പാക്കിസ്ഥാനില്‍ നടക്കാനിരുന്ന ബാഡ്മിന്റണ്‍ പരമ്പരയില്‍നിന്നും ഇന്ത്യ പിന്മാറി

പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയതന്ത്രപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പരമ്പര ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്

പാക്കിസ്ഥാനില്‍ നടക്കാനിരുന്ന ബാഡ്മിന്റണ്‍ പരമ്പരയില്‍നിന്നും ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: ഈ മാസം അവസാനം ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ പരമ്പര ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബഹിഷ്‌കരിക്കും. പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയതന്ത്രപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പരമ്പര ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ''ബാഡ്മിന്റണ്‍ അസോസിയേഷനിലെ അംഗങ്ങളുടെയും ബാഡ്മിന്റണെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പേരില്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തിനൊപ്പം ഞങ്ങളും പിന്തുണ പ്രഖ്യാപിക്കുന്നു.'' ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഖിലേഷ് ദാസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.


ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് തങ്ങളുടെ തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ 21 വരെയാണ് ഇന്റര്‍നാഷണല്‍ സീരീസ് നടക്കുക.

19 ഇന്ത്യന്‍ സൈനികര്‍ മരിച്ച ഉറി ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഐ.സി.സിയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More >>