ആത്മഹത്യയ്ക്കു ശ്രമിച്ചത് കണ്ണൂരിലെ പാർടി കുടുംബത്തിലെ പോലീസുകാരൻ; പോലീസ് ഭരണത്തിൽ ചുവടു പിഴച്ച് പിണറായി സർക്കാർ

കണ്ണൂരിനെ മനഃപൂർവം കുറ്റകൃത്യങ്ങളുടെ ജില്ലയായി ചിത്രീകരിക്കാൻ ജില്ലാ പോലീസ് മേധാവി തന്നെ കരുനീക്കുന്നു എന്ന് സേനയ്ക്കുളളിൽ ആക്ഷേപമുണ്ട്. കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് കണക്കുകളിലൂടെ സ്ഥാപിച്ച് കേന്ദ്ര ഇടപെടലിന് അവസരം നൽകുകയാണെന്നും പോലീസുകാർ തന്നെ ആരോപിക്കുന്നു.

ആത്മഹത്യയ്ക്കു ശ്രമിച്ചത് കണ്ണൂരിലെ പാർടി കുടുംബത്തിലെ പോലീസുകാരൻ; പോലീസ് ഭരണത്തിൽ ചുവടു പിഴച്ച് പിണറായി സർക്കാർ

ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കിടക്കുന്ന മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ മോഹനൻ പിണറായി വിജയന്റെ ചുവടു പിഴച്ച പോലീസ് ഭരണത്തിന്റെ പ്രതീകമാണെന്ന ആക്ഷേപം ശക്തമാകുന്നു. മേലധികാരികളുടെ പീഡനത്തെ തുടർന്ന് ചെറുമാവിലായിയിലെ തറവാട്ടു വീട്ടിൽ വച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു മോഹനൻ.

ആത്മഹത്യാശ്രമത്തിന്‌ കാരണക്കാർ ഉന്നത ഉദ്യോഗസ്ഥരാണെന്ന മുറുമുറുപ്പ് സേനക്കുള്ളിൽ ശക്തമാവുകയാണ്. അവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിനു കെൽപ്പില്ലെന്നും ആരോപണമുയരുന്നു. എൽഡിഎഫ് സർക്കാർ നിയമിച്ച ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാർ ഐപിഎസിനു കീഴിൽ ഉരുണ്ടുകൂടുന്നത് പ്രശ്നങ്ങളുടെ കരിമേഘങ്ങളാണ്. കെ കെ മോഹനൻ എന്ന പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമത്തോടെ അവ പെയ്തു തുടങ്ങുന്നു.


22 പോലീസുകാർ കൂട്ടത്തോടെ സ്ഥലം മാറ്റത്തിന് അപേക്ഷിച്ച ഒരു പോലീസ് സ്റ്റേഷൻ !

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് മോഹനൻ. സ്ഥാനമൊഴിഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജൻറെ മണ്ഡലത്തിലെ പോലീസ് സ്റ്റേഷൻ. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വലംകൈ എന്നറിയപ്പെട്ട സിപിഐഎം നേതാവ്. മട്ടന്നൂർ ജനപ്രതിനിധിയുടെ മന്ത്രിയോഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ എതിരെ.

ന്യായമായ സ്ഥലംമാറ്റം പോലും ഇ പി ജയരാജന്റെ മണ്ഡലത്തിലെ പോലീസുകാർക്കു ലഭിക്കുന്നില്ല. ഈ സ്റ്റേഷനിലെ 22 പോലീസുകാരും കൂട്ടത്തോടെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റത്തിന് അപക്ഷ നൽകിയിരിക്കുകയാണ്.
ആത്മഹത്യാ ശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ നാലര വർഷത്തോളമായി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. മൂന്നു വർഷം കൂടുമ്പോഴുളള ന്യായമായ ട്രാൻസ്ഫെറിന് മോഹനൻ അർഹനായിരുന്നു.

അതു നൽകിയില്ലെന്നു മാത്രമല്ല, തലശേരിയിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവു നൽകുകയും ചെയ്തു. കഴിഞ്ഞ കുറെ നാളുകളായി മെഡിക്കൽ ലീവിലായിരുന്ന മോഹനൻ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുകയായിരുന്നു.
കണ്ണൂരിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണ് മട്ടന്നൂരിലേത്. മറ്റു സ്റ്റേഷനുകളെക്കാൾ നാലു മടങ്ങു കേസുകളുണ്ടാവുമെങ്കിലും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥർ ഇല്ല. മറ്റിടങ്ങളിൽ എസ്ഐ റാങ്കിലുളള പത്തിലധികം ഉദ്യോഗസ്ഥർ ഉള്ളപ്പോൾ മട്ടന്നൂരിലുളളത് നാലുപേർ മാത്രം. ആവശ്യമായ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാത്തതിനാൽ 20 മണിക്കൂറോളം ജോലി ചെയ്യേണ്ടുന്ന അവസ്ഥയിലാണ് പോലീസുകാർ.

