ഹരിത ക്യാമ്പസ് അവാര്‍ഡു നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി കുന്നിടിക്കുന്നു

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഹരിത ക്യാമ്പസ് അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി. ഓണാവധിയുടെ മറവിലാണ് കോളേജ് അധികൃതര്‍ മരങ്ങള്‍ മുറിച്ചു നീക്കിയത്

ഹരിത ക്യാമ്പസ് അവാര്‍ഡു നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി കുന്നിടിക്കുന്നു

ഇരിങ്ങാലക്കുട:  കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഹരിത ക്യാമ്പസ് അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി. ഓണാവധിയുടെ  മറവിലാണ് കോളേജ് അധികൃതര്‍ മരങ്ങള്‍ മുറിച്ചു നീക്കിയത്. കോളജിന്റെ അധീനതയിലുളള മങ്ങാടിക്കുന്ന് വീണ്ടും ഇടിച്ചു നിരത്താനും അധികൃതര്‍ ആരംഭിച്ചു.

ജെസിബിയും ടിപ്പറും ഉപയോഗിച്ച് വലിയ രീതിയിലുളള കുന്നിടിക്കലാണ് മാങ്ങാടിക്കുന്നില്‍ നടക്കുന്നത്. കോളജ്  ഓഡിറ്റോറിയത്തിനു പരിസരത്തുളള വന്‍മരങ്ങളും മുറിച്ചു നീക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സൗജന്യമായി ചട്ടങ്ങള്‍ ലംഘിച്ച് 10 ഏക്കറിലധികം വരുന്ന മങ്ങാടിക്കുന്ന് കോളേജിന് പതിച്ചു നല്‍കിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ഭൂമി തിരികെ നല്‍കാതെ കോളേജ് അധികൃതര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.


mannu edichalസ്വാധീനം ഉപയോഗിച്ച് രണ്ടരക്കോടിയിലധികം രൂപയുടെ പാട്ടകുടിശിക എഴുതി തളളി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി കോളജിന് എഴുതി നല്‍കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. മങ്ങാടിക്കുന്ന് കോളേജിന്റെ പേരില്‍ പതിച്ചു ലഭിച്ചതോടെ ഒരു ഭാഗം ഇടിച്ചു നിരത്തി  കോളേജ് അധികൃതര്‍ എഞ്ചീനിയര്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. പരിസ്ഥിക്ക് കോട്ടം വരുത്തി കൊണ്ടുളള നിര്‍മ്മാണത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവെങ്കിലും അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി സൗഹൗര്‍ദ ക്യാമ്പസിനുളള അവാര്‍ഡ് ഏറ്റു വാങ്ങിയതിന് ദിവസങ്ങള്‍ക്കുള്ളില്‍ മരം മുറിക്കാന്‍ കോളേജ് അധികൃതര്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇടപെട്ട് തടഞ്ഞിരുന്നു.

എന്നാല്‍ എഞ്ചീനിയറിങ്ങ് കോളേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്ത് മണ്ണ് നീക്കം ചെയ്തതെന്നും അതിനു വേണ്ടി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരുന്നുവെന്നും  കോളജ് അധികൃതര്‍ നാരാദാ ന്യൂസിനോട് പ്രതികരിച്ചു. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കോളേജില്‍ വ്യാപകമായി മരം മുറിച്ചു മാറ്റുന്നുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഒരു ആല്‍ മറിഞ്ഞു വീണപ്പോള്‍ മുറിച്ചു മാറ്റുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.