പാണ്ഡ്യ എറിഞ്ഞിട്ടു, കോഹ്ലി അടിച്ചെടുത്തു; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഒക്‌ടോബര്‍ 20ന് ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടക്കും.

പാണ്ഡ്യ എറിഞ്ഞിട്ടു, കോഹ്ലി അടിച്ചെടുത്തു; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയംധര്‍മ്മശാല: ആദ്യ ഏകദിന മത്സരം കളിച്ച ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ഉപനായകന്‍ വിരാട് കോഹ്ലിയുടേയും മികവില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റും 101 പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു.  ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഏഴു ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ന്യൂസിലൻഡ് ഓപ്പണർ ഗപ്റ്റിൽ, ക്വോറി ആൻഡേഴ്‌സൺ, റോഞ്ചി എന്നിവരുടെ വിക്കറ്റെടുത്ത
ഹർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.

സ്‌കോര്‍- ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190ന് പുറത്ത് & ഇന്ത്യ ഓവറില്‍ 33.1 ഓവറില്‍ നാലിന് 194


81 പന്തില്‍ പുറത്താകാതെ 85 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. അജിന്‍ക്യ രഹാനെ 33 റണ്‍സും നായകന്‍ ധോണി 21 റണ്‍സും നേടി.  10 റണ്‍സോടെ കേദാര്‍ ജാദവ് പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനുവേണ്ടി ബ്രെയ്‌സ്‌വെല്‍, നീഷാം, സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190 റണ്‍സിന് പുറത്താകുകയായിരുന്നു. ഒരവസരത്തില്‍ ഏഴിന് 65 എന്ന നിലയിലേക്ക് തകര്‍ന്നുപോയ ന്യൂസിലാന്‍ഡിനെ കരകയറ്റിയത് ഓപ്പണര്‍ ടോം ലഥാമിന്റെ അപരാജിത പോരാട്ടമാണ്. വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ടാണ് കീവികളുടെ സ്‌കോര്‍ 190 വരെ എത്തിച്ചത്. ടോം ലഥാം പുറത്താകാതെ 79 റണ്‍സും ടിം സൗത്തി 55 റണ്‍സും നേടി.

ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് ശേഷം ഏകദിനത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലൻഡിന് രണ്ടാം ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ഗപ്റ്റിലിനെ നഷ്ടമായി. 12 റൺസെടുത്ത മാർട്ടിനെ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ചാണ് ഹർദിക് പാണ്ഡ്യ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. 14 റൺസ് മാത്രമായിരുന്നു ഈ സമയം ന്യൂസിലൻഡിന്റെ ടോട്ടൽ സ്‌കോർ. വൺ ഡൗണായി ഇറങ്ങിയ വില്യംസനെ അഞ്ചാം ഓവറിലെ അവസാന പന്തിൽ ഉമേഷ് യാദവ് മിശ്രയുടെ കൈകളിൽ എത്തിച്ചു. ടോട്ടൽ സ്‌കോർ 29ൽ നിൽക്കെയാണ് മൂന്നു റൺസെടുത്ത
വില്യംസൻ പുറത്തായത്. തുടർന്ന് സ്‌കോർ 65ൽ എത്തുന്നതിനിടെ അഞ്ചു മുൻനിര വിക്കറ്റുകൾ കൂടി വീണു.റൺസെടുക്കും മുൻപേ ടെയ്‌ലറെ ഉമേഷ് യാദവ് ക്യാപ്റ്റൻ കൂളിന്റെ കൈകളില്‍ എത്തിച്ചപ്പോൾ നാലു റൺസെടുത്ത ആൻഡേഴ്‌സനെയും റൺസൊന്നും എടുക്കാത്ത
വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റോഞ്ചിയെയും ഉമേഷ് യാദവിന്റെ കൈകളിൽ എത്തിച്ച് ഹർദിക് പാണ്ഡ്യയും മടക്കി. കോട്ട് ആൻഡ് ബൗൾഡ് പ്രകടനത്തിലൂടെ പത്തു റൺസെടുത്ത ജയിംസ് നീഷാമിനെയും റൺസൊന്നും എടുക്കാത്ത മിച്ചൽ സാന്ററിനെയും കേദാർ യാദവ് പവലിയനിൽ എത്തിച്ചു.

ഈ സമയമെല്ലാം ഓപ്പണറായി ഇറങ്ങിയ ലതാം ഒരു വശത്ത് പിടിച്ചുനിൽക്കുന്നുണ്ടായിരുന്നു. സാന്റർ ഔട്ടായ ശേഷം ക്രീസിലെത്തിയ ബ്രേസ് വെല്ലുമൊത്ത് ലതാം കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 32-ആം ഓവറിൽ രഹാനെയുടെ കൈകളിൽ ബ്രേസ് വെല്ലിനെ എത്തിച്ച് അമിത് മിശ്ര അത് പൊളിച്ചു. ഇതോടെ ന്യൂസിലൻഡ് എട്ടിന് 106 റൺസ് നിലയിൽ. പത്താമനായി ക്രീസിലെത്തിയ ടിം സൗത്തിയുടെ പ്രകടനമാണ് ടീമിനെ കരകയറ്റിയത്. അർദ്ധസെഞ്ച്വറി നേടിയ സൗത്തി 42-ആം ഓവറിൽ അമിത് മിശ്രയുടെ പന്തിൽ പാണ്ഡെയ്ക്ക് ക്യാച്ച് നൽകി പുറത്തുപോകുമ്പോൾ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തിരുന്നു. 76 റൺസിന്റെ കൂട്ടുകെട്ടാണ്
ഓപ്പണർ ലതാമും സൗത്തിയും ചേർന്ന് പടുത്തുയർത്തിയത്.

സൗത്തിക്ക് ശേഷം ക്രീസിലെത്തിയ സോധി അമിത് മിശ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ 43.5 ഓവറിൽ 190 റൺസെടുത്ത ന്യൂസിലൻഡ് ഓൾ ഔട്ട്. പാണ്ഡ്യ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് രണ്ടും കേദാർ യാദവ് രണ്ടും അമിത് മിശ്ര മൂന്നും വിക്കറ്റുകൾ പിഴുതു.

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഒക്‌ടോബര്‍ 20ന് ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടക്കും.

Read More >>