ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ച് സ്പിന്നർമാർ വിജയം കൈപ്പിടിയിലൊതുക്കി, ഇന്ത്യക്ക് 321 റൺസ് ജയം

അശ്വിന് ഏഴു വിക്കറ്റ്, ജഡേജയ്ക്ക് രണ്ടു വിക്കറ്റ്, പൂജാരയ്ക്ക് സെഞ്ച്വറി, ഒരു ദിവസവും നാലാം ദിനത്തിൽ ഒരു ബോളും ശേഷിക്കെ ഇന്ത്യയ്ക്ക് വിജയം

ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ച് സ്പിന്നർമാർ വിജയം കൈപ്പിടിയിലൊതുക്കി, ഇന്ത്യക്ക് 321 റൺസ് ജയം

ഇൻഡോർ: ആദ്യ ഇന്നിംഗ്‌സിലെ 258 റൺസ് ലീഡും രണ്ടാം ഇന്നിംഗ്‌സിലെ 216 റൺസ് എന്ന സ്‌കോറും ചേർന്ന് 474 റൺസെന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യൻ സ്പിന്നർമാർ വിജയം കൈപ്പിടിയിലൊതുക്കി.

രണ്ടാം ഇന്നിംഗ്‌സിൽ ഏഴ് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്ര അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ വിജയത്തിന്റെ യഥാർത്ഥ ശിൽപ്പികൾ. ലതാമിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഉമേഷ് യാദവാണ് ന്യൂസിലൻഡിന്റെ തകർച്ചയ്ക്ക് ആരംഭം കുറിച്ചത്. നാലാം ദിനത്തിൽ ഒരു പന്ത് മാത്രം എറിയാൻ ബാക്കിനിൽക്കെയായിരുന്നു വിജയം. ന്യൂസിലൻഡ് ബാറ്റിംഗ് നിരയിൽ ആർക്കും തിളങ്ങാനായില്ലെന്നത് ഇന്ത്യൻ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഓപ്പണർ ഗുപ്റ്റിൽ (29), വില്യംസൺ (27), ടെയ്‌ലർ (32), റോഞ്ചി (15), വാലറ്റനിരയിൽ വിക്കറ്റ് കീപ്പർ വാട്ട്‌ലിങ് (23), സാന്റർ (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. നീസാം, ജീത്തൻ പട്ടേൽ, ഹെന്റി എന്നിവർ റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ ലതാം (6), ബോൾട്ട് എന്നിവർക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല.
ചേതേശ്വർ പൂജാരയുടെ സെഞ്ച്വറിയുടെയും(101*) ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഗൗതം ഗംഭീറിന്റെ അർദ്ധ സെഞ്ച്വറിയുടെയും(50) മികവിൽ രണ്ടാം ഇന്നിംഗ്‌സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്ത ടീം ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്‌സിലെ 258 റൺസ് ലീഡ് ഉൾപ്പെടെ 474 റൺസായിരുന്നു ന്യൂസിലൻഡ് ടീമിന്റെ വിജയലക്ഷ്യം.

മൂന്നാം ദിവസം കളി നിറുത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റൺസ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്. ഇതിനിടെ റൺസിനായി ഓടുന്നതിനിടെ പരിക്കേറ്റ ഓപ്പണർ ഗംഭീറിന് പകരം ചേതേശ്വർ പൂജാരയെ കളത്തിലിറക്കിയിരുന്നു. ഇന്ന് കളി പുനരാരംഭിച്ചപ്പോൾ പൂജാരയും മുരളി വിജയും ചേർന്നാണ് ക്രീസിലെത്തിയത്.

