മലമ്പുഴ ഡാമിൽ മാഫിയാ കാവലിൽ റിസർവോയർ നികത്തി റിസോർട്ട് നിർമാണ നീക്കം; ആർക്കും പരാതിയില്ലെന്ന് ഉദ്യോഗസ്ഥർ

മലമ്പുഴ ഉദ്യാനത്തിൽനിന്ന് പതിനെട്ടു കിലോമീറ്റർ മാറിയുള്ള കൊച്ചിതോട് ആദിവാസി കോളനിക്കു സമീപം റിസർവോയർ നികത്തി റിസോർട്ടു പണിയാൻ ഭൂമി കയ്യേറിക്കൊണ്ടിരിക്കുകയാണ് മാഫിയ സംഘങ്ങൾ. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സന്ദർശനം വിലക്കി കയ്യേറ്റം മുന്നേറുന്ന പ്രദേശത്ത് നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും.

മലമ്പുഴ ഡാമിൽ മാഫിയാ കാവലിൽ റിസർവോയർ നികത്തി റിസോർട്ട് നിർമാണ നീക്കം;  ആർക്കും പരാതിയില്ലെന്ന് ഉദ്യോഗസ്ഥർ

പാലക്കാട്: മലമ്പുഴ ഡാമില്‍ വെള്ളം സംഭരിച്ചുനിര്‍ത്തുന്ന റിസര്‍വോയറില്‍ മണ്ണിട്ടുനികത്തി അനധികൃത റിസോര്‍ട്ട്, ഫ്ളാറ്റ് നിര്‍മ്മാണം. ഡാം അതോറിറ്റി മുതല്‍ സ്ഥലമുള്‍പ്പെട്ട പഞ്ചായത്തിലെ സെക്രട്ടറി വരെ അറിയാതെയാണ് ഏതാനും ആഴ്ചകളായി റിസര്‍വോയര്‍ നികത്തല്‍ മുന്നോട്ടു പോകുന്നത്.
മലമ്പുഴ ഉദ്യാനത്തില്‍നിന്ന് പതിനെട്ടു കിലോമീറ്റര്‍ മാറിയുള്ള കൊച്ചിതോട് ആദിവാസി കോളനിക്കു സമീപമാണ് കയ്യേറ്റം. വന്‍ സന്നാഹങ്ങളോടെയാണ് പണി നടക്കുന്നതെന്നിട്ടും അധികൃതരുടെ ശ്രദ്ധയിലിതു പതിയാത്തതില്‍ ദുരൂഹതകളുണ്ട്.


കയ്യേറ്റം നടക്കുന്നത് ആദിവാസി കോളനിക്കു ചാരെ പരസ്യമായി

മലമ്പുഴയിലെ ഉദ്യാനത്തില്‍ നിന്ന് ആനക്കല്ല് റിംഗ് റോഡിലൂടെ യാത്രചെയ്താല്‍ എത്തുന്നതാണ് കൊച്ചിതോട് ആദിവാസി കോളനി. ഈ പ്രദേശത്ത് നല്ല റോഡാണുള്ളത്. റോഡിന്റെ ഒരു ഭാഗത്ത് മലമ്പുഴ ഡാമിന്റെ റിസര്‍വോയറായ പുഴയും മറുഭാഗത്ത് മലയും കാടും ആദിവാസികളുടെ കോളനികളും. നാട്ടില്‍നിന്നു വന്ന് കാട് വെട്ടിപ്പിടിച്ചവരുടെ തോട്ടങ്ങളാണ് പിന്നെ ഇവിടെയധികവും. മഴക്കാലമാണ് കഴിഞ്ഞുപോയതെന്നോര്‍മ്മിപ്പിക്കും വിധത്തില്‍, കുറച്ച് ആഴ്ചകൂടി കഴിഞ്ഞാല്‍ വറ്റാന്‍ തയ്യാറെടുക്കുന്ന കൊച്ചരുവികളും ഇടക്ക് കാണാം.

[caption id="attachment_49471" align="aligncenter" width="640"]malabuzha-4 വെള്ളമില്ലാത്ത റിസര്‍വോയര്‍[/caption]

എസ്റ്റേറ്റുകള്‍ കാണുന്നിടത്തൊക്കെ നാലു ഭാഗത്തും വൈദ്യുത കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടാല്‍ ഷോക്കടിച്ച് തെറിച്ചുവീഴുകയോ ജീവന്‍ നഷ്ടപ്പെടുത്തുകയോ ചെയ്യുന്ന വേലികള്‍. ആദിവാസി ജനവാസകേന്ദ്രത്തിലാണിതെന്നോര്‍ക്കണം.

