വിരാടിന് ഇരട്ട സെഞ്ച്വറി, രഹാനെയ്ക്ക് സെഞ്ച്വറി: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെടുത്ത ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്.

വിരാടിന് ഇരട്ട സെഞ്ച്വറി, രഹാനെയ്ക്ക് സെഞ്ച്വറി: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഇന്‍ഡോര്‍: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെടുത്ത ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്.

ഇന്നലെ ഒന്നാം ദിനം കളി നിറുത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി പുനരാരംഭിച്ച ശേഷം എട്ടാം ഓവറില്‍ തന്നെ ഇന്ത്യ സ്‌കോര്‍ 300 തികച്ചു. പിന്നീട് ഡ്രിങ്ക്‌സിന് കളി നിറുത്തുന്നതിന് മുന്‍പ് തന്നെ രഹാനെ സെഞ്ച്വറി നേടി. ഉച്ചഭക്ഷണത്തിന് കളി നിറുത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. തുടര്‍ന്ന് കളിയാരംഭിച്ചപ്പോള്‍ രഹാനെ 150 റണ്‍സ് തികച്ചു. ചായക്ക് പിരിയും മുന്‍പേ ക്യാപ്റ്റന്‍ കോഹ്ലിയും ഇരട്ട സെഞ്ച്വറി തികച്ചിരുന്നു. സ്‌കോര്‍ 465ല്‍ നില്‍ക്കെയാണ് ജീത്തന്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ കോഹ്ലി മടങ്ങിയ്ത. ഇതിനിടെ 365 റണ്‍സാണ് നാലാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 366 പന്തുകള്‍ നേരിട്ട കോഹ്ലി 20 ബൗണ്ടറികളോടെയാണ് 211 റണ്‍സെടുത്തത്.


പിന്നീടെത്തിയ രോഹിത് ശര്‍മ്മ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്. ഇതിനിടെ ടോട്ടല്‍ സ്‌കോര്‍ 504ല്‍ നില്‍ക്കെ രഹാനയും പുറത്തായി. 381 പന്തുകള്‍ നേരിട്ട രഹാനെയുടെ ഇന്നിംഗ്‌സ് 18 ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പെട്ടതാണ്. പിന്നീടെത്തിയ ജഡേജ, രോഹിത്തിന് മികച്ച പിന്തുണ നല്‍കി. രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി നേടിയതോടെ ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം ഗാലറിയിലിരുന്ന ക്യാപ്റ്റനില്‍ നിന്നുമെത്തി. ഇരുദിവസങ്ങളിലുമായി 169 ഓവറുകളിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിനു ശേഷം ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലന്‍ഡ് ഒമ്പത് ഓവറുകളാണ് കളിച്ചത്. ഓപ്പണര്‍ ഗുപ്റ്റില്‍ 17 റണ്‍സും ലതാം ആറു റണ്‍സുമായി ക്രീസിലുണ്ട്. ഒമ്പത് ഓവറുകള്‍ക്കിടെ ഷമി, ഉമേഷ് യാദവ്, അശ്വിന്‍, ജഡേജ എന്നിവരെ ക്യാപ്റ്റന്‍ മാറിമാറി ഉപയോഗിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ഇതോടെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ന്യൂസിലന്‍ഡ് 28 റണ്‍സെടുത്തു.

Read More >>