ഹോട്ടല്‍ നോണ്‍ വെജാണെന്ന് പറയുംമുമ്പാണ് വിവാദമെന്ന് ഉടമ; ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പിനു പിന്നില്‍ ക്ഷേത്രപ്രശ്‌നമല്ലെന്ന് സംശയം

ഹോട്ടല്‍ തുടങ്ങാനിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്ത് ഹോട്ടല്‍ അനുവദിക്കില്ലെന്നുകാണിച്ച് ബോര്‍ഡുവച്ചിരിക്കുകയാണ് ഹിന്ദുഐക്യവേദി. സമീപത്ത് മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നാണിവരുടെ വാദം.

ഹോട്ടല്‍ നോണ്‍ വെജാണെന്ന് പറയുംമുമ്പാണ് വിവാദമെന്ന് ഉടമ; ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പിനു പിന്നില്‍ ക്ഷേത്രപ്രശ്‌നമല്ലെന്ന് സംശയം

കോഴിക്കോട്: ക്ഷേത്രപരിസരത്ത് നോണ്‍വെജ് ഹോട്ടല്‍ തുടങ്ങുകയാണെന്ന പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ നടക്കുന്ന ശ്രമത്തിനുപിന്നില്‍ കച്ചവടക്കാര്‍ക്കിടയിലെ സ്പര്‍ധയാണ് പ്രധാന കാരണമെന്ന് സംശയമുയരുന്നു. ഇതേസ്ഥലത്ത് മുമ്പുണ്ടായിരുന്ന നോണ്‍ വെജ് ഹോട്ടല്‍ പുതുക്കിപ്പണിയുമ്പോഴാണ് എതിര്‍പ്പുയരുന്നത്.

കോഴിക്കോട് പാളയത്ത് തളി റോഡില്‍ തുടങ്ങാനിരിക്കുന്ന ഹോട്ടലിനെതിരെയാണ് ഹിന്ദുഐക്യവേദിയുടെ പ്രചാരണം. ഹോട്ടല്‍ തുടങ്ങാനിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്ത് ഹോട്ടല്‍ അനുവദിക്കില്ലെന്നുകാണിച്ച് ബോര്‍ഡുവച്ചിരിക്കുകയാണ് ഹിന്ദുഐക്യവേദി. സമീപത്ത് മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നാണിവരുടെ വാദം.


തളി റോഡില്‍ ഏകദേശം 400 മീറ്റര്‍ ചുറ്റളവിനുള്ളിലായാണ് രേണുകാ മാരിയമ്മന്‍ ക്ഷേത്രവും കന്യകാ പരമേശ്വരി ക്ഷേത്രവും മഹാഗണപതി-ബാലസുബ്രഹ്മണ്യ ക്ഷേത്രവും. രേണുകാ മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് ഇരുപത് മീറ്റര്‍ മാത്രംമാറി മത്സ്യ-മാംസാഹാരങ്ങള്‍ ലഭിക്കുന്ന സ്വാദ് മെസ്സും പാര്‍വതി ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്ന് നൂറുമീറ്ററിലധികം അകലത്തിലാണ് ചേളന്നൂര്‍ സ്വദേശിയായ ഹരിദാസ് ഹോട്ടല്‍ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. മറ്റ് ഹോട്ടലുകളോടൊന്നും ഹിന്ദു ഐക്യവേദി എതിര്‍പ്പുന്നയിച്ചിട്ടില്ല.

ഇതേ മുറിയില്‍തന്നെ നാലുവര്‍ഷം ഹരിദാസും മൂന്നുവര്‍ഷം മറ്റൊരാളും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയിരുന്നു. അന്നുമാരും എതിര്‍പ്പുയര്‍ത്തിയിരുന്നില്ല. കുറച്ചു കാലമായി പൂട്ടിക്കിടന്ന അതേ മുറിയില്‍ വീണ്ടും ഹരിദാസ് ഹോട്ടല്‍ തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍പ്പുയരുന്നതെന്നതിലാണ് സംശയം ജനിക്കുന്നത്. സമീപത്തെ ഒരു ഹോട്ടലുകാരാണ് പ്രശ്നം കുത്തിപ്പൊക്കിയതിനു പിന്നിലെന്ന് ആരോപണവുമുണ്ട്.

നിലവിലുള്ള ഹോട്ടലുകള്‍ ക്ഷേത്രാചാരങ്ങളെയോ ഭക്തരെയോ ഒരു രീതിയിലും ബാധിക്കുന്നതായി ആര്‍ക്കും ആക്ഷേപമില്ല. ആ നിലക്ക് പുനര്‍പ്രവര്‍ത്തനത്തിന് ശ്രമിക്കുന്ന ഹോട്ടലിനെപ്പറ്റിയും ആക്ഷേപമുയരാന്‍ ന്യായമില്ല. വിവിധ ക്ഷേത്രക്കമ്മിറ്റികളും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിട്ടില്ല എന്നിരിന്നിരിക്കെയാണ് പുതിയ നോണ്‍വെജ് ഹോട്ടല്‍ അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് സംഘപരിവാര്‍ നീക്കം.

നിലവിലുള്ള ഭക്ഷണശാലകള്‍ക്കെതിരല്ലെന്നും പുതുതായി നോണ്‍വെജ് ഹോട്ടല്‍ ക്ഷേത്രപരിസരത്ത് ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ ഷൈനു പറഞ്ഞു.

'ഹോട്ടല്‍ തുടങ്ങുമെന്നേ പറഞ്ഞിട്ടുള്ളു. വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോയെന്ന് പോലും അന്വേഷിക്കാതെയാണവിടെ ഹിന്ദു ഐക്യവേദിയുടെതായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്' -ഹരിദാസ് നാരദ ന്യൂസിനോട് പറഞ്ഞു. പതിനഞ്ച് ലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ഹോട്ടല്‍ തുടങ്ങുന്നതെന്നും മുന്നോട്ടുപോകാതെ വഴിയില്ലെന്നും ഹരിദാസ് പറഞ്ഞു.

ക്ഷേത്രത്തെ ബാധിക്കാത്ത തരത്തില്‍ ഹോട്ടല്‍ വരുന്നതിനെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നറിയില്ലെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഷുഹൈല്‍ പറഞ്ഞു.

Read More >>