"പാക് പ്രധാനമന്ത്രിക്ക് സമ്മർദ്ദമുണ്ടാകുമ്പോള്‍ നിയന്ത്രണരേഖയിൽ സംഘർഷം ഉടലെടുക്കുന്നു": ഇമ്രാന്‍ ഖാന്‍

നവാസ് ഷെരീഫിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ രംഗത്ത്

"പാക് പ്രധാനമന്ത്രിക്ക് സമ്മർദ്ദമുണ്ടാകുമ്പോള്‍ നിയന്ത്രണരേഖയിൽ സംഘർഷം ഉടലെടുക്കുന്നു": ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് പാക്കിസ്ഥാൻ തെഹരീകെ ഇൻസാഫ് (പിടിഐ) നേതാവും മുന്‍ പാക്ക് ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാൻ ഖാൻ. രാജ്യത്തെ സൈന്യത്തെ ഒറ്റപ്പെടുത്തി അവരുടെ ആത്മവീര്യം കെടുത്തുകയാണ് നവാസ് ഷെരീഫെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. നവാസ് ഷരീഫിനുമേൽ എപ്പോഴൊക്കെ സമ്മർദ്ദം ഉണ്ടാകുന്നോ അപ്പോഴെല്ലാം നിയന്ത്രണരേഖയിൽ സംഘർഷം ഉടലെടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


നവംബർ രണ്ടിന് പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദ് സ്തംഭിപ്പിക്കാനുള്ള പിടിഐയുടെ തീരുമാനം രാജ്യത്ത് ഒരു മൂന്നാം ശക്തിയുടെ ഉദയത്തിനു കാരണമായാൽ അതിന്റെ ഉത്തരവാദി നവാസ് ഷെരീഫ് മാത്രമായിരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഒരു  മൂന്നാം ശക്തിയെ ഉയർത്തിക്കൊണ്ടു വരികയല്ല പിടിഐ നടത്തുന്ന നഗരം സ്തംഭിപ്പിക്കൽ പദ്ധതിയുടെ ലക്ഷ്യമെന്നുന്ന് വിശദീകരിച്ച  ഇമ്രാൻ, ഭീകരവാദികൾക്കെതിരെ സൈന്യം നടത്തിയ സാർബി ആസ്ബ് ഓപ്പറേഷൻ മുതൽ ബലൂചിസ്ഥാനിലെയും കറാച്ചിയിലെയും ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും, പഞ്ചാബ് പ്രവിശ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ സംഘമായ ഛോട്ടു ഗാങ്ങിനെ തുരത്തുന്നതിലും സൈന്യം നൽകിയ സംഭാവനകൾ മറക്കാവുന്നതല്ലായെന്നും ചൂണ്ടിക്കാട്ടി.

ബ്രിട്ടനിൽ ഷരീഫ് കുടുംബം കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ രേഖകൾ പാനമ പേപ്പേഴ്സ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ, കള്ളപ്പണ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം നവാസ് ഷെരീഫ് ഏറ്റെടുക്കുന്നതുവരെ പാക്ക് സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാൻ ഖാന്റെ പാർട്ടി തലസ്ഥാന നഗരം സ്തംഭിപ്പിക്കുന്നത്.

Read More >>