വ്യവസായ വകുപ്പ് ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുക അധികഭാരം; മലബാർ സിമന്റ്സിലെ പ്രതിസന്ധി വെല്ലുവിളി

ഉത്പാദനം നിലച്ച മലബാര്‍ സിമന്റ്‌സ് അടക്കമുള്ളവയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വ്യവസായവകുപ്പാണ്. വ്യവസായ വകുപ്പിന് പുതിയ മന്ത്രി വരുന്നത് വരെ സുപ്രധാന ഫയലുകള്‍ മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നീങ്ങാന്‍ സാധ്യതയുള്ളൂ.

വ്യവസായ വകുപ്പ് ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുക അധികഭാരം; മലബാർ സിമന്റ്സിലെ പ്രതിസന്ധി വെല്ലുവിളി

ഇ പി ജയരാജന്റെ രാജിയോടെയാണ് ആഭ്യന്തരം, പൊതുഭരണം, വിജിലന്‍സ്, ഐടി തുടങ്ങിയ 19 വകുപ്പുകള്‍ക്ക് പുറമെ ഏറെ പ്രാധാന്യമുള്ള വ്യവസായം കൂടി മുഖ്യമന്ത്രിയുടെ ചുമലിലായത്. ഇപ്പോള്‍ തന്നെ താങ്ങാനാകാത്ത ജോലിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് ഇരട്ടി ഭാരമാണ് ഇതുണ്ടാക്കുക. ഏറ്റവും കാര്യക്ഷമതയോടും കൃത്യതയോടും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ വ്യവസായവകുപ്പ് കൂടിയെത്തിയാല്‍ എല്ലാം തകിടം മറിയുമെന്ന ആശങ്ക ഇവിടെ ജോലി ചെയ്യുന്നവര്‍ക്കുണ്ട്.


കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ രാജിവെച്ചെങ്കിലും വകുപ്പിന്റെ ഫയലുകളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിത്തുടങ്ങിയിട്ടില്ല. ഇ പി ജയരാജന്റെ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്ക് 15 ദിവസം ഇതേ ജോലിയില്‍ തുടരാമെങ്കിലും മൂന്നോ നാലോ ദിവസത്തിന് ശേഷം അവര്‍ രാജിവെക്കാനാണ് സാധ്യത. അപ്പോഴേക്കും ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. മുഖ്യമന്ത്രിയുടെ ഓഫീസിലെ 25 ഓളം വരുന്ന സ്റ്റാഫിന് അത്രയും പേരുടെ ജോലിഭാരം കൂടി താങ്ങേണ്ടിവരുമെന്ന് ചുരുക്കം. ഇതു മുന്‍കൂട്ടി കണ്ട മിക്കവരും അസ്വസ്ഥരാകാന്‍ തുടങ്ങിയെന്നാണ് വിവരം.

ഉത്പാദനം നിലച്ച മലബാര്‍ സിമന്റ്‌സ് അടക്കമുള്ളവയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വ്യവസായവകുപ്പാണ്. വ്യവസായ വകുപ്പിന് പുതിയ മന്ത്രി വരുന്നത് വരെ സുപ്രധാന ഫയലുകള്‍ മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നീങ്ങാന്‍ സാധ്യതയുള്ളൂ. ഇതൊരുപക്ഷെ വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പുതിയ നിയമനങ്ങളിലും പ്രത്യേകമന്ത്രി ചുമതലയേറ്റ ശേഷമായിരിക്കും തീരുമാനമുണ്ടാകുക. ഡിസംബറില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയ്ക്ക് ശേഷമാകും പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകുകയുള്ള പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ളപ്പോള്‍ രാവിലെ ഒൻപതിനു  തന്നെ ഓഫീസിലെത്തുകയാണ് പതിവ്. അതിന് മുമ്പ് തന്നെ ജീവനക്കാര്‍ എത്തിയിട്ടുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ മടങ്ങുമ്പോള്‍ രാത്രി പത്ത് മണിയും പതിനൊന്നു മണിയുമൊക്കെ ആകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ അടുത്ത ആറു മാസത്തേക്കുള്ള പദ്ധതി നടത്തിപ്പുകളുടെ കാര്യത്തില്‍ ധാരണയായതാണ്. ഇതിനൊപ്പമാണ് വ്യവസായം കൂടി എത്തുന്നത്.

Read More >>