ഞായറാഴ്ച അർദ്ധരാത്രി വരെ ചെയ്താലും തീരാത്ത ജോലി; മുഖ്യമന്ത്രിയെ തലയിൽ കൈവെച്ചു പ്രാകി സെക്രട്ടേറിയറ്റു ജീവനക്കാർ

ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ശാപവാക്കുകൾ ജീവനക്കാരിൽ നിന്നും കേട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് ജീവനക്കാരിൽ ചിലർ പറയുന്നു.

ഞായറാഴ്ച  അർദ്ധരാത്രി വരെ ചെയ്താലും തീരാത്ത ജോലി; മുഖ്യമന്ത്രിയെ തലയിൽ കൈവെച്ചു പ്രാകി സെക്രട്ടേറിയറ്റു ജീവനക്കാർ

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ച മൂലം നിയമസഭാ ചോദ്യങ്ങളുടെ മറുപടി തയ്യാറാക്കാൻ സെക്രട്ടേറിയറ്റ് ജീവനക്കാർ ഞായറാഴ്ച അർദ്ധരാത്രി കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുന്നുവെന്ന് പരാതി.

നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളെല്ലാം തിങ്കളാഴ്ചകളിലാണ് വരുന്നത്. ഈ മറുപടി തയ്യാറാക്കാനാണ് ജീവനക്കാരെക്കൊണ്ട് ഞായറാഴ്ച ജോലി ചെയ്യിക്കുന്നത്. ഞായറാഴ്ച ഓഫീസിലെത്തുന്ന  സാഹചര്യം ഒഴിവാക്കാൻ ബഹുഭൂരിപക്ഷം ജീവനക്കാരും വെള്ളിയാഴ്ചയോടെ തന്നെ നിയമസഭാ ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചാലും ഫലമില്ലെന്നാണ് ആക്ഷേപം. വെളളിയാഴ്ച എത്തിക്കുന്ന ഫയലുകളിലെ കരടു മറുപടി പരിശോധിച്ച് ശനിയാഴ്ച ഫയൽ തിരിച്ചു നൽകിയാൽ ഞായറാഴ്ച ഓഫീസിലെത്തുന്ന സാഹചര്യം ഒഴിവാക്കാമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ശനിയാഴ്ച ഫയൽ നോക്കാതെ ബോധപൂർവം ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.


കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവമാണ് ജീവനക്കാരിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ശനിയാഴ്ച വൈകുന്നേരമായിട്ടും കരട് മറുപടി അംഗീകരിച്ചു കൊണ്ടുള്ള ഫയലുകൾ CMO യിൽ നിന്നും മടങ്ങിയെത്തിയില്ല. എന്നാൽ പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ വകൂപ്പുകാർക്ക് മാത്രമായി ഒരു സർക്കുലർ പുറപ്പെടുവിച്ചു.

ആ ഉത്തരവിൽ പറഞ്ഞിരുന്നത് ഇങ്ങനെ: "ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി നിയമസഭാ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം നിയമസഭാ സെക്രട്ടേറിയറ്റിൽ നിർബന്ധമായും എത്തിച്ചിരിക്കണം.വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കും"


ഉത്തരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ നിയമസഭാ സെക്രട്ടേറിയറ്റിൽ എത്തിക്കാനുളള നടപടിക്രമങ്ങൾ പാലിക്കാനുളള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ജീവനക്കാർക്കു പറയാനുളളത്.

ആ നടപടിക്രമങ്ങൾ ഇവയാണ്

ഒന്ന്) ചോദ്യവും കരട് മറുപടിയുമടങ്ങിയ ഫയലുകൾ മുഖ്യമന്ത്രി ഒപ്പിട്ട് അതാത് സെക്ഷനിലേക്ക് മടക്കി അയയ്ക്കണം.

രണ്ട്) കരട് മറുപടിയിലെ തിരുത്തലുകൾ കൂടി ഉൾക്കൊള്ളിച്ച് ഫെയർ കോപ്പി  എടുക്കണം. 10 കോപ്പികൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർ ഒപ്പിട്ടു നൽകണം.

ഒരു ചോദ്യത്തിന്റെ ഉത്തരം തിങ്കളാഴ്ച മുഖ്യമന്ത്രി  നിയമസഭയിൽ പറയേണ്ടി വരുമ്പോൾ, ആ ചോദ്യത്തിന്റെ ഫയൽ കടന്നുപോകേണ്ട വഴികളാണിത്. കരടു മറുപടി അംഗീകരിച്ച ഫയൽ ഞായറാഴ്ച അർദ്ധരാത്രി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു മടങ്ങിയാൽ ഇതെങ്ങനെ സാധ്യമാകും എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഞായറാഴ്ച പാതിരാത്രി കഴിഞ്ഞാലും ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്ത്രീകളടക്കമുളള ജീവനക്കാർക്ക് വീട്ടിലേയ്ക്കു മടങ്ങാൻ കഴിയില്ല. തങ്ങളെ ഇതേവരെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ദ്രോഹിച്ചിട്ടില്ലെന്നാണ് അവരുടെ പരാതി.

ഇക്കഴിഞ്ഞ ഞായറാഴ്ച സംഭവിച്ചതുപോലെ ഒരിക്കലും സംഭവിക്കരുതേ എന്ന് ജീവനക്കാരൊന്നടങ്കം പ്രാർത്ഥിക്കുന്നു. പാർലമെന്ററി കാര്യമന്ത്രിയുടെ ഉത്തരവ് അനുസരിച്ച് സ്ത്രീകളടക്കമുളള ജീവനക്കാർ അന്നേദിവസം രാവിലെ ഓഫീസിലെത്തി. പക്ഷേ, വൈകുന്നേരം അഞ്ചേകാൽ വരെ കാത്തു നിന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബഹുഭൂരിപക്ഷം ഫയലുകളും മടങ്ങിയെത്തിയില്ല.  100 ലധികം നിയമസഭാ ഫയലുകൾ ഉള്ളതിൽ നിശ്ചിത സമയത്തിനു മുമ്പായി വന്നത് കേവലം 12 എണ്ണം.

ആഴ്ചയിൽ ആകെക്കിട്ടുന്ന അവധി ദിവസം പോലും ഈ തരത്തിൽ നഷ്ടപ്പെടുത്തി കഷ്ടപ്പെടുത്തുന്നത് ന്യായമോ എന്ന ജീവനക്കാരുടെ ചോദ്യത്തിൽ കാര്യമുണ്ട്.  ഇനിയും നാലു തിങ്കളാഴ്ച കൂടി മുഖ്യമന്ത്രിയ്ക്കു നിയമസഭാ ചോദ്യത്തിനു മറുപടി പറയേണ്ടതുണ്ട്. ജീവനക്കാരെ ശത്രുപക്ഷത്തു നിർത്തി മനഃപ്പൂർവം ദ്രോഹിക്കുകയാണെന്ന് പ്രാകിക്കൊണ്ടാണ് പലരും ഞായറാഴ്ച ഓഫീസു വിട്ടത്.ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ശാപവാക്കുകൾ ജീവനക്കാരിൽ നിന്നും കേട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് ജീവനക്കാരിൽ ചിലർ പറയുന്നു.

Read More >>