ഹൈദരാബാദിനെതിരായ കേരളത്തിന്റെ മൂന്നാം രഞ്ജി മത്സരം സമനിലയിൽ

ഫോളോ ഓൺ ചെയ്ത ഹൈദരാബാദിനെ രക്ഷിച്ചത് ബി. അനിരുദ്ധിന്റെ സെഞ്ച്വറി പ്രകടനം

ഹൈദരാബാദിനെതിരായ കേരളത്തിന്റെ മൂന്നാം രഞ്ജി മത്സരം സമനിലയിൽ

ഭുവനേശ്വർ: ഹൈദരാബാദിനെതിരെയുള്ള കേരളത്തിന്റെ മൂന്നാം രഞ്ജി ട്രോഫി മത്സരം സമനിലയിൽ കലാശിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഇക്ബാൽ അബ്ദുള്ളയുടെ സെഞ്ച്വറിയുടെയും (159) സച്ചിൻ ബേബിയുടെയും(80) ജലജ് സക്‌സേനയുടെയും(79) അർദ്ധസെഞ്ച്വറിയുടെയും മികവിൽ പടുത്തുയർത്തിയ 519 റൺസ് എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്ന ഹൈദരാബാദ് ആദ്യ ഇന്നിംഗ്‌സിൽ 281 റൺസിന് ഓൾ ഔട്ടായിരുന്നു. ഇതേത്തുടർന്ന് കേരള ക്യാപ്റ്റൻ രോഹൻ പ്രേം ഹൈദരാബാദിനെ വീണ്ടും ബാറ്റിംഗിന് അയച്ച് ഫോളോ ഓൺ ചെയ്യിച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ സെഞ്ച്വറി നേടിയ ബി. അനിരുദ്ധും(120)

ഹൈദരാബാദ് ക്യാപ്റ്റൻ ബദരീനാഥും(39) ചേർന്ന് മത്സരം സമനിലയിലാക്കുകയായിരുന്നു. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തിരുന്നു.

സ്‌കോർ ഹൈദരാബാദ്: 281 & 220/3, കേരളം: 519/9 ഡിക്ലയേഡ്

മൂന്നാം ദിവസം കളി നിറുത്തുമ്പോൾ ഹൈദരാബാദ് ഒന്നാം ഇന്നിംഗ്‌സിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ നാലാം ദിവസം കളി പുനരാരംഭിച്ച ശേഷം ഡ്രിങ്ക്‌സ് ബ്രേക്കിന് മുൻപേ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും പിഴുത് കേരള ബൗളർമാർ ഹൈദരാബാദിനെ ഫോളോ ഓൺ ചെയ്യിച്ചു. ആദ്യ ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടിയ ബി. സന്ദീപും (53) മെഹ്ദി ഹസനും (58), കൂടാതെ ആകാശ് റെഡ്ഡി (37), ബി. അനിരുദ്ധ് (30), സുമന്ദ് കൊല്ല (22), ആകാശ് ബണ്ഡാരി (40) എന്നിവരുമാണ് ഹൈദരാബാദിന് വേണ്ടി മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചത്. കേരളത്തിന് വേണ്ടി വാര്യരും മോനിഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജലജ് സക്‌സേന രണ്ടു വിക്കറ്റും ബേസിൽ തമ്പിയും ഇക്ബാൽ അബ്ദുള്ളയും ഓരോ വിക്കറ്റ്
വീതവും പിഴുതു.

ഫോളോ ഓൺ ചെയ്യുന്നതിനായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഹൈദരാബാദ് പക്ഷെ, വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. ആറു റൺസെടുത്ത ഓപ്പണർ തന്മയ് അഗർവാളിനെ ആറാം ഓവറിൽ ജലജ് സക്‌സേന കോട്ട് ആൻഡ് ബൗളിംഗ് പ്രകടനത്തിലൂടെ പുറത്താക്കിയെങ്കിലും മറുതലയ്ക്കൽ ആകാശ് റെഡ്ഡിയും തന്മയിന് ശേഷം ക്രീസിലെത്തിയ ബി. അനിരുദ്ധും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ 19-ആം ഓവറിൽ ടോട്ടൽ സ്‌കോർ 67ൽ നിൽക്കെ 27 റൺസെടുത്ത ആകാശ് റെഡ്ഡിയെ ഇക്ബാൽ അബ്ദുള്ള ക്ലീൻ ബൗൾഡാക്കി. പിന്നീടെത്തിയ ക്യാപ്റ്റൻ എസ്. ബദരീനാഥ് അനിരുദ്ധിന് മികച്ച പിന്തുണ നൽകി. 107 പന്തുകളിൽ 39 റൺസെടുത്ത ബദരീനാഥ് പുറത്താകുമ്പോൾ വൈകീട്ടുള്ള ചായസമയവും കഴിഞ്ഞിരുന്നു. മോനിഷിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്റെ മടക്കം.

പിന്നീടെത്തിയ സന്ദീപ് 11 റൺസോടെ പുറത്താകാതെ നിന്ന് സെഞ്ച്വറി നേടിയ അനിരുദ്ധിന് കൂട്ടായി. 192 പന്തിൽ നിന്നായിരുന്നു അനിരുദ്ധ് 120 റൺസ് അടിച്ചെടുത്തത്. മത്സരത്തിൽ ഹൈദരാബാദിനെ ഫോളോ ഓൺ ചെയ്യിച്ചതിലൂടെ കേരളത്തിന് മൂന്ന് പോയിന്റ് കിട്ടി. മത്സരം സമനിലയിൽ Ranji Trophyകലാശിച്ചതിനാൽ ഒരു പോയിന്റ് ഹൈദരാബാദിനും ലഭിച്ചു.

Read More >>