''ഞാന്‍ ദളിതനാണ്, എന്നെ മര്‍ദ്ദിക്കുമ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നു''; സഹപാഠികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്ന വിദ്യാര്‍ത്ഥി നേരിട്ട ദുരവസ്ഥ പറയുന്നു

''നിങ്ങള്‍ ഈ വീഡിയോ മാത്രമല്ലേ കണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നെയവര്‍ ദിവസവും മര്‍ദ്ദിക്കുകയാണ്.എന്നെ മര്‍ദ്ദിക്കുന്നത് അവര്‍ക്ക് സന്തോഷം നല്‍കുന്നുവെന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അത് വീണ്ടും വീണ്ടും കാണാനാണ് അവര്‍ അത് ക്യാമറയില്‍ പകര്‍ത്തിയത്.''

വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ക്ലാസ് റൂമില്‍ സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിലും മറ്റും ഏറെ ചര്‍ച്ചയായിരുന്നു. ബിഹാറിലെ മുസഫര്‍ നഗറിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിനെതുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ മര്‍ദ്ദിക്കുന്നതെന്തിനെന്ന് 16 വയസ്സുള്ള വിദ്യാര്‍ത്ഥി വെളിപ്പെടുത്തുകയാണ്.

''എന്നെയെന്തിനാണ് അവര്‍ മര്‍ദ്ദിച്ചതെന്നും ഞാനെന്തിനാണ് മിണ്ടാതിരിക്കുന്നതെന്നും വീഡിയോ കണ്ട നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. പൊലീസിനോടും സഹപാഠികളോടും മാധ്യമങ്ങളോടും ഇത് പറഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ച് ഓര്‍ക്കുന്നത് എന്നെ തളര്‍ത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


ഞാന്‍ നല്ല മനുഷ്യനാകണം എന്ന ആഗ്രഹമാണ് അധ്യാപകനായ അച്ഛനുള്ളത്. ഏറ്റവും മികച്ചത് എന്ന അര്‍ത്ഥം വരുന്ന പേരാണ് എനിക്കിട്ടത്. മികച്ച വിദ്യാഭ്യാസം ലഭിക്കാനാണ് എന്നെ മുസഫര്‍ നഗറില്‍ അമ്മമ്മയ്‌ക്കൊപ്പം വിട്ടത്. എന്റെ രണ്ട് സഹോദരിമാര്‍ അച്ഛനൊപ്പം ഗ്രാമത്തിലാണ്. എന്റെ പഠനമികവും പരീക്ഷയിലെ മാര്‍ക്കുകളും അച്ഛനെ സന്തോഷിപ്പിക്കുന്നതാണ്.

പക്ഷെ എന്നെയത് കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്, എനിക്കത് ആപത്തായി മാറുകയും ചെയ്യുന്നു. ദളിത് കുടുംബത്തില്‍ നിന്നു വരുന്ന എനിക്ക് കുടുംബത്തില്‍ നിന്ന് പ്രോത്സാഹനം ലഭിക്കുന്നു. എന്നാല്‍ ക്ലാസ് റൂമില്‍ ആക്ഷേപങ്ങളും അപമാനവും സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാകുന്നു.

നിങ്ങള്‍ ഈ വീഡിയോ മാത്രമല്ലേ കണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി  സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ ദിവസവും എന്നെ മര്‍ദ്ദിക്കുകയാണ്. അവരിലൊരാള്‍ എന്റെ സഹപാഠിയും മറ്റേയാള്‍ ജൂനിയറുമാണ്. അവര്‍ മുഖത്ത് തുപ്പുമെന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും.  എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം.

എന്നെ മര്‍ദ്ദിക്കുന്നത് അവര്‍ക്ക് സന്തോഷം നല്‍കുന്നുവെന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അത് വീണ്ടും വീണ്ടും കാണാനാണ് അവര്‍ അത് ക്യാമറയില്‍ പകര്‍ത്തിയത്. ആഗസ്റ്റ് 25നായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ. അവരെല്ലാം അവസാന ബെഞ്ചുകാരും പഠനത്തില്‍ പിറകിലുമാണ്. ദളിതനായ ഞാന്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നതും നന്നായി പഠിക്കുന്നതുമാണ് അവരെ പ്രകോപിതരാക്കുന്നത്.

ഞാന്‍ ബഞ്ചില്‍ ഇരിക്കുമ്പോള്‍ അവര്‍ എന്നെ മര്‍ദ്ദിച്ചു. തലയില്‍ ഇടിച്ചു. ചുവരില്‍ ചേര്‍ത്തു നിര്‍ത്തി തല്ലി. മുഖത്ത് തല്ലി. ഇതൊക്കെ ആ വീഡിയോയില്‍ നിങ്ങള്‍ കണ്ടു. ആരും പിടിച്ചും മാറ്റിയില്ല. പലരും കണ്ടിട്ടും കാണാതെ പോയി.

ക്ലാസ് ടീച്ചര്‍ക്ക് എന്നെ സഹായിക്കണമെന്നുണ്ട്. ആ കുട്ടികളുടെ അച്ഛന്‍ വലിയ ക്രിമനലും സ്വാധീനമുള്ളയാളുമായതിനാല്‍ സ്‌കൂളിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ടീച്ചര്‍ പറയുന്നത്. പരാതി കൊടുത്താല്‍ ഞാന്‍ പുറത്ത് പോകേണ്ടി വരും. ഞാന്‍ പരാതിപ്പെട്ടാല്‍ അവര്‍ എന്റെ കുടുംബത്തെ എന്തെങ്കിലും ചെയ്തുകളയും.

മര്‍ദ്ദിക്കുന്ന വീഡിയോയും പൊലീസ് കേസും മുത്തച്ഛന് ഇതു വരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കേസെടുത്തതിന് ശേഷം മൂന്ന് നാല് പേര്‍ പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഞാനിപ്പോള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. കൊല്ലപരീക്ഷ മാര്‍ച്ചിലാണ്‌. ഈ പ്രശ്‌നങ്ങളെ നേരിട്ട് ഞാനെങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കുമെന്ന് നിങ്ങള്‍ പറയൂ''.

Read More >>