ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

അഞ്ചു മൽസര പരമ്പരയിൽ ന്യൂസീലൻഡിനെതിരെ 4–1 വിജയം നേടിയാൽ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്താം.

ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ധർമശാല: ടെസ്റ്റ്‌ പരമ്പര തൂത്തുവാരിയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും സമ്പൂര്‍ണ്ണ ജയംലക്ഷ്യമിട്ടു ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പര ഇന്ന് ധര്‍മ്മശാലയില്‍ ആരംഭിക്കും. പകൽ–രാത്രി മൽസരമാണ്. അതുകൊണ്ടു തന്നെ ടോസ് നിർണായകമാവും. ഇന്ത്യയുടെ 900–ാം ഏകദിന മൽസരമാണിത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീം.

മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ നായകനായി തിരിച്ചെത്തുന്ന പരമ്പരയില്‍ അശ്വിന്‍, ജഡെജ,ധവാന്‍, ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ്‌ ഷമി തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.


അഞ്ചു മൽസര പരമ്പരയിൽ ന്യൂസീലൻഡിനെതിരെ 4–1 വിജയം നേടിയാൽ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്താം. ഇപ്പോൾ 113 പോയിന്റുമായി ന്യൂസീലൻഡാണ് മൂന്നാമത്. 110 പോയിന്റുമായി ഇന്ത്യ നാലാമതും. കണക്കുകൾ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇന്ത്യയിൽ ന്യൂസീലൻഡ് ഏകദിന പരമ്പര ജയിച്ചിട്ടില്ല.

രണ്ടു ടീമുകളും ഇതുവരെ ഏകദിനത്തിൽ 93 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 46 എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 41 മൽസരങ്ങളിൽ ന്യൂസീലൻഡിനായിരുന്നു വിജയം. എന്നാൽ അവസാന അഞ്ച് ഏകദിനങ്ങളുടെ കണക്കെടുത്താൽ ന്യൂസീലൻഡിനാണു മുൻതൂക്കം. നാലു മൽസരങ്ങളിൽ അവർ ജയിച്ചു. ഒരു മൽസരം ടൈയിൽ കലാശിച്ചു.

ടീമുകൾ ഇവരിൽ നിന്ന്:

ഇന്ത്യ– മഹേന്ദ്ര സിങ് ധോണി, കോഹ്‌ലി, രഹാനെ, രോഹിത് ശർമ, മനീഷ് പാണ്ഡെ, ജയന്ത് യാദവ്, അക്‌ഷർ പട്ടേൽ, ജസ്പ്രിത് ബുമ്ര, കേദാർ ജാദവ്, മൻദീപ് സിങ്, അമിത് മിശ്ര, ധവാൽ കുൽക്കർണി, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ.
ന്യൂസീലൻഡ്–  കെയ്ൻ വില്യംസൺ, കോറി ആൻഡേഴ്സൺ, ട്രെന്റ് ബോൾട്ട്, ഡൗഗ് ബ്രെയ്സ്‌വെൽ, ആന്റൺ ഡെവ്‌സിച്, മാർട്ടിൻ ഗപ്റ്റിൽ, ടോം ലാതം, മാറ്റ് ഹെൻ‌റി, ജയിംസ് നീഷം, ലൂക്ക് റോങ്കി, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, റോസ് ടെയ്‌ലർ, വാട്‌ലിങ്, ടിം സൗത്തി.

Read More >>