ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്സിറ്റി വിസി അപ്പാ റാവുവിനെ വിരട്ടിയ വിദ്യാർത്ഥിക്ക് മലയാളക്കരയിൽ നിന്നു കല്യാണം; വധു എഴുത്തുകാരി ധന്യ

ഹൈദ്രബാദ് സർവകലാശാലയിൽ രോഹിത് വെമുലയുടെ കൊലക്ക് ഉത്തരവാദിയായ വൈസ് ചാൻസലറിൽ നിന്ന് പിഎച്ച്ഡി ബിരുദം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച ദളിത് വിദ്യാർത്ഥി നേതാവ് സുങ്കണ്ണ വെൽപുല വിവാഹിതനാവുന്നു. ജീവിത സഖിയാവാൻ പോവുന്നത് കേരളത്തിലെ ദളിത്- പെണ്ണെഴുത്തുകളിലെ താരോദയമായ എം. ഡി. ധന്യ.

ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്സിറ്റി വിസി അപ്പാ റാവുവിനെ വിരട്ടിയ വിദ്യാർത്ഥിക്ക് മലയാളക്കരയിൽ നിന്നു കല്യാണം; വധു എഴുത്തുകാരി ധന്യ

ഹൈദ്രബാദ് സർവകലാശാലയിലെ കുപ്രസിദ്ധ വൈസ് ചാൻസലറെ വിറപ്പിച്ച ദളിത് വിദ്യാർത്ഥി നേതാവ് സുങ്കണ്ണ വെൽപുലക്ക് ജീവിതസഖിയാവാൻ പോവുന്നത് മലയാളി എഴുത്തുകാരി. കവിയും കഥാകൃത്തും ദളിതവകാശ പോരാളിയുമായ എം.ഡി.ധന്യയാണ് വധു. സുങ്കണ്ണയും ധന്യയും ഡിസംബറിൽ വിവാഹിതരാവും.

രാജ്യത്താകെ വിദ്യാർത്ഥി - ദളിത് പ്രക്ഷോഭങ്ങൾക്ക് തീക്കൊളുത്തിയ രോഹിത് വെമുല സംഭവത്തിൽ വെമുലക്കൊപ്പം സർവകലാശാലാ അധികൃതരുടെ അച്ചടക്ക നടപടി നേരിട്ട നാലു പേരിലൊരാളാണ് സുങ്കണ്ണ വെൽപുല. രോഹിത് വെമുലയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ ഘട്ടത്തിലും വെമുല ജീവനൊടുക്കിയതിനെത്തുടർന്ന് ആളിപ്പടർന്ന തുടർസമരങ്ങളിലും മുൻനിരയിലുണ്ടായ സുങ്കണ്ണ കഴിഞ്ഞ ദിവസം സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിനെ ദളിത് സ്വാഭിമാന പ്രഖ്യാപന വേദിയാക്കി വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു.


'നിങ്ങളിൽ നിന്നെനിക്ക് ബിരുദം വേണ്ട!'

രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു വഴിവച്ച വൈസ് ചാൻസലർ ഡോ. അപ്പാറാവുവിന് സമീപകാല ഇന്ത്യൻ വിദ്യാർത്ഥി ചരിത്രത്തിലൊന്നും കാണാനിടയില്ലാത്ത ധീര നൂതന പ്രതിഷേധം നേരിടേണ്ടി വരികയായിരുന്നു സുങ്കണ്ണയിൽ നിന്ന്. രാജ്യത്തെ സമുന്നത സർവകലാശാലയിലൊന്നായ ഹൈദ്രബാദ് സർവകലാശാലയിൽ, സർവോന്നത വിദ്യാർഥി ബിരുദം സമ്മാനിക്കാൻ കൈനീട്ടി നിന്ന വൈസ് ചാൻസലറോട് ശാന്തനായി സുങ്കണ്ണ പറഞ്ഞു: താങ്കളിൽ നിന്നും ഞാനെന്റെ പിഎച്ച്ഡി ബിരുദം സ്വീകരിക്കില്ല!

