ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഇടപെട്ടുവെന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം ചുമത്തുന്നത്. തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


അഡ്വ. ഷുക്കൂറിന്റെ പരാതി ജില്ലാ പോലീസ് മേധാവി ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയും തുടര്‍ന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് 1091/2016 എന്ന നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിക്കൊപ്പം ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകളും ഷുക്കൂര്‍ നല്‍കിയിരുന്നു.

വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഇടപെട്ടുവെന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം ചുമത്തുന്നത്. തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവമാധ്യമക്കൂട്ടായ്മകള്‍ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് പോലീസ് കേസെടുക്കാന്‍ തീരുമാനവുമായി രംഗത്തെത്തിയത്.

ഇതര മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങള്‍ എന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ. ഷുക്കൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ശശികല മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തുകയാണെന്നും ഷുക്കൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വര്‍ഗ്ഗീയ താത്പര്യക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ഷുക്കൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റ തെളിവുകളായി പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പോലീസ് മേധാവിക്ക് ഷുക്കൂര്‍ കൈമാറിയിരുന്നു.

https://www.youtube.com/watch?v=kibSq5rZxpM

ശശികലയുടെ പ്രസംഗങ്ങള്‍ വര്‍ഗ്ഗീയലക്ഷ്യം വെച്ചുള്ളതാണെന്നും അഡ്വ. ഷുക്കൂര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും അത് മറ്റുള്ള മതക്കാരോടുള്ള ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പ്രസംഗങ്ങളെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ ശശികലയുടെ ഓരോ പ്രസംഗങ്ങളും പരസ്പരം അകറ്റുകയാണെന്നും സൂചിപ്പിച്ചിരുന്നു. മതേതര ജനാധിപത്യ സമൂഹത്തിന് ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗുണകരമല്ലെന്നും, നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

https://www.youtube.com/watch?v=L5yBGDUgWtg

നേരത്തെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ശംസുദ്ധീന്‍ പാലത്തിനെതിരെ ഇദ്ദേഹം ജില്ലാ പോലീസ് സൂപ്രണ്ടിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഷംസുദ്ദീനെതിരെ യുഎപിഎ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരുന്നത്. മലപ്പുറം ജില്ലയേയും മുസ്ലീംമത വിഭാഗത്തേയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെയും പോലീസ് സമാനമായ രീതിയില്‍ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോത്തുകല്ല് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് ഇതിന് പിന്നാലെയാണ് ശശികലയ്ക്കെതിരെയും ഐപിസി 153 എ പ്രകാരം കേസെടുത്തിരിക്കുന്നത്.

Read More >>