[caption id="attachment_49473" align="aligncenter" width="640"]malambuzha-5 റോഡരികില്‍ സ്ഥാപിച്ച വൈദ്യുത വേലികള്‍[/caption]

സ്ഥിരം പരിചയമായതിനാല്‍ ആദിവാസികളോ കുട്ടികളോ ഇതില്‍ തൊടാറില്ല. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്ളതുകൊണ്ട് കാടുകാണാന്‍ വരുന്നവരും ഷോക്കേല്‍ക്കാതെ രക്ഷപ്പെടും. ഇതൊന്നുമറിയാത്തത് കാട്ടാനകള്‍ വരെയുള്ള വന്യജീവികളാണ്. അവയ്ക്ക് ഷോക്കടിക്കുന്നതും ചാകുന്നതുമെല്ലാം പുറത്തറിയാതെ പോകും. ഇത്രയും കാഴ്ചകളുള്ള റോഡില്‍ നിന്ന് ഒട്ടും ദൂരെയല്ലാതെയുള്ള റിസര്‍വോയര്‍ ഭാഗമാണ് ഭൂമാഫിയ നികത്തുന്നത്.

മുപ്പതേക്കറോളം റിസര്‍വോയര്‍ ഭൂമി ഇതിനകം കയ്യേറ്റക്കാരുടെ കയ്യില്‍

ഈ റോഡില്‍ ഇരുഭാഗത്തുമായി മൂന്ന് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് ഭൂമി വാങ്ങിയതോടെയാണ് ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന റിസര്‍വോയര്‍ ഭാഗം നികത്താന്‍ തുടങ്ങിയത്. റോഡിന്റെ ഒരു ഭാഗം ഉയര്‍ന്ന ഇടമാണ്. ഈ ഭാഗത്തെ മണ്ണ് ജെ.സി ബി ഉപയോഗിച്ച് നിരപ്പാക്കുകയായിരുന്നു ആദ്യം കയ്യേറ്റക്കാര്‍. പിന്നെ എതിര്‍വശത്ത് താഴ്ന്ന നിരപ്പില്‍ കിടന്നിരുന്ന ഭൂമി റോഡിനൊപ്പമാക്കി ഉയര്‍ത്തി.

[caption id="attachment_49468" align="aligncenter" width="640"]malambuzha-3 റിസര്‍വോയറില്‍ മണ്ണിട്ട് നികത്തുന്നു[/caption]

അത് പൂര്‍ത്തിയായതോടെയാണ് ഈ സ്ഥലത്തോട് ചേര്‍ന്നുള്ള റിസര്‍വോയര്‍ നികത്താന്‍ തുടങ്ങിയത്. നിരത്തിയ ഏക്കര്‍ക്കണക്കിന് റിസര്‍വോയര്‍ പ്രദേശം ഇവരുടെ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. റിസര്‍വോയറാണ് നികത്തുന്നതെന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാകും. മുപ്പതേക്കര്‍ ഭൂമിയോളം ഏതാണ്ടിവിടെ നികത്തിക്കഴിഞ്ഞു.

സിസി ടി വി ക്യാമറകള്‍വച്ച് നിരീക്ഷണവും ഗുണ്ടായിസവും

സ്വകാര്യഭൂമി നികത്താന്‍പോലും പ്രത്യേകാനുമതി ആവശ്യമുള്ള സ്ഥലമാണിത്. മണ്ണിട്ട് നികത്തുന്നത് മലമ്പുഴ ഡാമില്‍ വെള്ളം സംഭരിച്ചു നിര്‍ത്തുന്ന റിസര്‍വോയറിലാണെന്നതിനാല്‍ ശക്തമായ സുരക്ഷ സന്നാഹങ്ങളൊരുക്കിയാണ് അനധികൃത നികത്തല്‍ പുരോഗമിക്കുന്നത്. പ്രദേശത്ത് ആരു വന്നാലും അറിയാന്‍ സി.സി. ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് ആരെങ്കിലും വന്നാല്‍ തടയാന്‍ യുവാക്കള്‍ ജോലിക്കാരായുണ്ട്. സ്ഥലത്തെത്തുന്നവരില്‍ കാമറയോ മൊബൈല്‍ ഫോണോ കണ്ടാല്‍ ഇവര്‍ പിടിച്ചുവെക്കും. ഫോട്ടോ എടുത്തില്ലെന്ന് ഉറപ്പാക്കിയശേഷമേ പറഞ്ഞുവിടൂ.

