ധോണി അടിച്ചു നിരത്തി, കോഹ്ലി ഇടിച്ചു വീഴ്ത്തി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10 പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ധോണി അടിച്ചു നിരത്തി, കോഹ്ലി ഇടിച്ചു വീഴ്ത്തി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം

മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1 ലീഡ് ചെയ്യുന്നു.

സ്കോര്‍ ന്യൂസിലന്‍ഡ് 49.4 ഓവറില്‍ 284ന് ഓള്‍ ഔട്ട്, ഇന്ത്യ 48.2 ഓവറില്‍ 289/3

154 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്ലിയും കോഹ്ലിയുമായി 151 റണ്‍സ് കൂട്ടുക്കെട്ടുണ്ടാക്കിയ നായകന്‍ ധോണിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനായാസ ജയം ഒരുക്കിയത്. ധോണി 80 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നിട്ടു. 28 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയായിരുന്നു വിജയത്തില്‍ കൊഹ്‌ലിയുടെ കൂട്ട്.


തുടര്‍ച്ചയായ മൂന്നാം തവണയും ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കീവീസ് മികച്ച തുടക്കത്തിനുശേഷം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെങ്കിലും വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഒരുഘട്ടത്തില്‍ 153/2 എന്ന മികച്ച നിലയിലായിരുന്ന കീവികള്‍ 199/8ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു 285 റണ്‍സ് എന്ന മാന്യമായ സ്കോര്‍ നേടിയത്.  ഒമ്പതാം വിക്കറ്റില്‍ ജിമ്മി നീഷാമും(47 പന്തില്‍ 57) മാറ്റ് ഹെന്‍റിയും(39) 84 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കീവിസിനെ കരകയറ്റിയത്.

കീവിസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(13) അജിങ്ക്യാ രഹാനെയും(5) മഞ്ഞുവീഴ്ച തുടങ്ങും മുമ്പെ ക്രീസ് വിട്ടു. 41/2 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യ ധോണി ക്രീസിലിറങ്ങിയതോടെ ടോപ് ഗിയറിലായി. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ധോണി ആക്രമിച്ച് കളിച്ചപ്പോള്‍ കോഹ്ലി പിന്തുണക്കാരനായി.

104 പന്തിലാണ് കോഹ്ലി തന്റെ  ഇരുപത്തിയാറാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. റണ്‍സ് പിന്തുടരുമ്പോള്‍ നേടുന്ന പതിനാറാം സെഞ്ചുറിയും.

Read More >>