സ്ത്രീധനത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് മജിസ്ട്രേറ്റ് വക പീഡനം; ഭാര്യാപിതാവിന്റെ പേരിൽ പല സ്റ്റേഷനുകളിലായി പതിനേഴു കേസുകൾ..

സ്ത്രീധനത്തുകയ്ക്കും ഭൂമിയ്ക്കും വേണ്ടി ഒരു ന്യായാധിപന്‍ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കാനിറങ്ങുമ്പോൾ തങ്ങളെപ്പോലുളള സാധാരണക്കാർക്ക് ജീവിക്കാന്‍ വയ്യാത്ത സാഹചര്യമുണ്ടാകുമെന്നും ഏതു നിമിഷവും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യവും തങ്ങള്‍ മുന്‍കുട്ടിക്കാണുന്നുവെന്നും ഷിഹാബുദ്ദീനും നസീമയും പറയുന്നു.

സ്ത്രീധനത്തിനുവേണ്ടി പോലീസിനെ ഉപയോഗിച്ച് മജിസ്ട്രേറ്റ് വക പീഡനം; ഭാര്യാപിതാവിന്റെ പേരിൽ പല സ്റ്റേഷനുകളിലായി പതിനേഴു കേസുകൾ..

പത്തനാപുരം :  സ്ത്രീധനത്തുകയും കാറും വസ്തുവും കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഭാര്യാപിതാവിനെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  സമീർ  കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി ആരോപണം.  കുളത്തൂപ്പുഴ സ്വദേശി  ഷിഹാബുദ്ദീന്റെ പേരിൽ പല പോലീസ് സ്റ്റേഷനുകളിലായി ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടത് പതിനെട്ടു കേസുകൾ.  സ്റ്റേഷനുകളിലും കോടതികളിലുമായി കയറിയിറങ്ങുകയാണ് വൃക്കരോഗിയായ ഷിഹാബുദ്ദീൻ.

മരുമകന്റെ പീഡനത്തെക്കുറിച്ച് ഷിഹാബുദ്ദീന്‍റെയും ഭാര്യ നസീമയുടെയും പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. മറുഭാഗത്ത് മജിസ്ട്രേറ്റായതുകാരണം പോലീസുകാർ പരാതി കൈപ്പറ്റാൻ മടിക്കുന്നുവെന്നാണ് അവർ പറയുന്നത്.


ഇതാണ് മജിസ്ട്രേറ്റു കൈപ്പറ്റിയ സ്ത്രീധനം; എന്നിട്ടും കണ്ണിൽച്ചോരയില്ലാത്ത പീഡനം


തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ സമീര്‍ 2010 ജൂണ്‍ 13നാണ് ഷിഹാബുദ്ദീന്റേയും നസീമയുടെയും മകളായ ഷിഹാനയെ വിവാഹം കഴിച്ചത്. 135 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപ അച്ചാരവും 10 ലക്ഷം രൂപയുടെ വാഹനവുമാണ് സ്ത്രീധനമായി വാങ്ങിയതെന്ന് ഷിഹാനയുടെ മാതാപിതാക്കൾ പറയുന്നു. എംബിബിഎസ് ബിരുദധാരിയാണ് ഷിഹാന. എന്നാൽ തങ്ങളുടെ മകളെ ജോലിയ്ക്കു വിടാൻ മജിസ്ട്രേറ്റ് അനുവദിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

കൊല്ലം കുളത്തൂപ്പുഴ ടൗണിലെ ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന ഏഴ് മുറികളടങ്ങിയ കടയും മകളുടെ പേരില്‍ എഴുതിക്കൊടുത്തു. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ഫര്‍ണ്ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങി നൽകി. സ്ത്രീധനമായി നല്‍കിയ കാർ പില്‍ക്കാലത്ത് സമീർ വിറ്റു. പിന്നീടൊരു കാർ കൂടി വേണമെന്നു പറഞ്ഞപ്പോൾ അതും താൻ വാങ്ങിക്കൊടുത്തുവെന്ന് ഷിഹാബുദ്ദീൻ പറയുന്നു. കുളത്തൂപ്പുഴയിൽ നല്ല നിലയിൽ ഹോം അപ്ലയൻസ് ഷോറൂമും മെഡിക്കൽ സ്റ്റോറും നടത്തി വരികയായിരുന്നു ഷിഹാബുദ്ദീൻ.

മൂന്നു വർഷമായി മകളെ കാണാൻ മാതാപിതാക്കളെ അനുവദിക്കാത്ത മജിസ്ട്രേറ്റ് 


പെറ്റുപോറ്റി ബിഡിഎസ് വരെ പഠിപ്പിക്കുകയും തങ്ങള്‍ക്ക്  താങ്ങാവുന്നതിലധികം പൊന്നും പണവും നല്‍കി മജിസ്‌ട്രേറ്റു  വിവാഹം കഴിച്ചു നൽകുകയും ചെയ്ത മകളെ കാണാൻ ഈ മാതാപിതാക്കൾക്ക് മൂന്നു വർഷമായി അനുവാദമില്ല.