14മത് ഓവറിൽ ഗുപ്റ്റിലും വിക്കറ്റ് കീപ്പർ വാട്ട്‌ലിങും ചേർന്ന് മുരളിയെ റണ്ണൗട്ടാക്കിയതിന് ശേഷം വീണ്ടും ഗംഭീർ ക്രീസിലെത്തി. തുടർന്നാണ് 56 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളോടെ 50 റൺസ് ഈ ഓപ്പണർ തികച്ചത്. അതിവേഗം സ്‌കോർ കണ്ടെത്തിയ ശേഷം ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയെന്ന കോച്ച് അനിൽ കുംബ്ലൈയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തന്ത്രമാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ ക്രീസിൽ പയറ്റിയത്.

ജീത്തൻ പട്ടേൽ എറിഞ്ഞ 30-ആം ഓവറിലെ അവസാന പന്തിൽ ടോട്ടൽ സ്‌കോർ 110ൽ നിൽക്കെ ഗുപ്റ്റിലിന് ക്യാച്ച് നൽകി ഗംഭീർ പുറത്തുപോയ ശേഷം ക്യാപ്റ്റൻ കോഹ്‌ലി ക്രീസിലെത്തിയെങ്കിലും കാര്യമായ സംഭാവന ചെയ്യാനായില്ല. വമ്പൻ സ്കോര്‍  ലക്ഷ്യമിട്ട കോഹ്‌ലി (17) ജീത്തൻ പട്ടേലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 40-ആം ഓവറിൽ ടോട്ടൽ സ്‌കോർ 158-ൽ നിൽക്കെയായിരുന്നു ക്യാപ്റ്റൻ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. പിന്നീടെത്തിയ രഹാനെ, ക്രീസിലുണ്ടായ പൂജാരയ്ക്ക് പരിപൂർണ്ണ പിന്തുണ നൽകി. 148 പന്തുകളിൽ നിന്നും 101 റൺസ് നേടിയ പൂജാര സെഞ്ച്വറി തികച്ചതോടെ ക്യാപ്റ്റൻ ഡിക്ലയർ ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഒമ്പതു ബൗണ്ടറികൾ ഉൾപ്പെട്ടതാണ് പുറത്താകാതെ നിന്ന പൂജാരയുടെ ഇന്നിംഗ്‌സ്. ഈ സമയം 20 പന്തുകളിൽ 23 റൺസുമായി രഹാനെയും ക്രീസിലുണ്ടായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ലതാമിനെ ന്യൂസിലൻഡിന് നഷ്ടമായി. ആറു റൺസെടുത്ത ലതാം  ഉമേഷ് യാദവ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വില്യംസനെ അശ്വിൻ 11-ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്തേക്ക് വഴികാണിച്ചു. അഞ്ചു ബൗണ്ടറികളോടെ 27 റൺസ് വില്യംസൺ എടുത്തിരുന്നു.

ടെയ്‌ലറെയും റോഞ്ചിയെയും സാന്ററെയും ജീത്തൻ പട്ടേലിനെയും അശ്വിൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഹെന്റിയെ ഷമിയുടെ കൈകളിലെത്തിച്ചും ബോൾട്ടിനെ കോട്ട് ആൻഡ് ബൗൾഡ് ആക്കിയുമായിരുന്നു പുറത്താക്കിയത്. ഇതുകൂടാതെ വില്യംസനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു.

ഗുപ്റ്റിലിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ജഡേജ നീസാമിനെ ക്യാപ്റ്റൻ കോഹ്ലിയുടെ കൈകളിലും എത്തിച്ചു. വാലറ്റത്ത് അൽപ്പമെങ്കിലും പ്രതിരോധിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വാട്ട്‌ലിങ് പുറത്താകാതെ നിന്നു. നാലാം ദിനത്തിലെ കളി നിറുത്താൻ ഒരു ദിവസം ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ വിജയം. അഞ്ചാം ദിവസത്തിൽ വിജയം പ്രതീക്ഷിച്ച് ഫീൽഡിംഗിന് ഇറങ്ങിയ ഇന്ത്യൻ ക്യാമ്പിന് കരുത്തേകുന്നതായി ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഈ അവിശ്വസനീയ വിജയം.


Story by
Read More >>