ചിരിക്കാനൊരുങ്ങിക്കോളു, നരേനും തമാശ തുടങ്ങി

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകുകയാണ് നടന്‍ നരേന്‍. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തില്‍ പേടിത്തൊണ്ടനും കുരുട്ടുബുദ്ധിക്കാരനുമായ വട്ടത്തില്‍ ബോസ്‌കോയിലൂടെ കോമഡിയിലേക്ക് ചുവവടുമാറുകയാണ് നരേന്‍.

ചിരിക്കാനൊരുങ്ങിക്കോളു, നരേനും തമാശ തുടങ്ങി

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നരേന്‍ മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ലചിത്രങ്ങളുടെ ഭാഗമായി. തമിഴിലെ പ്രതിഭാധനനായ സംവിധായകന്‍ മിഷ്‌കിന്റെ പ്രധാന ചിത്രങ്ങളെല്ലാം നരേന്‍ ഭാഗമായിരുന്നു. പുതിയ ചിത്രങ്ങളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും നരേന്‍ സംസാരിക്കുന്നു.

നരേന്‍ ട്രാക്ക് മാറിയതാണോ

അങ്ങനെ ട്രാക്ക് മാറിയതൊന്നുമല്ലാ. കുറെ നാളായുള്ള ആഗ്രഹമായിരുന്നു കോമഡി വേഷം ചെയ്യണമെന്നത്. കവി ഉദ്ദേശിച്ചതിലൂടെ അതങ്ങ് നടന്നു. വട്ടത്തില്‍ ബോസ്‌കോയെ ആളുകള്‍ക്കിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ് എന്നീ സിനിമകള്‍ കഴിഞ്ഞതോടെ ടൈപ്പ് ആയിപ്പോയപോലെ എനിക്കും തോന്നി. ആര് കഥ പറയാന്‍ വന്നാലും, പാവത്താന്‍, നല്ല പയ്യന്‍ ഇമേജിലുള്ള റോളുകളാണെല്ലാം. അതില്‍ നിന്ന് രക്ഷപെടണമെന്ന് പണ്ടെ ആലോചിച്ചതാണ്. ഞാനല്പം കോമഡി കൈകാര്യം ചെയ്ത ചിത്രം റോബിന്‍ഹുഡാണ്.


കുറച്ച് നാള്‍ കാണാനെ ഇല്ലായിരുന്നല്ലോ


പുതിയ ജനറേഷന്‍ സിനിമകളിലെല്ലാം തന്നെ ഹ്യൂമര്‍ എലമെന്റസുള്ള കഥാപാത്രങ്ങളുണ്ട്്. അതിന്റയൊന്നും ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. തമിഴില്‍ സിനിമകള്‍ ചെയ്തതുകൊണ്ട് മലയാളത്തിലെ കുറെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. അങ്ങനെയിരിക്കെയാണ് വട്ടത്തില്‍ ബോസ്‌കോ വന്നത്. ഒരു നല്ല സംഭവമുണ്ടെന്ന് ആസിഫ് അലി വിളിച്ചു പറഞ്ഞു. പിന്നീട് സംവിധായകന്‍ തോമസ് വിളിച്ചു ഫോണിലൂടെ കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ രസം തോന്നി. ഏറ്റവും ഇഷ്ടമായ കഥാപാത്രം ബോസ്‌കോ ആയിരുന്നു. ഞാന്‍ വിചാരിച്ചു ബിജു ചേട്ടനായിരിക്കും ആ റോള്‍ ചെയ്യുന്നതെന്ന്. നരേനാണ് ബോസ്‌കോയെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞപ്പോ ഞാന്‍ തന്നെ ഒന്നു ഞെട്ടി. കോട്ടയം കുഞ്ഞച്ചന്‍ റഫറന്‍സിലാണ് തോമസ് എനിക്ക് കഥാപാത്രത്തെ പരിചയപ്പെടുത്തിയത്. മനസില്‍ ആഗ്രഹമുണ്ടെങ്കിലും ചെയ്താല്‍ ശരിയാകുമൊ എന്നൊരു പേടിയുണ്ടായിരുന്നു. പിന്നെ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.പക്ഷെ സംവിധായകര്‍ക്ക് കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ബോസ്‌കോയുടെ വേഷം ഇണങ്ങുവിധം ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. നമ്മുടെ കുറെ താരങ്ങളൊക്കെ ഇങ്ങനെ ട്രാക്ക് മാറിയിട്ടുണ്ട്. ബിജു ചേട്ടനൊക്കെ ( ബിജു മേനോന്‍) നല്ല ഹ്യൂമര്‍സെന്‍സുള്ള ആളാണ്. കുറേനാള്‍ മുമ്പ് വരെ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന വേഷങ്ങള്‍ ഗൗരവക്കാരന്റേതായിരുന്നു. എന്നാല്‍ ട്രാക്ക് മാറിയതിന് ശേഷം അദ്ദേഹം കൂടുതല്‍ സ്വീകാര്യനാവുകയാണ് ഉണ്ടായത്.