മകളുടെ പ്രസവകാര്യങ്ങളൊന്നും  ഷിഹാബുദ്ദീനും ഭാര്യയും അറിഞ്ഞിരുന്നില്ല. കുട്ടികളെ കാണാൻ പോലും അവർക്ക് അനുവാദമില്ല.  കുഞ്ഞിനെക്കാണാന്‍ സമീറിന്റെ പിതാവിന്റെ അനുവാദത്തോടെ അവരുടെ വീട്ടിലെത്തിയ തന്നേയും ഭാര്യയേയും സമീര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഷിഹാബുദ്ദീന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

കൂടാതെ, ഇവരെ മർദ്ദിച്ച് ഇറക്കി വിട്ടതിനു ശേഷം, തന്റെ വീട്ടിൽ അതിക്രമിച്ചു കടന്നുവെന്നാരോപിച്ച്  പൊലീസിനെക്കൊണ്ട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

മജിസ്ട്രേറ്റിന്റെ അടങ്ങാത്ത പണക്കൊതി

സമീറിനു വാങ്ങിനൽകിയ രണ്ടാമത്തെ കാറിന്റെ വിൽപനയോടെയാണ് പ്രശ്നങ്ങൾ മൂർദ്ധന്യത്തിലെത്തിയത് എന്ന് ഷിഹാബുദ്ദീൻ പറയുന്നു. ഈ കാർ വിൽക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഏഴര ലക്ഷം രൂപ കൊടുത്തു താൻ തന്നെ ഇത് മടക്കി വാങ്ങി മകന്റെ പേരിൽ രജിസ്റ്റർ ചെയ്തു. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഈ കാർ വിൽക്കാൻ ശ്രമിച്ചപ്പോൾ സമീർ പ്രശ്നമുണ്ടാക്കി - ഷിഹാബുദ്ദീൻ പറയുന്നു.

പിന്നീട് കാര്‍ ഷിഹാബുദ്ദീന്‍ വിറ്റു. ഈ കാര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട്  തന്റെ അധികാരമുപയോഗിച്ച് മജിസ്ട്രേറ്റ് പൊലീസിനെക്കൊണ്ട് ഷിഹാബുദ്ദനേയും കാര്‍ വാങ്ങിയ വ്യക്തിയേയും ഭീഷണിപ്പെടുത്തി.

തന്റെ പേരില്‍ക്കൂടിയുള്ള കാര്‍ താനറിയാതെ വിറ്റുവെന്ന് കാണിച്ച്  ഷിഹാനയെക്കൊണ്ടാണ് പിതാവിനെതിരെ പരാതി നൽകിച്ചത്.

ഭാര്യയുടെ സ്വത്തു കൈക്കലാക്കാൻ പോലീസിനെ ഉപയോഗിക്കുന്ന മജിസ്ട്രേറ്റ്

കുളത്തൂപ്പുഴ ടൗണിലെ വസ്തുവും കെട്ടിടവും മകളുടെ പേരില്‍ എഴുതി നല്‍കിയെങ്കിലും അതില്‍ ഷിഹാബുദ്ദീന്റെ ജീവനാംശം പറഞ്ഞു നല്‍കിയിരുന്നു. ഇതിനു മുന്‍പ്  തന്നെ കടമുറികളില്‍ നിന്നും കിട്ടുന്ന വരുമാനം സമീര്‍ ഭാര്യയെക്കൊണ്ട് ചോദിപ്പിക്കുകയും അത് ഷിഹാബുദ്ദീന്‍ നല്‍കുയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടവും പുരയിടവും വില്‍ക്കാനുള്ള സമീറിന്റെ ശ്രമങ്ങളെ ഷിഹാബുദീന്‍ എതിര്‍ത്തതോടെ ഇരുവരും തമ്മില്ലുള്ള സ്പര്‍ധ വര്‍ധിച്ചു.

പുരയിടവും കെട്ടിടവും വില്‍ക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും പക്ഷേ ആ തുകയ്ക്ക് വാങ്ങുന്ന പുരയിടം തന്‍റെ മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഷിഹാബുദ്ദീന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതൊരിക്കലും നടക്കില്ലെന്ന് മരുമകന്‍  മജിസ്ട്രേറ്റ് പറഞ്ഞുവെന്ന് ഷിഹാബുദ്ദീന്‍ ആരോപിക്കുന്നു.

