തൃശൂര്‍ക്കാരിയും അമേരിക്കക്കാരിയും സിനിമയുണ്ടാക്കുന്നു; ഫേസ്ബുക്ക് ചാറ്റിലൂടെ

രണ്ട് രാജ്യങ്ങള്‍, രണ്ട് ചലച്ചിത്രകാരികള്‍, 8000 മൈലുകള്‍, ഒരു സിനിമ. ഇതുവരെ തമ്മില്‍ കണ്ടിട്ടില്ല, ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ചാറ്റ്‌ബോക്‌സ് മാത്രമാണ് തമ്മില്‍ കാണുന്ന ഇടം. ഉമ കേരളത്തില്‍ നിന്നും നിക്കോള്‍ അമേരിക്കയില്‍ നിന്നും. പുഴയുടെ പേരുള്ള രണ്ട് പെണ്ണുങ്ങളുടെ കഥയാണ് ഹാസ്യസിനിമയാകുന്നത്. നിളയെന്നും ഹോളിയെന്നും പേര്. കടലിന് അക്കരെയിക്കരെ അവര്‍ക്ക് സഞ്ചരിക്കണം- തുടര്‍ന്നു വായിക്കുക

തൃശൂര്‍ക്കാരിയും അമേരിക്കക്കാരിയും സിനിമയുണ്ടാക്കുന്നു; ഫേസ്ബുക്ക് ചാറ്റിലൂടെ

ഫേസ്ബുക്ക് ചാറ്റിലൂടൊരു സിനിമ സംഭവിക്കുന്നു. മലയാളിയായ ഉമാ കുമാരപുരവും ലോസ് ഏഞ്ചല്‍സ് സ്വദേശിനി നിക്കോളും സ്വന്തം സിനിമ സ്വപ്‌നം കണ്ടതും നടപ്പിലാക്കുന്നതും ഫേസ്ബുക്ക് ചാറ്റിലൂടെയാണ്. ഒരിക്കല്‍ പോലും നേരിട്ടോ, ഫോണിലൂടെയൊ സംസാരിച്ചിട്ടില്ലാത്ത ഇവര്‍ സ്വന്തമായി സിനിമ ചെയ്യാന്‍ പോകുന്നു. രണ്ട് വന്‍കരകളില്‍ ജീവിക്കുന്ന പെണ്‍കുട്ടികളുടെ കഥ പറയുന്ന സിനിമയ്ക്ക് എക്രോസ് ദ ഓഷ്യന്‍ എന്നാണ് പേര്. നിള എന്ന മലയാളിപ്പെണ്‍കുട്ടിയ്ക്കും ഹോളി എന്ന അമേരിക്കക്കാരിയ്ക്കും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല, പക്ഷെ ഇവരുടെ ജീവതമാണ് എക്രസ് ദി ഓഷ്യന്റെ പ്രമേയം. മലയാളിയായ നിളയ്ക്ക് അമേരിക്കയിലേക്കും ഹോളിക്ക് ഇന്ത്യയിലേക്കും യാത്ര ചെയ്യണമെന്നതാണ് ജീവിതാഭിലാഷം. ഇതിനായി നടത്തുന്ന ശ്രമങ്ങള്‍ ഹാസ്യത്തിലവതരിപ്പിക്കുകയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം. ഇംഗ്ലീഷ് - മലയാളം ഇന്റര്‍കട്ട് പാറ്റേണിലാണ് സിനിമ അവതരിപ്പിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചു. ഫേസ്ബുക്ക് ചാറ്റിലൂടെ ഒരു സിനിമയുണ്ടായ കഥ പറയാം:
2013 ലാണ് തൃശൂര്‍ സ്വദേശിയായ ഉമ കുമാരപുരം നിക്കോല്‍ ഡോണാര്‍ഡിയോയെ പരിചയപ്പെടുന്നത്. ഉമ അന്ന് ബോളിവുഡിലെ് ക്യാമറമാനായ സന്തോഷ് തുണ്ടിയിലിന്റെ ക്യമറ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്നു. സ്വന്തമായി സിനിമ ചെയ്യണം എന്നൊരു ആഗ്രഹം മനസില്‍ മുളപെട്ടിവരുന്നതേയുള്ളു. ലിയാണോ ഡിക്കാപ്രിയോയുടെ ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിന് ഒരു പാരഡി വെര്‍ഷന്‍ ഫേസ്ബുക്കില്‍ കണ്ടു. വുമണ്‍ ഓഫ് വാള്‍ സ്ട്രീറ്റ് എന്നാണ് പാരഡിയുടെ പേര്. സിനിമയുടെ ജെന്‍ഡര്‍ റിവേഴ്‌സ് അറ്റംപ്റ്റ് ആണ് സംഭവം. ട്രെയിലര്‍ കണ്ടപ്പോഴെ ഇഷ്ടപ്പെട്ടു. സംവിധായികയുടെ പേര് ശ്രദ്ധിച്ചു. നിക്കോള്‍ ഡോണാള്‍ഡിയ.