ഇവര്‍ക്കു പുറമെ, കാര്യങ്ങള്‍ നിരീക്ഷിക്കാനും സി.സി. ടി വി ദൃശൃങ്ങള്‍ കാണാനും മേല്‍നോട്ടക്കാര്‍ വേറെയുമുണ്ട്. ദൃശൃങ്ങള്‍ ഓണ്‍ലൈനില്‍ മുതലാളിമാര്‍ക്കും കാണാം. 'നിങ്ങളെ തടഞ്ഞില്ലെങ്കില്‍ മുതലാളിമാര്‍ ഈ ദൃശൃങ്ങള്‍ കാമറയിലൂടെ കാണും. ഞങ്ങളുടെ പണി പോകും' ദൃശൃങ്ങള്‍ പകര്‍ത്താനായി ശ്രമിച്ച നാരദാ ന്യൂസിനെ തടഞ്ഞുകൊണ്ട് സ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി പറഞ്ഞു.

നാരദ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭൂമാഫിയയുടെ കാവല്‍ക്കാരറിയാതെ


കുറച്ചകലെ കൊച്ചിതോട് ആദിവാസി കോളനിയില്‍ അവരുടെ കുടിലുകളുടെ പിറകുവശത്തൂടെകടന്ന് റിസര്‍വോയറില്‍ ഇറങ്ങിയാണ് റിസര്‍വോയര്‍ നികത്തുന്ന ചിത്രങ്ങള്‍ നാരദാ ന്യൂസ് എടുത്തത്. അല്പംകഴിഞ്ഞപ്പോഴേക്കും അവിടേക്ക് നേരത്തെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ തൊഴിലാളിയെത്തി. അയാളുടെ വീടും അവിടത്തെ ആദിവാസി കോളനിയിലാണ്.

ഈ കോളനിയിലെ അഭ്യസ്തവിദ്യരായ യുവാക്കളെ തൊഴിലിടത്തില്‍ സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ് തുടങ്ങിയ പേരുകളില്‍ നിയമിച്ച് ഇവരെക്കൊണ്ട് മണ്ണുനികത്തല്‍ ജോലിയും ചെയ്യിക്കുകയാണ് ഭൂമാഫിയയെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായി. പ്രദേശവാസികളായ ആദിവാസികളുടെ പിന്തുണ ഇതുവഴി നേടിയാണ് റിസര്‍വോയര്‍ കയ്യേറ്റമെന്നും നാരദാ ന്യൂസിന് ബോധ്യപ്പെട്ടു.

ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുള്ള കയ്യേറ്റം

കഴിഞ്ഞവര്‍ഷം ഈ സമയം നിറഞ്ഞുകിടന്നിരുന്ന റിസര്‍വോയറിന്റെ പലഭാഗത്തും ഇപ്പോള്‍ വെള്ളമില്ല. വെള്ളമില്ലാത്ത റിസര്‍വോയറില്‍ കുഴിച്ചാണ് ആദിവാസികള്‍ കുടിവെള്ളമെടുക്കുന്നത്. വര്‍ഷങ്ങളായി അവര്‍ കുടിവെള്ളത്തിന് ചെയ്തുവരുന്നത് ഇതാണ്!

കുടിവെള്ളപദ്ധതിക്ക് കോടികള്‍ മുടക്കിയിട്ടും ഒരു പൈപ്പുപോലും ഈ വഴി കടന്നുചെന്നിട്ടില്ല. ഉള്ള പൈപ്പുകളില്‍ ഒരിക്കലും വെള്ളംവരികയുമില്ല.

പക്ഷെ ഇപ്പോള്‍ ഡാമിനകത്തെ കുഴികളിലും വെള്ളം വറ്റുകയാണ്. കടുത്ത വേനലിലാണ് മുമ്പ് വറ്റിയിരുന്നതെങ്കില്‍ ഇപ്പോഴത് നേരത്തെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ ഇതും കിട്ടാതെയാവുമെന്ന് വ്യക്തം. ഇപ്പോള്‍ത്തന്നെ ദൂരസ്ഥലങ്ങളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കാനുകളിലാക്കി വെള്ളം വാങ്ങിവരേണ്ട അവസ്ഥയാണെന്ന് ഒരു ആദിവാസി യുവാവ് നാരദ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_49464" align="aligncenter" width="640"]malambuzha-1 ആദിവാസികള്‍ റിസര്‍വോയറില്‍ വെള്ളത്തിനുവേണ്ടി കുഴിച്ച കുഴി[/caption]

റിസര്‍വോയറിന്റെ പലഭാഗത്തും വെള്ളമില്ലെങ്കിലും ഉള്ളിടത്തേക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സഞ്ചാരികള്‍ വാഹനങ്ങള്‍ ഇറക്കി കഴുകുന്നു. സഞ്ചാരികളായെത്തുന്നവര്‍ മാലിന്യം തള്ളുന്നതും ഇതിനകത്താണ്.