കുഞ്ഞിനെക്കാണാന്‍ വീട്ടിലെത്തിയ സംഭവത്തില്‍ ഷിഹാബുദ്ദീനെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെങ്കില്‍ കുളത്തൂപ്പുഴയിലെ വീടും പുരയിടവും വില്‍ക്കാന്‍ സമ്മതിക്കണമെന്നാണ് സമീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താൻ അതിനു വഴങ്ങിയില്ല. തന്റെയും ഭാര്യയുടേയും പേരില്‍ മകളും മരുമകനും നല്‍കിയ കേസില്‍ ഒരുദിവസം ദമ്പതികള്‍ക്ക് പോലീസ് സ്‌റ്റേഷനിലും കഴിയേണ്ടി വന്നു.

തന്റെ മകനെതിരെയും മജിസ്‌ട്രേറ്റിന്റെ ഭീഷണിയുണ്ടായതായി ഇവര്‍ പറയുന്നു. അക്കാരണം കൊണ്ടുതന്നെ എല്‍എല്‍ബിക്കു പഠിച്ചുകൊണ്ടിരുന്ന മകന്റെ പഠിത്തം അവസാനിപ്പിച്ച്‌  വിസിറ്റിംഗ് വിസയില്‍ അവനെ വിദേശത്തേക്ക് അയക്കേണ്ടി വന്നു ഈ വൃദ്ധനു. ഗുരുതരമായ കിഡ്‌നി രോഗം ബാധിച്ചിരിക്കുന്ന ഷിഹാബുദ്ദിന്‍ ഇപ്പോള്‍ മരുമകനും മകളും നല്‍കിയ കേസുകള്‍ക്കു പിറകേ നടക്കുകയാണ്.

തന്റെ മകളെ നിര്‍ബന്ധിപ്പിച്ചാണ് തനിക്കെതിരെ കേസുകള്‍ നല്‍കിപ്പിക്കുന്നതെന്ന് ഷിഹാബുദ്ദീന്‍ പറയുന്നു. മൂന്ന് വര്‍ഷത്തിലധികമായി തന്റെ മകളെയോ അവളുടെ കുഞ്ഞുങ്ങളേയോ തനിക്കോ ഭാര്യയ്‌ക്കോ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മകള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തങ്ങള്‍ക്ക് അറിയില്ല.

ജനങ്ങള്‍ക്ക് നീതി നടപ്പാക്കേണ്ട ഒരു ന്യായാധിപന്‍ തന്നെ നിസഹായര്‍ക്ക് നീതി നിഷേധിക്കുന്ന സംഭവമാണിതെന്നും ഈ സ്ഥിതി തുടര്‍ന്നുപോയാല്‍ തങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു. ശാരീരിക- മാനസിക പീഡനങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ ധ്വംസനം കൂടിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sameer 1Sameer 2ആത്മഹത്യാക്കുറിപ്പു തയ്യാർ, ഏതു നിമിഷവും വേണ്ടി വരുമെന്ന് ഷിഹാബുദ്ദീൻ

ആദ്യ വര്‍ഷങ്ങളില്‍ ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപൊയിരുന്നവരാണ് തങ്ങളും മകളുടെ ഭർത്താവിന്റെ കുടുംബവും. സമീറിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും, സ്വത്തിനോടുള്ള ആര്‍ത്തി മാത്രമല്ലെന്നും മറ്റു ചില പ്രശ്നങ്ങളും ഇതിനു പുറകിലുണ്ടെന്നുമാണ് ഷിഹാബുദ്ദീന്‍ വിശ്വസിക്കുന്നത്.

സ്ത്രീധനത്തുകയ്ക്കും ഭൂമിയ്ക്കും വേണ്ടി ഒരു ന്യായാധിപന്‍ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കാനിറങ്ങുമ്പോൾ തങ്ങളെപ്പോലുളള സാധാരണക്കാർക്ക്  ജീവിക്കാന്‍ വയ്യാത്ത സാഹചര്യമുണ്ടാകുമെന്നും  ഏതു നിമിഷവും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യവും തങ്ങള്‍ മുന്‍കുട്ടിക്കാണുന്നുവെന്നുമാണ് ഈ വൃദ്ധ ദമ്പതികളുടെ പക്ഷം.

അതുകൊണ്ടുതന്നെ കൈയില്‍ കാര്യകാരണങ്ങള്‍ വിവരിച്ചുള്ള ആത്മഹത്യകുറിപ്പും ഞങ്ങള്‍ കരുതുന്നു- ഷിഹാബുദ്ദീന്‍ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങേളാട് പ്രതികരിക്കാൻ സമീർ തയ്യാറായില്ല. അതിനെപ്പറ്റി ഒന്നും സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ഒരു ജുഡീഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ അപരിചിതനായ താങ്കളോട് തനിക്ക് സംസാരിക്കാനാകില്ലെന്നുമായിരുന്നു  മജിസ്ട്രേറ്റ് നാരദാ ന്യൂസിനോട് പ്രതികരിച്ചത്.

Read More >>