അമേരിക്കന്‍ ടിവി ഷോ പ്രൊഡ്യൂസറാണ്. ടെലിവിഷന്‍, സിനിമ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വനിത. പ്രൊഫൈല്‍ ഒന്നൂകൂടെ പരിശോധിച്ച ശേഷം ഉമ ഒരു 'ഹായ് പറഞ്ഞു. മറുപടി വന്നു. വുമണ്‍ ഓഫ് വാള്‍ സ്ട്രീറ്റ് അറ്റംപ്റ്റ് കൊള്ളാമെന്നും, റിവേഴ്സ് ജെന്‍ഡര്‍ ശ്രമം കൊള്ളാമെന്നും ഉമ പറഞ്ഞു. അവര്‍ സന്തോഷം പ്രകടിപ്പിച്ചു. അഭിനന്ദനങ്ങള്‍ക്ക് നന്ദിയും വന്നു. കഴിഞ്ഞു, അതായിരുന്നു ആദ്യത്തെ ചാറ്റ്. പിന്നീട് ചാറ്റുകള്‍ തുടര്‍ന്നു. സിനിമ- ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്ന സമാനതയാണ് ഇരുവരേയും തമ്മില്‍ അടുപ്പിച്ചത്. പരിചയപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ നിക്കോള്‍ ആശയം അവതരിപ്പിച്ചു. ' രണ്ട് രാജ്യങ്ങള്‍, രണ്ട് ചലച്ചിത്രകാരികള്‍, 8000 മൈലുകള്‍, ഒരു സിനിമ' - ആ ആശയം ഏഴുമാസങ്ങള്‍ക്ക് ശേഷമാണ് വര്‍ക്കാകാന്‍ തുടങ്ങിയത്.