ഞാന്‍ തമാശക്കാരനൊന്നുമല്ലായെങ്കിലും തമാശ ഇഷ്ടപ്പെടുന്ന ആളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ നമ്മള്‍ ജഗതിച്ചേട്ടന്റയൊക്കെ ആരാധാകനാണ്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഇവരൊക്കെയൊക്കെ ചില സിനിമകളിലെ രംഗങ്ങള്‍, അത് എത്ര കണ്ട സീനുകളാണെങ്കിലും ഇപ്പോഴും ചിരിച്ചു പോകും. മോഹന്‍ ലാല്‍ - ശ്രീനിവാസന്‍ കോമ്പിനേഷന്‍ , സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ തമാശ അതൊക്കെ ഈ പറഞ്ഞ ഗണത്തില്‍ പെട്ടവയാണ്. പൊന്‍മുട്ടയിടുന്ന താറാവെന്ന സിനിമയിലെല്ലാവരും നര്‍മത്തിന്റെ ആള്‍ക്കാരാണ്.

തമാശയുടെ രൂപങ്ങളൊക്കെ മാറി എന്നേയുള്ളു, അതിന്റെ സ്ഥാനം ഇന്നും നിലനില്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഹാസ്യത്തിന്റെ ഏറ്റവും പുതിയ രൂപമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ചെയ്യുന്നവരെ സമ്മതിക്കണം. പല സിനിമയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കമ്പയിന്‍ ചെയ്ത് അവരുണ്ടാക്കുന്ന ട്രോളുകള്‍ പൊളിറ്റിക്കല്‍ സ്പേസുകളാണെന്ന് തോന്നിയിട്ടുണ്ട്. ഓരോ കാലത്തും ഓരോ ടൂളുകളാണ്, നാടകവും സിനിമയും പാട്ടും നൃത്തവുമൊക്കെ പോലെ ട്രോളുകളേയും നമുക്ക് കാണാം. പക്ഷെ ചിലയിടങ്ങളില്‍ പരിഹാസത്തിന്റെ പരിധി വിടാറുണ്ട്. അതൊക്കെ മാറ്റി വെച്ചാല്‍ ട്രോളുകള്‍ പുരോഗമനപരമാണ്.

മിഷ്‌കിന്‍ സിനിമകളുടെ ഭാഗമായതിനെക്കുറിച്ച്

' അച്ചുവിന്റെ അമ്മ' കഴിഞ്ഞ് പുതിയ പ്രോജക്ടുകള്‍ നോക്കിക്കൊണ്ടിരുന്ന സമയത്താണ് ഒരു സൃഹൃത്ത് വിളിച്ച് പറഞ്ഞത് മിഷ്‌കിന്‍ എന്നൊരു ആള്‍ക്ക് കഥ പറയാന്‍ താല്പര്യമുണ്ടെന്ന്. മിഷ്‌കിന്‍ എന്ന പേര് കേട്ടപ്പോ ഞാന്‍ ചോദിച്ചു ഏതുഭാഷയിലാണ് ചിത്രമെന്ന്. തമിഴാണെന്നറിഞ്ഞപ്പോ കഥ കേള്‍ക്കാമെന്ന് സമ്മതിച്ചു. അങ്ങനെ മിഷ്‌കിന്‍ തൃശൂരിലെ വീട്ടിലെത്തി. കഥ പറയും മുമ്പ് മുറിയിലെ സോഫയും ടേബിളുമൊക്കെ മുറിയുടെ മൂലയിലേക്ക് മാറ്റി ഒതുക്കിയിട്ടു. എന്നിട്ട് എന്റെ മുമ്പില്‍ നിന്ന് ആ മനുഷ്യന്‍ കഥ പറഞ്ഞു. വെറും പറച്ചിലല്ലാ.. ഡയലോഗ് ഒക്കെ പറഞ്ഞ് കഥ അവതരിപ്പിക്കുകയാണ് ചെയ്തത്. കത്തികൊണ്ട് കുത്താന്‍വരുന്ന സീനുകളൊക്കെ അഭിനയച്ചപ്പോള്‍ സത്യം പറഞ്ഞാന്‍ ഞാന്‍ പേടിച്ചു പേയി. എന്റെ കണ്ണിലേക്ക് നോക്കി മിഷ്‌കിന്‍ അലറിയപ്പോള്‍ എന്താ സംഭവമെന്ന് അറിയാതെ അമ്മ വരെ ഓടി വന്നു. മിഷ്‌കിന്‍ അങ്ങനെയാണ്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഡാര്‍ക്ക് മൂഡ് ത്രില്ലറുകളാണെങ്കില്‍ തന്നെ അയാള്‍ നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ള മനുഷ്യന്‍ കൂടിയാണ്. ഞാന്‍ പലപ്പോഴും വിചാരിച്ചുണ്ട് ഇങ്ങേര്‍ക്ക് ഒരു തമാശ പടം എടുത്തേടെ എന്ന്.

narain3

പുതിയ പ്രോജക്ടുകള്‍

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹം സംവിധാനം ചെയ്യുന്ന ആഡം എന്ന ചിത്രമാണ് ഇനി വരാനുള്ള മലയാള ചിത്രം. അതിലൊരു ത്രില്ലിങ് റോളാണ്. തമിഴില്‍ റം എന്ന പേരില്‍ ഒരു ഹൊറര്‍ മൂവി കൂടി വരാനുണ്ട്. ബാക്കി വഴിയേ പറയാം.

Read More >>