പരമ്പര വിജയം തേടി ഇന്ത്യയും ന്യൂസിലൻഡും ഇന്ന് വിശാഖപട്ടണത്ത്; മത്സരം ധോണിക്കും നിർണ്ണായകം

ക്യാപ്റ്റനെന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിക്കും മത്സരം നിർണ്ണായകമാണ്. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ വൈറ്റ് വാഷിന് ശേഷം ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ ശക്തമായി തിരിച്ചുവന്നതിന്റെ കൂടി ഫലമാണ് പരമ്പര വിജയത്തിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നത്.

പരമ്പര വിജയം തേടി ഇന്ത്യയും ന്യൂസിലൻഡും ഇന്ന് വിശാഖപട്ടണത്ത്; മത്സരം ധോണിക്കും നിർണ്ണായകം

വിശാഖപട്ടണം: അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രണ്ടു വീതം ഇന്ത്യയും ന്യൂസിലൻഡും ജയിച്ചതോടെ ഫൈനലായി മാറിയ അഞ്ചാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഏകപക്ഷീയമായ ടെസ്റ്റ് മത്സരത്തിന് ശേഷം ഏകദിനത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടെത്തുന്ന കിവീസ് നിരയും സ്വന്തം നാട്ടിൽ തോൽക്കാതിരിക്കാൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ സംഘവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അഞ്ചാം ഏകദിനത്തിൽ തീപാറും.

ക്യാപ്റ്റനെന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിക്കും മത്സരം നിർണ്ണായകമാണ്. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ വൈറ്റ് വാഷിന് ശേഷം ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ ശക്തമായി തിരിച്ചുവന്നതിന്റെ കൂടി ഫലമാണ് പരമ്പര വിജയത്തിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നത്. ധർമ്മശാലയിൽ നടന്ന ആദ്യ ഏകദിനത്തിൽ തോറ്റശേഷം കിവികൾ ഡൽഹിയിൽ ആറ് റൺസ് വിജയം ആഘോഷിച്ചു. ഇന്ത്യൻ പര്യടനത്തിലെ കിവീസിന്റെ ആദ്യവിജയമായിരുന്നു അത്. മൊഹാലിയിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ റാഞ്ചിയിൽ 19 റൺസിന് ജയിച്ച് കിവികൾ അവസാന മത്സരം നിർണ്ണായകമാക്കി.


കോഹ്ലിയുടെ ചിറകിലേറിയായിരുന്നു ഇന്ത്യയുടെ രണ്ട് വിജയവും. ധർമ്മശാലയിൽ പുറത്താകാതെ നേടിയ 85 റൺസും മൊഹാലിയിൽ പുറത്താകാതെ നേടിയ 154 റൺസും ഇന്ത്യൻ വിജയത്തിന്റെ അടിത്തറയായപ്പോൾ മുൻനിരയിൽ രോഹിത് ശർമ്മയും മദ്ധ്യനിരയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ഇന്ത്യൻ വിജയത്തിന് ചിലപ്പോഴെങ്കിലും തടസമാകുന്നുണ്ട്. ഓപ്പണർ അജിൻക്യ രഹാനെയും നായകൻ ധോണിയും കോഹ്ലിയും മാത്രമാണ് ഫോമിലുള്ള ബാറ്റ്‌സ്മാൻമാർ. ഇതിൽ ധോണി പലപ്പോഴും ആത്മവിശ്വാസമില്ലാതെ കളത്തിൽ നിൽക്കുന്നത് ടീമിനെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്. അതിനാൽ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയിൽ എത്തേണ്ടത് ധോണിയുടെ കൂടി ആവശ്യമാണ്.