നൂറു തവണ ആവര്‍ത്തിച്ചു സത്യമാക്കി മാറ്റിയ 'ഇന്ത്യന്‍ സിനിമാ' നുണകള്‍

ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന് കേട്ടിട്ടില്ലേ? അതുപോലെ, നമ്മുടെ സിനിമകള്‍ പല തവണ പറഞ്ഞു, നമുക്ക് തന്നെ ഇപ്പോള്‍ കണ്‍ഫ്യൂഷനായ ചില കാര്യങ്ങളുണ്ട്, അവയിലെ എത്രത്തോളം കഥയുണ്ട്, എത്രത്തോളം കെട്ടുകഥയുണ്ട്..

നൂറു തവണ ആവര്‍ത്തിച്ചു സത്യമാക്കി മാറ്റിയ

സിനിമയില്‍ എത്രത്തോളം ലോജിക്കിന് സ്ഥാനമുണ്ടെന്നു ചോദിച്ചാല്‍ അതിനു ഒരു അതിര്‍ കല്‍പ്പിക്കുക ബുദ്ധിമുട്ടാണ്. പ്രേക്ഷകന്റെ ബുദ്ധിക്കും ചിന്തയ്ക്കും അനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരാം. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന് കേട്ടിട്ടില്ലേ? അതുപോലെ, നമ്മുടെ സിനിമകള്‍ പല തവണ പറഞ്ഞു, നമുക്ക് തന്നെ ഇപ്പോള്‍ കണ്‍ഫ്യൂഷനായ ചില കാര്യങ്ങളുണ്ട്, അവയിലെ എത്രത്തോളം കഥയുണ്ട്, എത്രത്തോളം കെട്ടുകഥയുണ്ട്...


ബോളിവുഡില്‍ ഹിറ്റായ ബോര്‍ഡര്‍ എന്നാ ചിത്രത്തില്‍ സണ്ണി ഡിയോള്‍ പട്ടാളക്കാരന്റെ വേഷത്തില്‍ ശത്രുകള്‍ക്ക് എതിരെ പലതവണ ബസൂക്ക (ഒരു തരം തോക്ക്) ഉപയോഗിക്കുന്ന രംഗമുണ്ട്. പല പട്ടാള സിനിമകളിലും ബസൂക്ക കൊണ്ടു തുരുതുരെ വെടിവയ്ക്കുന്ന രംഗം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സത്യത്തില്‍ ബസൂക്കയ്ക്ക് സിനിമാക്കാര്‍ കാണിക്കുന്ന അത്രയും കഴിവൊന്നുമില്ല ! റീലോഡ് ചെയ്തു ഉപയോഗിക്കേണ്ട ഈ ആയുധം ഒരു തവണ മാത്രമാണ് പൊട്ടുന്നത്. പിന്നീട് വീണ്ടും വെടിമരുന്ന് നിറച്ചു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ഇതുപോലെ തന്നെ ഇന്ത്യന്‍ സിനിമകളില്‍ പതിവായി കാണുന്ന രംഗമാണ്, സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൊണ്ടുള്ള 'നീറ്റ്' വെടി. അപ്പുറത്തെ മുറിയില്‍ ഉറങ്ങി കിടക്കുന്ന അമ്മാവന്‍ പോലുമറിയാതെ വില്ലനെ കൊന്നിട്ട് പോകുന്ന ഒരുപാട് നായകന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് ഒരു പരിധി വരെ സത്യമല്ല. സൈലന്‍സര്‍ ഒരിക്കലും എല്ലാം നിശബ്ദമാക്കില്ല, സൈലന്‍സര്‍ ഘടിപ്പിച്ചാലും വെടിയുടെ ഒച്ച കേള്‍ക്കുവാന്‍ സാധിക്കും.!

യന്തിരന്‍ പോലുള്ള സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ കണ്ടവര്‍ക്ക് മനസിലാകും, നായകന്‍ ഒരേ സമയം ഇരു കൈകളിലുമായി തോക്കുകള്‍ വച്ചു നാല് ഭാഗത്ത് നിന്നും വരുന്ന വില്ലന്മാരെ വെടി വച്ച് വീഴ്ത്തുന്നത്. ഇതും സാധാരണയൊരു മനുഷ്യനു സാധ്യമല്ല, ഇനി അങ്ങനെ കഴിഞ്ഞാല്‍ തന്നെ ഒരു വെടിയെങ്കിലും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ അയാള്‍ക്ക് ഒരുപാട് വിയര്‍ക്കേണ്ടി വരും.