ഗൂഢരാഷ്ട്രീയം കളിച്ച് പോലീസ് മേധാവിയും 

ജില്ലാ പോലീസ് മേധാവിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് കോൺഗ്രസ് അനുകൂല പോലീസുകാർ പോലും പറയുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച മോഹനൻറെ ജന്മദേശം പിണറായിയുടെ മണ്ഡലമാണ്. അടിയുറച്ച സിപിഐഎം പ്രവർത്തകരാണ് മോഹനന്റെ കുടുംബം. അത്തരത്തിൽ ഉള്ള ഒരാൾക്കുപോലും അർഹമായ സ്ഥലം മാറ്റവും നീതിയും ലഭിക്കുന്നില്ലെങ്കിൽ മറ്റു പോലീസുകാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ എന്ന് കോൺഗ്രസ് അനുഭാവമുളളവർ പോലും പറയുന്നു.

കർണാടകത്തിൽ പോലീസ് സേനയ്ക്കകത്തുണ്ടായ നീതികേടിനെത്തുടർന്ന് നിരവധി പോലീസുകാർ ആത്മഹത്യ ചെയ്യുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. സമാനമായ അവസ്ഥയാണ് കണ്ണൂരിൽ വരാനിരിക്കുന്നത് - പോലീസ് ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു.

ലോ ആൻഡ് ഓർഡറിൽ തീരെ പരിചയമില്ലാത്ത ആളാണ് ജില്ലാ പോലീസ് മേധാവി. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഉൾപ്പെടെ, സേനയ്ക്കുളളിലെ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് സായുധസേനയിലെ ചില ഉയർന്ന ഉദ്യോഗസ്ഥരാണ് എന്ന അഭിപ്രായമാണ് ജില്ലാ പോലീസ് ആസ്ഥാനത്തെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പങ്കുവച്ചത്.

പോലീസുകാർക്ക് പണിയോട് പണി

കോമ്പിംഗ് ഓപ്പറേഷനുകളാണ് സഞ്ജയ് കുമാർ ഐപിഎസിന്റെ തുറുപ്പു ചീട്ട്. അദ്ദേഹം സ്ഥാനമേറ്റതിനു ശേഷം 30 മണിക്കൂറോളമാണ് കോമ്പിങ് ഓപ്പറേഷനുകളുടെ നീളം. ഓരോ സ്റ്റേഷനിലെയും എസ്‌ഐയും പരിവാരങ്ങളും റോഡിൽ നിന്ന് ഹെൽമെറ്റ് ഇടാതെ വന്നവനെയും മദ്യപിച്ച് വാഹനമോടിച്ചവനെയും പിടികൂടി. കേസ് ചാർജ് ചെയ്തു. പിഴയീടാക്കി. സർക്കാരിലേക്ക് കാശ് വന്നു. മദ്യപിച്ച് വണ്ടിയോടിക്കുന്നതും ആണ് ഏറ്റവും വലിയ കുറ്റകൃത്യം എന്ന് കരുതുന്ന എല്ലാവരും സന്തോഷിച്ചു.

എന്നാൽ ബോംബ് നിർമാണവും ആയുധ പരിശീലനവും നടക്കുന്ന കണ്ണൂരിൽ പോലീസിന്റെ പ്രാഥമിക ജോലിയുടെ മുൻഗണന വേറെയാണ്. മുപ്പതു മണിക്കൂറോളം തുടർച്ചയായി ഇത്തരം ജോലികൾ ചെയ്യുന്നവർ തന്നെയാണ് കേസന്വേഷണവും കോടതിയിൽ ഹാജരാകലും പാസ്പോർട്ട് പരിശോധനയുമൊക്കെ നടത്തേണ്ടത്.

ഇവയ്ക്കു പുറമെ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായതോടെ പോലീസുകാർ മാനസികമായും ശാരീരികമായും തകർന്നു. അനേകം പോലീസുകാർ ഇപ്പോൾ മെഡിക്കൽ ലീവിലാണ്. ഇതാണ് കണ്ണൂരിലെ പോലീസ് സ്റ്റേഷനുകളിലെ അവസ്ഥ.

'കണ്ണൂരിനെ കുറ്റകൃത്യങ്ങളുടെ ജില്ലയാക്കാൻ മനഃപൂർവ ശ്രമം'

കണ്ണൂരിനെ  മനഃപൂർവം കുറ്റകൃത്യങ്ങളുടെ ജില്ലയായി ചിത്രീകരിക്കാൻ ജില്ലാ പോലീസ് മേധാവി തന്നെ കരുനീക്കുന്നു എന്നാണ് സേനയ്ക്കുളളിൽ ആക്ഷേപമുണ്ട്. ഹെൽമെറ്റ് ഇല്ലെന്നും സൈഡ് സ്റ്റാൻഡ് ഇട്ടുവെന്നുമൊക്കെ ആരോപിച്ച് നിത്യേനെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് പോലീസ് മേധാവി. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പല മടങ്ങ് പെരുകുന്നു. കണ്ണൂരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് കണക്കുകളിലൂടെ സ്ഥാപിച്ച് കേന്ദ്ര ഇടപെടലിന് അവസരം നൽകുകയാണെന്നും പോലീസുകാർ തന്നെ ആരോപിക്കുന്നു.

കണ്ണൂരിലെ അക്രമങ്ങൾ പോലീസ് ശ്രമിച്ചാൽ അവസാനിക്കില്ലെന്ന ഉത്തരമേഖലാ ഐജി ദിനേശ് കാശ്യപിന്റെ കഴിഞ്ഞ ദിവസത്തെ പരസ്യ പ്രസ്താവനയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. സാധാരണ പോലീസുകാർതന്നെയാണ് നാരദാ ന്യൂസിനോട് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

Read More >>