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. പിളർന്ന് മാറിയ ഘടകത്തിന് പോലും സമ്പൂർണമായ ഒരു സലഫി വിമുക്ത ശൈലി സ്വീകരിക്കാൻ സാധിച്ചുവോയെന്നത് മറ്റൊരു ചർച്ചയ്ക്ക് സാധ്യതയുള്ള ഒരു വിഷയമാണ്.

മതത്തിന്റെ സാമൂഹിക പ്രതിനിധാനവുമായി ബന്ധപ്പെട്ട് സലഫിസം മതത്തിന്റെ ആഭ്യന്തര പ്രശ്നമായി വിമർശപരതയെ നേരിടാറുണ്ടായിരുന്നെങ്കിലും ഐ എസുമായി സലഫിസത്തെ ബന്ധപ്പെടുത്തിയുള്ള ചർച്ചകളാണ് ഇപ്പോൾ അതിനെ പൊതുമണ്ഡലത്തിൽ സജീവതയുള്ളതാക്കുന്നത്. സലഫിസം തീവ്രവാദത്തെ പ്രതിനിധീകരിക്കുന്ന മതധാരയാണെന്നും തീവ്രവാദ പ്രവണതകളെ അത് സൃഷ്ടിക്കുന്നുവെന്നുമുള്ള വിമർശങ്ങളാണ് പലരും ഉയർത്തുന്നത്.

തീവ്രവാദികൾ ഇല്ലാത്ത പ്രത്യയശാസ്ത്ര സം‌ഹിതകൾ ലോകത്ത് ഏതെങ്കിലുമുണ്ടോയെന്ന് അറിയില്ല. സമാധാനത്തിന്റെ തത്വശാസ്ത്രങ്ങൾ പോലും തീവ്രവൽകരിക്കപ്പെടുകയും വിധ്വംസകതയിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ഏതൊരാശയവും അതിന്റെ പ്രായോഗികതയെന്ന സീമയെ ലംഘിക്കുമ്പോഴാണ് ഹിം‌സാത്മകമാകാനുള്ള ത്വര പ്രകടിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എല്ലാ ആശയങ്ങൾക്കും ഹിംസാത്മകമാകാനുള്ള ഒരു സ്വാ‍ഭാവിക ത്വരയുണ്ട്.

സാമൂഹ്യ ഇടപെടലുകളിൽ പ്രായോഗികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രായോഗികതകൾ നഷ്ടപ്പെടുന്ന സംഘങ്ങളെയും ആശയ ധാരകളെയും പൊതുസമൂഹം എല്ലായ്പ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. ഒന്നുകിൽ അത് നിരാശയും അന്തസംഘർഷങ്ങളും ബാധിച്ച് ഉൾവലിയും അല്ലെങ്കിൽ ഹിംസാത്മകമാകും.

സലഫിപരമായ പ്രത്യയശാസ്ത്ര, ആഭ്യന്തര സംഘർഷങ്ങളുടെ അനന്തരഫലമായി ഇസ്‌ലാഹി പൊതുധാരയിൽ നിന്നു വേർപെട്ട് അനേകങ്ങളായി വേർപിരിഞ്ഞ വിവിധ സലഫിവൽകൃത ഗ്രൂപ്പുകളാണ് ഇസ്‌ലാഹി പ്രസ്ഥാനത്തേയും അതു നിർവഹിച്ച അതിബൃഹത്തായ ഒരു നിർമാണാത്മകതെയേയും ഇന്ന് പ്രതിരോധത്തിലാക്കുന്നത്.

തീവ്രവാദവും ഹിംസാതമകതയും വേറിട്ട് തന്നെ മനസിലാക്കേണ്ട രണ്ടു നശീകരണാത്മക നിലപാടുകളാണ്. മതത്തെ തീവ്രമായി പ്രതിനിധാനം ചെയ്യുകയും വിശ്വസിക്കുകയും ചെയ്യുന്നവർ മറ്റേത് ധാരയിലുമുള്ളത് പോലെ സലഫി ധാരകളിലും ഉണ്ട്. തങ്ങൾ സലഫി ധാരയിൽ വിശ്വസിക്കുന്നവരാണ് എന്നവകാശപ്പെടുന്ന ഏതെങ്കിലും വിഭാഗങ്ങളോ സംഘങ്ങളോ നടത്തുന്ന ചെയ്തികൾക്ക് ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മുഴുവൻ സലഫീ വീക്ഷണക്കാരും സമാധാനം പറയണമെന്ന കാഴ്ചപ്പാടും അംഗീകരിക്കൻ സാധിക്കുന്നതല്ല. സലഫികളായി അറിയപ്പെടുന്ന ജന വിഭാഗങ്ങളും പണ്ഡിതരും ഭരണകർത്താക്കളുമൊക്കെ ഐ എസിന്റെ മുഖ്യ ശത്രുതാ പട്ടികയിൽ ഉൾപ്പെട്ടവരാണ്. മുഖ്യധാരാ സലഫിസത്തോട് കടുത്ത ശത്രുത വച്ചു പുലർത്തുന്ന ഐ എസിന്റെ പ്രത്യയ ശാസ്ത്രം ജിഹാദി സലഫിസമാണെന്ന് വിലയിരുത്തപ്പെടാറുണ്ടെങ്കിലും യഥാർത്ഥ്യം പറഞ്ഞാൽ, അതു തീർത്തും അജ്ഞാതമാണ്.

