അതിര്‍ത്തിയില്‍ തീവ്രവാദികള്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി; പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കും

അതിര്‍ത്തിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം വികൃതമാക്കിയ ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി; പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കും

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം വികൃതമാക്കിയ ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് വന്ന ഭീകരരാണ് ക്രൂരകൃത്യം നടത്തിയതെന്ന് സൈന്യം അറിയിച്ചു. കുപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണ് സംഭവം.

പാക് സേന വെടിവെപ്പ് നടത്തുന്ന മറവിലാണ് തീവ്രവാദികള്‍ രക്ഷപ്പെട്ടത്. ഭീകരരുടെ നടപടിക്കെതിരെ ഉചിതമായ മറുപടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ തീവ്രവാദികള്‍ ക്രൂരകൃത്യം ചെയ്തതെന്ന് കരുതപ്പെടുന്നു.


സംഭവത്തെക്കുറിച്ച് സൈനിക നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനേയും വിവരങ്ങള്‍ ധരിപ്പിച്ചു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഇന്ന് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കും.

അതിനിടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്റെ 15 സൈനികരെ വധിച്ചെന്ന ബിഎസ്എഫിന്റെ വാദം പാകിസ്ഥാന്‍ തള്ളി. അടിസ്ഥാനരഹിതമായ അവകാശവാദമാണിതെന്ന് പാകിസ്ഥാനിലെ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമായ പുല്‍വാമ ജില്ലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഒരു സ്ത്രീയേയും വെടിവെച്ചു കൊന്നു. ബീബ യൂസഫ് എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ വ്യാഴ്ാഴ്ച ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

Read More >>