ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രവേശനമില്ല ; നിലപാട് വ്യക്തമാക്കി ബ്രിട്ടന്‍

ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ അസംഖ്യം കുറ്റകൃത്യങ്ങളാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്നത്. ബ്രക്‌സിറ്റിനു ശേഷം ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കില്‍ 41 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രവേശനമില്ല ; നിലപാട് വ്യക്തമാക്കി ബ്രിട്ടന്‍

ലണ്ടന്‍: ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്  ബ്രിട്ടീഷ് എംപിയായിരുന്ന ഇനോക്ക് പവ്വല്‍ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. 'റിവേര്‍സ് ഓഫ് ബ്ലഡ്‌' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട പ്രസംഗത്തില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരെയും ആഫ്രിക്കകാരെയും അപമാനിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും. ഇത്തരം കുടിയേറ്റങ്ങളെ ബ്രിട്ടന്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് രാഷ്ട്രം അതിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് തുല്ല്യമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


1971 കാലഘട്ടത്തില്‍ 300,000 ത്തോളം ഇന്ത്യക്കാരാണ് ബ്രിട്ടനിലേയ്ക്ക് കുടിയേറിയത്. ഇന്ത്യക്കാര്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് സമ്പന്നരായതെന്നത് പവ്വലും അനുയായികളും കണക്കിലെടുത്തിരുന്നില്ല. ഏഷ്യന്‍-ആഫ്രിക്കന്‍ ജനങ്ങളുടെ ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റമെന്നാല്‍ ബ്രിട്ടന് നാശം വിതയ്ക്കുന്ന ഒന്നെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. പവ്വലിന്റെ പ്രസംഗം മന്ത്രിസഭയില്‍ വിവാദങ്ങള്‍ക്കു കാരണമാവുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിക്കുകയും ചെയ്തു.

നിലവിലെ പ്രധാനമന്ത്രി തെരേസ മേയ്, പവ്വലിന്റെ പാതയിലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ബ്രിട്ടനിലെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം മേയ് തിരിച്ചറിയുന്നു എന്നും അഭിപ്രായമുണ്ട്. എന്താണോ പവ്വല്‍ ആഗ്രഹിച്ചത്‌, ആ പാതയിലാണ് ബ്രിട്ടന്‍ എന്നതിന്റെ സൂചനകള്‍ പ്രകടമാകുന്നുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം സമൂഹത്തില്‍ അംഗീകരിക്കപ്പെടേണ്ട ഒന്നാണെന്ന് ജനങ്ങളില്‍ പലരും കരുതുന്നു. ഹിതപരിശോധനാ ഫലം കൂടി പുറത്തുവന്നതോടെ അസംഖ്യം കുറ്റകൃത്യങ്ങളാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്നത്. ബ്രക്‌സിറ്റിനു ശേഷം ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കില്‍ 41 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ യൂറോപ്യന്‍-ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷുകാര്‍ നിരന്തരം ആക്രമണങ്ങള്‍ക്കിരയാകുന്നു. ''വന്നിടത്തേക്ക് തിരിച്ചു പോവുക'' എന്ന മുദ്രാവാക്യം ബ്രിട്ടനില്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഒരുകാലത്ത്, കുടിയേറ്റ വിഷയത്തില്‍ വളരെ തുറന്ന നിലപാടുകള്‍ സ്വീകരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരം വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

തെരേസ മേയ് ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്ത് കുടിയേറ്റക്കാരെ അകറ്റുന്നതിനു വേണ്ടി പുതിയൊരു പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. ഇന്ത്യക്കാര്‍ കുടിയേറിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ''ഗോ ഹോം'' എന്ന വാക്കുകള്‍ എഴുതിയ വാനുകളും ട്രക്കുകളും മറ്റും നിരന്തരം ചുറ്റിക്കറങ്ങുക എന്നതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. അനധികൃത കുടിയേറ്റക്കാരെ അകറ്റാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തതെന്ന് മേയ് അവകാശപ്പെട്ടെങ്കിലും ഇതിന് പിന്നിലുള്ള ഉദ്ദേശം വ്യക്തമായിരുന്നു. പ്രധാന മന്ത്രിയായശേഷം ആഴ്ചകള്‍ക്ക് മുന്‍പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വേദിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദേശീയരുടെ വിവരങ്ങള്‍ മേയ് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനമില്ലെന്നു തന്നെയാണ് പ്രസംഗത്തിലെ ഓരോ വാക്കും അടിവരയിട്ടു സൂചിപ്പിച്ചത്.