മലയാളവും ഇംഗ്ലീഷും സംസാരിക്കുന്ന ഒരു ഇന്‍ഡി - അമേരിക്കന്‍ സിനിമ ചെയ്യാന്‍ ഇരുവരും ഫേസ്ബുക്ക് ചാറ്റില്‍ തീരുമാനമെടുത്തു. പിന്നീട് ഏത് ജോണര്‍ വേണമെന്നായി ചര്‍ച്ച. പ്രധാന കഥാപ്രാത്രങ്ങളെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടത്തി. തങ്ങളുടെ പ്രായമുള്ള രണ്ട് വനിതകളെ പ്രധാനകഥാപാത്രങ്ങളാക്കിയാല്‍ രസകരമായിരിക്കും എന്നൊരു അഭിപ്രായം വന്നു. ഒടുവില്‍ അത് ഫിക്‌സ് ചെയ്തു. ഇനി സിനിമയുടെ സ്വഭാവം, അത് കോമഡി മതിയെന്നും തീരുമാനമായി. ഇരുവരും സ്‌ക്രിപ്റ്റ് എഴുതാന്‍ ആരംഭിച്ചു. എഴുതിയത് പരസ്പരം കൈമാറും, അഭിപ്രായം പറയും, കേള്‍ക്കും, ചര്‍ച്ച ചെയ്യും, തിരുത്തും അതായിരുന്നു പ്രോസസ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയ്ക്കുള്ള തിരക്കഥ തയ്യാറായി.രണ്ടുപേരും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരായാതിനാല്‍ കുറഞ്ഞ ചെലവില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇരുവര്‍ക്കും മനസിലായി. 11 ലക്ഷം രൂപയാണ് ഇരുവരും സിനിമയ്ക്ക് വേണ്ടി ഇട്ട ബജറ്റ്.ക്രൗഡ് ഫണ്ടിങ്ങിലൂടെ ഈ തുക കണ്ടെത്താനാണ് ഇവരുടെ തീരുമാനം. പ്രൊജക്ട് ഡിസൈനും വൈബ്‌സൈറ്റുമുണ്ടാക്കി ക്യാംപെയ്ന്‍ ആരംഭിച്ചു. ഇതിനായി ചെയ്ത പ്രോജക്ട് ക്യാംപെയിന്‍ വീഡിയോയ്ക്ക് ഭേദപ്പെട്ട പ്രതകരണം ലഭിച്ചതോടെ ഇവര്‍ ഉത്സാഹത്തിലാണ്. അടുത്ത രണ്ടുമാസം കൊണ്ട് സിനിമ ചിത്രീകരിച്ച് ഡ്രോപ് ബോക്‌സ്, ഡ്രൈവ് എന്നിവയിലിട്ട് രണ്ടു പേര്‍ക്കും കാണാവുന്ന സംവിധാനത്തില്‍ എഡിറ്റും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ചെയ്തു സിനിമയെത്തിക്കാനാണ് ഇരുവരുടേയും പദ്ധതി.

ഇതൊരു ഫെസ്റ്റിവല്‍ ടൈപ്പ് ചിത്രമായിരിക്കുമെന്ന് സംവിധായിക ഉമ പറഞ്ഞു. രണ്ടു സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ ഹാസ്യത്തിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചിത്രം മുപ്പത് മിനിട്ട് മലയാളത്തിലും മുപ്പത് മിനിട്ട് ഇംഗ്ലീഷിലുമാണ്, എന്നാല്‍ ഇത് ഇന്റര്‍കട്ട് പാറ്റേണില്‍ അവതരിപ്പിക്കുമ്പോള്‍ രസകരമായ ഇന്‍ഡി- അമേരിക്കന്‍ സിനിമ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സിനിമയുടെ മലയാളം ഭാഗത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് സിജ റോസ്, ശ്രീരാം രാമചന്ദ്രന്‍, മുത്തുമണി എന്നിവരാണ്. ബാക്കി കഥാപാത്രങ്ങളുടെ കാസ്റ്റിങ് നടക്കുന്നതെയുള്ളു. അമേരിക്കന്‍ ഭാഗത്ത് ആറ് പ്രധാന കഥാപാത്രങ്ങളുണ്ട്. ഇവയുടേയും കാസ്റ്റിങ് ജോലികള്‍ നടക്കുന്നു.
അമേരിക്കയിലും ഇന്‍ഡ്യയിലുമായി രണ്ടു ഘട്ടമായിട്ടാണ് ക്രൗഡ് ഫണ്ടിങ് ജോലികള്‍ നടക്കുന്നത്. അവിടെ നിക്കോളിന്റെ ഭാഗത്ത് നിന്നുള്ള ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ കേരളത്തിലേത് ആരംഭിക്കുമെന്നും ഉമ പറഞ്ഞു- സിനിമ ഇറങ്ങിയാലും ഇരുവരും തമ്മില്‍ കാണുമോ എന്ന് അറിയില്ല. പരസ്പരം കാണാതെ സിനിമയുണ്ടാക്കുന്നതിന്റെ ത്രില്ല് അത്രയ്ക്ക് വലുതാണ് ഇരുവര്‍ക്കും!!


ഉമയുടേയും നിക്കോളിന്റെയും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.