പാകിസ്ഥാനെ പൊട്ടിച്ച് ടീം ഇന്ത്യയ്ക്ക് ഏഷ്യൻ ഹോക്കി കിരീടം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ആകെ 11 ഗോളുകൾ നേടിയ രൂപീന്ദറിനെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.

പാകിസ്ഥാനെ പൊട്ടിച്ച് ടീം ഇന്ത്യയ്ക്ക് ഏഷ്യൻ ഹോക്കി കിരീടം

കുന്തൻ (മലേഷ്യ): പരിക്ക് മൂലം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷിന് കളിക്കാനായില്ലെങ്കിലും ചിരവൈരികളായ പാകിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി.

റൗണ്ട് റോബിൻ ലീഗിൽ പാകിസ്ഥാനെ തകർത്ത അതേ സ്‌കോറിന് 3-2 എന്ന നിലയിലായിരുന്നു ഫൈനലിലെ വിജയവും. 2011ൽ ആദ്യമായി ഏഷ്യൻ ചാമ്പ്യൻമാരായ ശേഷം ഇത് രണ്ടാം തവണയാണ് ടീം ഇന്ത്യ കിരീടം അണിയുന്നത്. അന്നത്തെ കിരീടനേട്ടവും പാകിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയായിരുന്നു.


സെമിഫൈനലിൽ ദക്ഷിണകൊറിയക്കെതിരെ ഷൂട്ടൗട്ടിൽ പരിക്ക് വകവയ്ക്കാതെ ഗംഭീര പ്രകടനം നടത്തിയ ശ്രീജേഷിന് പകരം ആകാശ് ചിക്തെയാണ് ഫൈനലിൽ ഇന്ത്യൻ ഗോൾവല കാത്തത്. രൂപീന്ദർ പാൽ സിങ്ങിന് ആയിരുന്നു ക്യാപ്റ്റന്റെ ചുമതല.

ഗോൾ രഹിതമായിരുന്ന ആദ്യ ക്വാർട്ടിന് ശേഷം 18-ആം മിനുറ്റിൽ രൂപീന്ദർ പാൽ സിങ്ങിലൂടെ ഇന്ത്യയാണ് സ്‌കോറിങ് തുടങ്ങിയത്. ഒരു പെനാൽറ്റി കോർണറിലൂടെയായിരുന്നു രൂപീന്ദറിന്റെ ഗോൾ. 23-ആം  മിനുറ്റിൽ അഫാൻ യൂസഫ് ഫീൽഡ് ഗോളിലൂടെ ഇന്ത്യക്ക് രണ്ട് ഗോളുകളുടെ ലീഡ് നൽകി. മൂന്ന് മിനുറ്റിനകം പാകിസ്ഥാൻ തിരിച്ചടിച്ചു. ബിലാൽ മുഹമ്മദ് അലീമാണ് പാകിസ്ഥാന് വേണ്ടി പെനാൽറ്റി കോർണർ മുതലെടുത്ത് ഇന്ത്യൻ പോസ്റ്റിൽ പന്ത് എത്തിച്ചത്.

രണ്ടാം ക്വാർട്ടർ പിന്നിടുമ്പോൾ  മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് വിനയായത് പ്രതിരോധത്തിലെ വിടവുകളാണ്. ഇത് മുതലെടുത്ത് പാകിസ്ഥാൻ സമനില കണ്ടെത്തി. ഷാൻ അലിയുടെ വകയായിരുന്നു 38-ാം മിനുറ്റിൽ പാകിസ്ഥാന്റെ ഗോൾ. ഇതിനിടെ ഒരു തവണ പന്ത് പാക് വലയ്ക്കുള്ളിൽ എത്തിച്ചെങ്കിലും റഫറി ഗോൾ നിഷേധിച്ചു. പിന്നീട് 51-ആം മിനുറ്റിൽ നിഖിൽ തിമ്മയ്യ ടീം ഇന്ത്യയുടെ മൂന്നാം ഗോളും നേടി വിജയത്തിലെത്തിച്ചു.

കളിയുടെ തുടക്കം മുതൽ ഇന്ത്യൻ താരങ്ങൾ തികഞ്ഞ ആക്രമണോത്സുകരായിരുന്നു. പ്രതിരോധ നിരയിൽ സർദാർ സിങ് കൂടി തിളങ്ങിനിന്നതോടെ പാക് ഫോർവേഡുകൾക്ക് കാര്യം എളുപ്പമല്ലാതായി. പാകിസ്ഥാന് വിജയം നിഷേധിക്കുന്ന പ്രകടനം കാഴ്ചവച്ച സർദാർ സിങ് തന്നെയാണ് ഫൈനലിന്റെ താരവും. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ആകെ 11 ഗോളുകൾ നേടിയ രൂപീന്ദറിനെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.

Read More >>