കേരളീയ പരിസരങ്ങളിൽ സലഫിപരത ചർച്ചയാകുമ്പോൾ പാലിക്കേണ്ട അവധാനതയിലും ജാഗ്രതയിലും ക്ഷന്തവ്യമല്ലാത്ത അബദ്ധങ്ങൾ സംഭവിക്കുന്നുവെന്നാണ് ഏറ്റവും പുതിയ ചർച്ചകൾ പോലും വെളിവാക്കുന്നത്. ഹ്രസ്വകാല താത്പര്യങ്ങളിലും സങ്കുചിതമായ രാഷ്ട്രീയ, സംഘടനാ ലക്ഷ്യങ്ങളിലും ധ്രുവസ്ഥമായ ചർച്ചകളാണ് പലപ്പോഴും പുറത്ത് വരുന്നത്. മാതൃഭൂമിയിലൂടെ കെ എം ഷാജിയും മാധ്യമത്തിലൂടെ അ ആറും നിർ‌വഹിക്കുന്നതും അത്തരത്തിൽ പരിമിതമായതും സ്വയം പ്രതിരോധം ലക്ഷ്യംവച്ചുള്ളതുമായ ചർച്ചകൾ മാത്രമാണ്.

സംഘടനാപരമായി പറഞ്ഞാൽ ഗൾഫ് സലഫികളുടെ ഔദാര്യം പറ്റാത്ത ഇസ്ലാമിക മത സംഘടനകൾ കേരളത്തിൽ ഇല്ലായെന്ന് തന്നെ പറയാം. അതിൽ മുമ്പിൽ നിൽക്കുന്നതാര്, പുറകിൽ നിൽക്കുന്നതാര് എന്ന വിഷയത്തിൽ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളൂ. സലഫി ബന്ധം ഒരു അലങ്കാരമായി നെറ്റിയിലൊട്ടിച്ചിരുന്നവർക്ക് പെട്ടെന്ന് ഒരു സലഫി വിരുദ്ധത കൈവരുന്നതിൽ ഇന്നത്തെ സാഹചര്യത്തിൽ തെറ്റൊന്നും പറയാനാകില്ല. പക്ഷേ അത് കേവലമായൊരു തീവ്രവാദ ആരോപണ പശ്ചാത്തലത്തിൽ ആകുന്നതാണ് പ്രശ്നവൽക്കരിക്കപ്പെടേണ്ടത്.

ഇസ്‌ലാഹി പ്രസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെയടക്കമുള്ള വിവിധ സംഘങ്ങളുടെ സലഫിപരത ചർച്ച ചെയ്യപ്പെടേണ്ടത് ഏതെങ്കിലും നിർബന്ധിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലല്ല. അതു പ്രതിനിധാനം ചെയ്യുന്ന/ ചെയ്തിരുന്ന ലക്ഷ്യങ്ങളുടേയും സ്വീകരിച്ചുപോന്ന നയങ്ങളുടേയും പശ്ചാത്തലത്തിൽ നിന്നു തന്നെയാണ് അതു നിർ‌വഹിക്കപ്പെടേണ്ടത്.

മത നവീകരണമെന്ന ആശയത്തെ സലഫീധാര അതിശക്തമായി നിരാകരിക്കുന്നു. നവോത്ഥാനം, നവീകരണം എന്നീ ആശയങ്ങൾ ഒരിക്കലും ഇന്നത്തെ സലഫീ രീതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല. മതത്തെ മനസിലാക്കുന്നതിൽ സ്വീകരിക്കുന്ന പൌരാണികതയാണ് മതനവീകരണം എന്ന ആശയത്തിൽ നിന്നും സലഫികളെ തടഞ്ഞു നിർത്തുന്ന പ്രധാന ഘടകം.

നവീകരണം, നവോത്ഥാനം, ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനം തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഏതെങ്കിലും പ്രസ്ഥാനങ്ങൾ സലഫി ബന്ധം അവകാശപ്പെടുന്നുവെങ്കിൽ രണ്ടിലൊന്ന് വ്യാജമാണ്. ഏതിനെയാണ് വ്യാജവൽക്കരിക്കുന്നതെന്ന് തിരിച്ചറിയാൻ ഒരു സെൽഫ് ഓഡിറ്റിംഗ് മാത്രം മതിയാകുന്നതാണ്.

Read More >>