ഒരു കാലത്ത് ഹിന്ദി സിനിമകളിലെ ഫൈറ്റ് സീനുകളിലെ പതിവ് ക്ഷണിതാക്കളായിരുന്നു മഴയും കുഴല്‍ കിണറും. മഴയത്ത് കുഴല്‍ കിണര്‍ നിലത്ത് നിന്നും വലിച്ചൂരി അടിക്കുന്ന നായകനെ നമ്മള്‍ കൈയടിച്ചു സ്വീകരിച്ചിട്ടുണ്ട്. പക്ഷെ സത്യം ഇതാണ്, ഒരു ആന വിചാരിച്ചാല്‍ പോലും കുഴല്‍ കിണര്‍ നിലത്ത് നിന്നും അത്രപെട്ടനൊന്നും വലിച്ചൂരി എടുക്കാന്‍ സാധിക്കില്ല.

120- 140 കിമി സ്പീഡില്‍ ഓടി വരുന്ന കാറില്‍ നിന്നും ചാടി ഇറങ്ങി വില്ലന്മാരുടെ അടുത്തേക്ക് ഓടുന്ന നായകന്മാരെ കണ്ടിട്ടില്ലേ? അവരെ കണ്ടു ആവേശം കയറി ഒരു 60- 80 കിമി സ്പീഡില്‍ പോകുന്ന കാറില്‍ നിന്നും ഒന്ന് ചാടി നോക്കു. മൂക്കും കുത്തി താഴെ വീഴും. പിന്നെ എങ്ങനാ ഇതിലും സ്പീഡില്‍ വരുന്ന വണ്ടിയില്‍ നിന്നും അവര്‍ കൂളായി ചാടിയതെന്ന് ചോദിച്ചാല്‍, അതാണ്‌ സിനിമ !

കയ്യില്‍ താക്കോല്‍ ഇല്ലെങ്കില്‍ പൂട്ട്‌ എങ്ങനെ തുറക്കും, നല്ല സ്റ്റൈലന്‍ നായകനാണെങ്കില്‍ ഒന്നും നോക്കില്ല, തോക്കെടുത്ത് പൂട്ടിന്റെ നെറുകയില്‍ വെടി വയ്ക്കും. ഒറ്റ വെടിയില്‍ പൂട്ട്‌ തുറക്കുകയും ചെയ്യും. പക്ഷെ അങ്ങനെ ഒറ്റ വെടി കൊണ്ട് മാത്രം പൊട്ടി പൊളിഞ്ഞു പോകുന്ന പൂട്ടൊന്നും രാജ്യത്തെ ഒരു പൂട്ട്‌ കമ്പനിക്കാരും ഉണ്ടാക്കുന്നില്ലയെന്നാണ് വിവരം.

ഗ്രനേഡ് പിന്‍ വായ കൊണ്ട് കടിച്ചു മുറിച്ചു വില്ലന്മാര്‍ക്ക് നേരെ എറിയുന്നു ശിവാജിയെ ഓര്‍മ്മയുണ്ടോ? സമതിക്കണം, കാരണം ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ പല്ല് മൊത്തം കയ്യിലിരുന്നെനെ.

തട്ടികൊണ്ട് പോകാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കാലങ്ങളായി ആവര്‍ത്തിച്ചു പോരുന്ന ചില രീതികളുണ്ട്. അതെ, ക്ലോറോഫോം തന്നെ ! ഒരു നുള്ള് ക്ലോറോഫോം ഒരു രണ്ടു സെക്കന്റ്‌ മണപ്പിച്ച് ദിവസങ്ങളോളം മയക്കിക്കെടുത്തിയ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ സത്യത്തില്‍ ഒരാള്‍ക്ക് 'ക്ലോറോഫോം' ഇഫക്ട് വരണമെങ്കില്‍ ചുരുങ്ങിയത് അഞ്ചു മിനിറ്റെങ്കിലും മണപിക്കണം. ആ  ഇഫക്ട് വളരെ കുറച്ചു നേരം മാത്രമേ നിലനില്‍ക്കുകയുള്ളൂതാനും.

'സിന്‍ദഗി നാ മിലേഗ ദുബാര' കണ്ടവര്‍ക്ക് ഇനി പറയാന്‍ പോകുന്നത് കലങ്ങും. ചിത്രത്തില്‍ സ്കൈ ഡൈവിംഗ് നടത്തുന്ന നായകന്മാര്‍ പരസ്പരം സംസാരിച്ചു കുശാലമൊക്കെ പറഞ്ഞു പതിയെ താഴേക്ക് വരുന്ന സീനുണ്ട്. എന്നാല്‍, ഇത്തരം ഒരു അവസരത്തില്‍ കാറ്റിന്റെ വേഗതയും ശബ്ദവും കാരണം നമ്മള്‍  ബധിരരായി പോവുകയാണ് സാധാരണ സംഭവിക്കുന്നത്. 

ഇനിയുമുണ്ട്, ഇടിയും വെടിയും സാഹസവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ സിനിമകള്‍ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച ഒരുപിടി നുണകള്‍, അത് മറ്റൊരവസരത്തില്‍...