ആദിവാസികള്‍പോലും തൊടാന്‍ മടിക്കുന്ന ഒരുതരം വിഷച്ചെടി റിസര്‍വോയറിനകത്ത് നിറയെയുണ്ട്. ഇതിന്റെ ശരിയായ പേരു പോലും ആര്‍ക്കുമറിയില്ല. തമിഴ്നാട്ടില്‍ നിന്ന് മേയാനെത്തിയ ചെമ്മരിയാടിന്‍കൂട്ടത്തിന്റെ തൊലിയില്‍ പറ്റിപ്പിടിച്ചെത്തിയ വിത്താണത്രേ ഇത്. ഇപ്പോള്‍ ഇച്ചെടിയുടെ കാടാണ് ഇവിടെ പരക്കെ. തൊട്ടാല്‍ ചൊറിയുന്ന ഇലയുള്ള ചെടിയുടെ മുള്ള് തട്ടി മുറിഞ്ഞാല്‍ മുറിവ് ഉണങ്ങുകയുമില്ലത്രെ. ഈ ചെടി ഉള്ള ഭാഗത്തെ വെള്ളംപോലും ആദിവാസികള്‍ തൊടില്ല. റിസര്‍വേയറിനകത്ത് ഈ ചെടികള്‍ വെയിലില്‍ ഉണങ്ങി നില്‍ക്കുന്നത് കണ്ടാല്‍ കറുത്ത വെള്ളം കെട്ടിനില്‍ക്കുകയാണെന്നെ ഒറ്റനോട്ടത്തില്‍ കരുതൂ.

[caption id="attachment_49462" align="aligncenter" width="640"]malambuzha-2 വെള്ളമില്ലാത്ത റിസര്‍വോയറില്‍ ഉണങ്ങി നില്‍ക്കുന്ന വിഷപ്പുല്ലുകള്‍[/caption]

മലമ്പുഴ ഡാമില്‍ നിന്നാണ് പാലക്കാട് ജില്ലയുടെ ഭൂരിഭാഗം പ്രദേശത്തേക്കും കുടിവെള്ളത്തിനും കൃഷിക്കും വെള്ളമെത്തുന്നത്. സമീപ ജില്ലയായ മലപ്പുറത്തിനും മലമ്പുഴ കുടിവെള്ളം നല്‍കുന്നുണ്ട്. ഈ ഡാം ഇല്ലാതായാല്‍ പാലക്കാട് ജില്ലയിലെ കൃഷി പൂര്‍ണമായും ഇല്ലാതാവും. ലക്ഷങ്ങളുടെ കുടിവെളളവും മുട്ടും.

മലമ്പുഴയില്‍ ഇനി ഒരു മാസത്തിനുള്ള വെള്ളം പോലും തികയില്ല. അതിനിടക്കാണ് ഉള്ള വെള്ളവും മുട്ടിക്കുന്ന വിധത്തില്‍ റിസര്‍വോയര്‍ നികത്തല്‍.

ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്തിനും അനക്കമില്ല


റിസര്‍വോയര്‍ നികത്താന്‍ തുടങ്ങിയതിനെപ്പറ്റി അറിയില്ലെന്ന് മലമ്പുഴ പഞ്ചായത്ത് സെക്രട്ടറി നാരദാ ന്യൂസിനോട് പറഞ്ഞു. പരാതികളൊന്നും കിട്ടിയിട്ടില്ല. കിട്ടിയാലും അന്വേഷിക്കേണ്ടത് ഇറിഗേഷന്‍ വകുപ്പാണെന്നും സെക്രട്ടറി മറുപടി നല്‍കി.

ഇറിഗേഷന്‍ വകുപ്പിലും കയ്യേറ്റം സംബന്ധിച്ച് അറിവ് കിട്ടിയിട്ടില്ലത്രെ. അറിഞ്ഞുവരുമ്പോഴേക്കും റിസര്‍വേയറില്‍ റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാകും എന്നതാണ് ഇവിടുത്തെ സ്ഥിതി.

Edited by E. Rajesh

Story by