സ്പിൻ മാജിക്കിൽ ന്യൂസിലാൻഡ് വീണു; ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൽ 299 റൺസിന് ആൾ ഔട്ട്

അശ്വിന് ആറു വിക്കറ്റ്, ജഡേജയ്ക്ക് രണ്ടു വിക്കറ്റ്

സ്പിൻ മാജിക്കിൽ ന്യൂസിലാൻഡ് വീണു; ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൽ 299 റൺസിന് ആൾ ഔട്ട്

ഇൻഡോർ: ടീം ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്‌സിൽ 299 റൺസിന് ആൾ ഔട്ട്. ആറു വിക്കറ്റ് എടുത്ത വിക്കറ്റ് രവിചന്ദ്രൻ അശ്വിന്റെയും രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും സ്പിൻ മാജിക്കിലായിരുന്നു ആതിഥേയർക്ക് അടിപതറിയത്. ഇതോടെ ഇന്ത്യ 258 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആറ് ഓവറിൽ 18 റൺസ് നേടിയിട്ടുണ്ട്. ആറു റൺസെടുത്ത ഓപ്പണർ ഗൗതം ഗംഭീറിന് പരിക്കേറ്റതിനെ തുടർന്ന് റിട്ടയേഡ് ഹർട്ട് ആയി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ചേതേശ്വർ പൂജാരയും (1) ഓപ്പണർ മുരളി വിജയുമാണ് (11) ക്രീസിൽ. വിക്കറ്റിനിടയിലെ ഓട്ടത്തിനിടയ്ക്ക് റണ്ണൗട്ടിൽ നിന്നും രക്ഷപ്പെടാൻ ഡൈവ് ചെയ്തതിനെ തുടർന്ന് ഗംഭീറിന്റെ തോളിന് പരിക്കേൽക്കുകയായിരുന്നു.


രണ്ടാം ദിവസം ഇന്ത്യൻ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത ശേഷം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന്റെ ഓപ്പണർമാർമാരായ ഗുപ്റ്റിലും(72 റൺസ്) ലതാമും (53) മൂന്നാം ദിവസവും കരുതലോടെയാണ് ബാറ്റ് വീശിയത്. 118 റൺസ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അശ്വിൻ എറിഞ്ഞ 35-ആം ഓവറിലാണ് പൊളിഞ്ഞത്. കോട്ട് ആൻഡ് ബൗൾഡ് പ്രകടനത്തിലൂടെ അശ്വിൻ പാർട്ട്ണർഷിപ്പ് തകർത്ത ശേഷം പിന്നീട് ക്രീസിലെത്തിയ വില്യംസനും അധിക നേരം പിടിച്ചുനിൽക്കാനായില്ല. എട്ടുറൺസെടുത്ത വില്യംസൺ അശ്വിൻ എറിഞ്ഞ 43-ആം ഓവറിലെ അവസാന പന്തിൽ ക്ലീൻ ബൗൾഡായി.

ശേഷമെത്തിയ ടെയ്‌ലറെയും ഓപ്പണർ ഗുപ്റ്റിലിനെയും അഞ്ചാമനായെത്തിയ റോഞ്ചിനെയും അടുത്തടുത്ത ഓവറുകളിൽ അശ്വിൻ ഡ്രസിംഗ് റൂമിലെത്തിച്ചു. 45-ആം ഓവറിൽ റൺസെടുക്കും മുൻപേ ടെയ്‌ലറെ രഹാനെയുടെ കൈകളിലെത്തിച്ച അശ്വിൻ 47-ആം ഓവറിൽ ഓപ്പണർ ഗുപ്റ്റിലിനെ റണ്ണൗട്ടൗക്കി. 48-ആം ഓവറിൽ റൺസൊന്നും എടുക്കാത്ത റോഞ്ചിനെ രഹാനെയുടെ കൈകളിൽ വീണ്ടും എത്തിച്ചായിരുന്നു അശ്വിന്റെ മാജിക്. ന്യൂസിലൻഡിന്റെ ടോട്ടൽ സ്‌കോർ 140ൽ നിന്നും 148 ആകുന്നതിനിടെ മൂന്നു നിർണ്ണായക വിക്കറ്റുകൾ വീണു.
പിന്നീട് ആറാമനായി കളത്തിലിറങ്ങിയ നീസാം (71), മദ്ധ്യനിരയിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വാട്ട്‌ലിംഗ് (23), സാന്റർ (22) എന്നിവരുമൊത്ത് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വാട്ട്‌ലിംഗിനെ രഹാനെയുടെ കൈകളിലെത്തിച്ചും സാന്ററിനെ ക്യാപ്റ്റൻ കോഹ്ലിയുടെ കൈകളിലെത്തിച്ചും ജഡേജ മടക്കിയപ്പോൾ നീസാമിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ജീത്തൻ പട്ടേലിനും (18) പുറത്താകാതെ നിന്ന ഹെന്റിക്കും (15*) വാലറ്റത്ത് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായി. എന്നാൽ 89-ആം ഓവറിൽ ജീത്തൻ പട്ടേലിനെ അശ്വിൻ റണ്ണൗട്ടാക്കി.പിന്നീട് ക്രീസിലെത്തിയ പത്താമൻ ബോൾട്ടിനെ പൂജാരയുടെ കൈകളിലെത്തിച്ച് അശ്വിൻ വീണ്ടും സ്‌ട്രൈക്ക് ചെയ്തതോടെ ന്യൂസിലൻഡിന്റെ ഇന്നിംഗ്‌സിന് തിരശീല വീണു. സ്‌കോർ 299. ഇന്ത്യക്ക് 258 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

ഒന്നാം ഇന്നിംഗ്‌സിൽ വമ്പൻ ലീഡ് നേടാനായതോടെ ടീം ഇന്ത്യ മൂന്നാം ടെസ്റ്റിലും ജയപ്രതീക്ഷയിലാണ്. രണ്ടു ദിവസം ബാക്കി നിൽക്കെ അതിവേഗം ബാറ്റ് വീശി നല്ല സ്‌കോർ കണ്ടെത്തിയ ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുക തന്നെയാകും ക്യാപ്റ്റൻ കോഹ്ലിയുടെയും കോച്ച് അനിൽ കുംബ്ലൈയുടെയും ലക്ഷ്യം. മൂന്നാം ദിനം സ്പിന്നർമാരുടെ വാഴ്ചയ്ക്കായിരുന്നു ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായത്. ആറു വിക്കറ്റ് നേടുകയും രണ്ട് റണ്ണൗട്ടുകൾക്ക് വഴിയൊരുക്കുകയും ചെയ്ത അശ്വിൻ തന്നെയായിരുന്നു ഇന്നലത്തെ താരം.

Read More >>