ചൈനയ്‌ക്കെതിരെ ഗോൾമഴ പെയ്യിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയില്‍

ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനലിൽ

ചൈനയ്‌ക്കെതിരെ ഗോൾമഴ പെയ്യിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയില്‍

ക്വാൻടെൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ചൈനയ്‌ക്കെതിരെ ഗോൾമഴ തീർത്ത ടീം ഇന്ത്യക്ക് സെമി ഫൈനൽ ബർത്ത്. റൗണ്ട് റോബിൻ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് അയൽപക്കക്കാരെ ഇന്ത്യ തുരത്തിയത്.

അകാശ് ദീപ്, ജഡ്ജീത്ത് സിങ്, കുലാർ, അഫാൻ യൂസഫ് എന്നിവർ രണ്ട് ഗോൾ വീതവും രൂപീന്ദർ, നിഖിൽ തിമയ്യ, യൂസഫ് സ്ട്രക്ക് എന്നിവർ ഓരോ ഗോൾ വീതവും ഇന്ത്യയ്ക്ക് വേണ്ടി നേടി. ഇന്ത്യ നേടിയ ഒമ്പത് ഗോളുകളിൽ എട്ടെണ്ണവും ഫീൽഡ് ഗോളുകൾ ആയിരുന്നു എന്നതും പ്രത്യേകതയാണ്. രൂപീന്ദർ പാൽ നേടിയ ഗോൾ മാത്രമാണ് പെനാൽറ്റി കോർണറിലൂടെ ലഭിച്ചത്. ജയത്തോടെ ഇന്ത്യ പത്ത് പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തി. ഇന്ന് മലേഷ്യയ്‌ക്കെതിരെയാണ്

ലീഗിൽ ഇന്ത്യയുടെ അവസാന മത്സരം.

ചൈനയ്‌ക്കെതിരെ കളി തുടങ്ങിയത് മുതൽ ആക്രമണം ആരംഭിച്ച ഇന്ത്യ അകാശ് ദീപ് സിങ്ങിലൂടെ ഒമ്പതാം മിനുറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. വൈകാതെ അഫാൻ ഇന്ത്യയുടെ ലീഡ് രണ്ടാക്കിമാറ്റി. തുടർന്ന് ചൈനീസ് ഗോൾ കീപ്പർ തട്ടിക്കയറ്റിയ പന്ത് പിടിച്ചെടുത്ത് ജസ്ജീത്ത് ഇന്ത്യയുടെ മൂന്നാം
ഗോൾ നേടി. നാല് മിനുറ്റിനകം പെനാൽറ്റി കോർണർ ഗോളിലേക്ക് തിരിച്ചുവിട്ട് രൂപീന്ദർ പാൽ ഇന്ത്യയുടെ ലീഡ് നാലായി ഉയർത്തി.

ടൂർണമെന്റിൽ രൂപീന്ദറിന്റെ എട്ടാം ഗോളായിരുന്നു ഇത്. എട്ടും രൂപീന്ദർ നേടിയത് പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു. ഇതിനുശേഷം ഉടൻ തന്നെ രൂപീന്ദർ മറ്റൊരു പെനാൽറ്റി കോർണറും ഗോളാക്കിയെങ്കിലും റഫറി അനുവദിച്ചില്ല. സർക്കിളിനു പുറത്തു
നിന്നായിരുന്നു രൂപീന്ദർ ഷോട്ടെടുത്തത്.

ആദ്യ പകുതിയിൽ ഇന്ത്യ 4-0 ത്തിന് ലീഡ് ചെയ്തു. ഒന്നാം പകുതിയുടെ ബാക്കി തന്നെയായിരുന്നു രണ്ടാം പകുതിയും. സുരേന്ദറിന്റെ പാസിൽ നിന്ന് തകർപ്പൻ ഫിനിഷിംഗിലൂടെ നിഖിൽ ഇന്ത്യയുടെ ഗോൾ ശേഖരത്തിൽ അഞ്ചാം ഗോൾ ചേർത്തു. പിന്നീട് 37-ആം മിനുറ്റിൽ ലളിത ഉപാദ്ധ്യായയും 39-ആം മിനുറ്റിൽ അകാശ് ദീപും 40-ആം മിനുറ്റിൽ അഫാനും 51-ആം മിനുറ്റിൽ ജസ്ജീത്തും ഇന്ത്യയ്ക്കായി  ചൈനീസ് വല കുലുക്കി. കളി നിറുത്തുന്നതിന് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗോൾ മഴയിൽ നാണം കെട്ട് ചൈന കളംവിട്ടു. ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരായി ടീം ഇന്ത്യ മുന്നോട്ട്.

മൂന്നുകളികളിൽ നിന്ന് ഒമ്പത് പോയിന്റുള്ള മലേഷ്യയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ 3-2ന് തകർത്ത ഇന്ത്യ ആദ്യകളിയിൽ ജപ്പാനെതിരെ 10-2ന് ജയിച്ചിരുന്നു. അതിനു ശേഷമുള്ള വമ്പൻ ജയമായിരുന്നു ചൈനയ്‌ക്കെതിരെ ചൊവ്വാഴ്ച നേടിയത്.

Read More >>