ധോണിയുടെ നാട്ടിൽ ടീം ഇന്ത്യക്ക് തോൽവി, ന്യൂസിലൻഡിന്റെ ജയം 16 റൺസിന്

ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും രണ്ടു വീതം മത്സരങ്ങൾ ജയിച്ചു സമനിലയിലാണ്. അതിനാൽ 29ന് വിശാഖപട്ടണത്ത് നടക്കുന്ന അഞ്ചാം ഏകദിനം യഥാർത്ഥത്തിൽ ഫൈനലായി മാറും.

ധോണിയുടെ നാട്ടിൽ ടീം ഇന്ത്യക്ക് തോൽവി, ന്യൂസിലൻഡിന്റെ ജയം 16 റൺസിന്

റാഞ്ചി: നായകന്റെ നാട്ടിൽ ന്യൂസിലൻഡിനെതിരെ നാലാം ഏകദിന മത്സരം കളിക്കാനിറങ്ങിയ ടീം ഇന്ത്യയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത കിവികൾ നിശ്ചിത 50 ഓവറിൽ 260 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 48.4 ഓവറിൽ ആളൗട്ടാകുന്നതിന് മുൻപ് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാലാം ഏകദിന മത്സരം 16 റൺസിന് ന്യൂസിലൻഡ് ജയിച്ചതോടെ പരമ്പരയിലെ അഞ്ചാം മത്സരം യഥാർത്ഥ ഫൈനലായി മാറും.

ന്യൂസിലൻഡ് ഉയർത്തിയ 260 റൺസ് എന്ന മാന്യമായ സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ അജിൻക്യ രഹാനെയ്ക്കും(57), 45 റൺസെടുത്ത വിരാട് കോഹ്ലിക്കും 38 റൺസെടുത്ത അക്ഷർ പട്ടേലിനും 25 റൺസുമായി പുറത്താകാതെ വാലറ്റത്ത് ചെറുത്തുനിന്ന ധവാൽ കുൽക്കർണിക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്.


കിവീസ് പേസർമാരായ ടിം സൗത്തി മൂന്നും ബോൾട്ടും നീഷാമും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ സ്പിന്നർമാരായ മിച്ചൽ സാന്ററും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും പിഴുതു. 11 റൺസെടുത്ത ഓപ്പണർ രോഹിത് ശർമ്മയെ വിക്കറ്റ് കീപ്പർ വാട്ട്‌ലിങ്ങിന്റെ കൈകളിലെത്തിച്ച് സൗത്തിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആദ്യ ആഘാതം നൽകിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ടോട്ടൽ സ്‌കോർ 19ൽ നിൽക്കുമ്പോഴായിരുന്നു അത്. പിന്നീടെത്തിയ കോഹ്ലി ഓപ്പണർ രഹാനെയുമൊത്ത് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയെങ്കിലും ഓഫ് സ്പിന്നർ സോധി എറിഞ്ഞ 20-ആം ഓവറിലെ അഞ്ചാം പന്തിൽ കോഹ്ലിയും വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി. ഈ സമയം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിരുന്നു.

സൗരവ് ഗാംഗുലിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ച് നാലാം സ്ഥാനക്കാരനായി ക്യാപ്റ്റൻ ധോണി ക്രീസിലെത്തിയെങ്കിലും ആത്മവിശ്വാസമില്ലായ്മ കളിയിൽ പ്രതിഫലിച്ചു. തട്ടിയും മുട്ടിയും നിന്ന ധോണി പതിയെ ഫിനിഷറായി മാറുമെന്ന് അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരും ആരാധകരും കരുതിയെങ്കിലും 36 പന്തുകൾ നേരിട്ട് 11 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ, നീഷാം എറിഞ്ഞ 30-ആം ഓവറിൽ ക്ലീൻ ബൗൾഡായി. ഇതിനുമുൻപേ 28-ആം ഓവറിൽ നീഷാം അർദ്ധ സെഞ്ച്വറി നേടിയ രഹാനെയെ വിക്കറ്റിന് മുന്നിൽ കുടുക്കിയിരുന്നു. 70 പന്തുകളിൽ നിന്നും അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെട്ടതായിരുന്നു രഹാനെയുടെ 57 റൺസ്.

രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേൽ മദ്ധ്യനിരയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ധോണിക്ക് ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ(12) ലഥാമിന്റെ കൈകളിലെത്തിച്ചും ഏഴാമനായെത്തിയ കേദാർ യാദവിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കിയും സൗത്തി പുറത്തേക്കു വഴി കാണിച്ചപ്പോൾ ഹർദിക് പാണ്ഡ്യയെ (9) ലഥാമിന്റെ കൈകളിലെത്തിച്ച് സാന്ററും മടക്കി. പിന്നീടെത്തിയ അമിത് മിശ്രയുമായി ചേർന്ന് അക്ഷർ ലക്ഷ്യത്തോട് അടുക്കുമെന്ന് തോന്നിച്ചെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പം 14 റൺസെടുത്ത മിശ്രയെ റണ്ണൗട്ടാക്കി. ടോട്ടൽ സ്‌കോർ 205ൽ നിൽക്കുമ്പോഴായിരുന്നു ഇത്. പിന്നീട് രണ്ടു റൺസ് കൂടിചേർക്കുന്നതിനിടെ 38 റൺസെടുത്ത അക്ഷർ പട്ടേലും മടങ്ങി. ബോൾട്ടിന്റെ പന്തിൽ അക്ഷർ ക്ലീൻ ബൗൾഡാകുകയായിരുന്നു. പിന്നീട് ക്രീസിലുണ്ടായിരുന്ന ധവൽ കുൽക്കർണിയും ഉമേഷ് യാദവും പത്താം വിക്കറ്റിൽ നേരിയ പ്രതീക്ഷ നൽകിയെങ്കിലും 49-ആം ഓവറിലെ നാലാം പന്തിൽ ബോൾട്ട് ഉമേഷിനെ ടെയ്‌ലറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയ്ക്ക് തോൽവി ഉറപ്പായി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഓപ്പണർ ഗപ്റ്റിലിന്റെ അർദ്ധ സെഞ്ച്വറിയുടെയും (84 പന്തിൽ 72 റൺസ്), ലതാമന്റെയും (39) വില്യംസനിന്റെയും (41) ടെയ്‌ലറുടെയും(35) ബാറ്റിംഗ് മികവിലാണ് 260 റൺസ് എടുത്തത്. അമിത് മിശ്ര രണ്ട് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവ്, ധവാൽ കുൽക്കർണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുതു. ഒക്ടോബർ 29ന് വിശാഖപട്ടണത്താണ് പരമ്പരയിലെ അഞ്ചാം മത്സരം.


Read More >>