ഇനി കാന്‍സര്‍ കണ്ടെത്താം സ്മാര്‍ട് ഫോണിലൂടെ

ആശയവിനിമയ-ഇന്റര്‍നെറ്റ് രംഗങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ ചികിത്സാരംഗത്തേക്കും കടന്നിരിക്കുന്നു. സ്മാര്‍ട് ഫോണില്‍ ക്യാന്‍സര്‍ പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന ലാബ് തയ്യാറാക്കിയിരിക്കുകയാണ് ഗവേഷകര്‍

ഇനി കാന്‍സര്‍ കണ്ടെത്താം സ്മാര്‍ട് ഫോണിലൂടെ

കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ പുതിയ കണ്ടെത്തല്‍. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് കാന്‍സര്‍ കണ്ടെത്താമെന്ന് പുതിയ പഠനം കണ്ടെത്തി. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിലുള്ള പരിശോധനാ മാര്‍ഗം കണ്ടെത്തിയത്. ഡോക്ടറുടെ പരിശോധനാമുറി, ആംബുലന്‍സ്, എമര്‍ജന്‍സി റൂം എന്നിങ്ങനെ എവിടെ വെച്ചു വേണമെങ്കിലും പരിശോധന നടത്താനും ഫലം വേഗത്തില്‍ ലഭ്യമാക്കാനും കഴിയുന്ന ലബോറട്ടറിയാണ് സ്മാര്‍ട് ഫോണില്‍ വികസിപ്പിച്ചിട്ടുള്ളത്.


സ്മാര്‍ട് ഫോണില്‍ എട്ടു ചാനലുള്ള സ്‌പെക്ട്രോമീറ്റര്‍ ഘടിപ്പിച്ചാണ് ലാബ് തയ്യാറാക്കുന്നത്. ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, കരള്‍, സ്തനം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ കണ്ടെത്താന്‍ സ്മാര്‍ട് ഫോണ്‍ ലാബിനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മതിയായ ലാബ് സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന കുഗ്രാമങ്ങളിലും മറ്റുമുള്ള ആശുപത്രികള്‍ക്ക് പുതിയ കണ്ടുപിടുത്തം ഉപകാരപ്രദമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ലൈയ് ലി പറഞ്ഞു.

എട്ടു സാമ്പിളുകള്‍ ഒരേ സമയം പരിശോധിക്കാനാകുന്ന സ്‌പെക്ട്രോമീറ്റര്‍ ശരീരത്തിലെ മാറ്റങ്ങളും ആന്റിബോഡികളും എലിസ ടെസ്റ്റിലൂടെ കണ്ടെത്തുമെന്ന് ബയോസെന്‍സേഴ്‌സ് ആന്റ് ബയോഇലക്ട്രോണിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.