[video width="400" height="320" mp4="http://ml.naradanews.com/wp-content/uploads/2016/10/VID-20161003-WA0047.mp4"][/video]

വിദ്യാർഥി പ്രക്ഷോഭത്തിന്റെ തീവ്രഘട്ടങ്ങളിൽപ്പോലും ഉലയാതെ ഡോ. അപ്പാറാവു ശിരസ്സിൽപ്പേറി നിന്ന അധികാര പ്രമത്തതയുടെയും സവർണ്ണദാസ്യത്തിന്റെയും കൊടിക്കൂറകൾ മുഴുവൻ കൂമ്പിപ്പോയിട്ടുണ്ടാവും. അത്രക്കും വികാരവത്താക്കിത്തീർത്തു കരഘോഷങ്ങളായുയർന്നുപൊങ്ങിയ ഹൃദയാഭിവാദ്യങ്ങൾ ആ ബിരുദദാന ചടങ്ങിനെ.

ഒരു നിമിഷമെങ്കിലും ആ അധികാരമൂർത്തിക്കുള്ളിൽ രോഹിത് വെമുലയുടെ രക്തസാക്ഷിത്വം തീയായിപ്പടർന്നിട്ടുണ്ടാകണം. അത്യസാധാരണമായൊരു കീഴ്വഴക്കത്തിന് തുടക്കമിട്ടുകൊണ്ട്, ബിരുദദാന ചടങ്ങിൽനിന്ന്, സർട്ടിഫിക്കറ്റ് നീട്ടിയ കൈ പിൻമടക്കിക്കൊണ്ട്, ഡോ. അപ്പാറാവു പിൻവാങ്ങി. അധ്യക്ഷ വേദിയിലുണ്ടായിരുന്ന പ്രോ വൈസ് ചാൻസലർ വിപിൻ ശ്രീവാസ്തവ കസേര വിട്ടുവന്ന് ആ സർട്ടിഫിക്കറ്റ് ഡോ.അപ്പാറാവുവിൽ നിന്ന് വാങ്ങി. ശാന്തനായി കാത്തുനിൽക്കുകയായിരുന്ന സുങ്കണ്ണ അഭിമാനപൂർവ്വം തന്റെ വിദ്യാഭ്യാസ നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്തു.

രാഷ്ട്രീയ പോരാളി / കാവ്യ പോരാളി

ആ സുങ്കണ്ണക്ക് കേരളത്തിൽനിന്നു ലഭിക്കാവുന്ന മികച്ച സമ്മാനം തന്നെയാവും എം.ഡി.ധന്യയുമായുള്ള ജീവിതസഖിത്വം. രാഷ്ട്രീയ പ്രവർത്തനത്തെ എത്രക്ക് കാവ്യാത്മകമാക്കാം എന്നതിന് നിദർശനമുണ്ടാക്കുകയാണ് സുങ്കണ്ണ ചെയ്തതെങ്കിൽ, എഴുത്തിന്റെ വഴികളിൽ രാഷ്ട്രീയത്തിന്റെ സൗന്ദര്യശാസ്ത്രം എങ്ങനെ പടർത്തുമെന്നന്വേഷിക്കുന്ന കാവ്യ പോരാളിയാണ് ധന്യ.

10710994_706486289427224_8535014960071375335_nവളരെ ചുരുക്കം എഴുത്തിലൂടെ ദളിതെഴുത്തിന്റെയും പെണ്ണെഴുത്തിന്റെയും ഭാവുകത്വപരിസരങ്ങളെ വിപുലപ്പെടുത്തുന്ന കൈകളും ഭാവനയുമാണ് ധന്യയുടെത്. കേരളത്തിലെ ദളിത്-നവജനാധിപത്യ പോരാട്ടങ്ങളിലെയെല്ലാം ഉറച്ച കണ്ണിയാണ് ഈ കൊല്ലം സ്വദേശിനി. ശൂരനാട് കലാപത്തിന്റെ മണ്ണിൽ, പരമ്പരാഗത ഇടതുപക്ഷ കുടുംബത്തിൽ പിറന്നവളെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങളുടെ വഴികളിൽ നിന്നും വിട്ടുമാറി ദളിത് സമര സഖ്യങ്ങളിൽ കൈകോർക്കുകയായിരുന്നു ഈ ആക്ടിവിസ്റ്റ്.

ആക്ടിവിസത്തിന്റെ വഴികളിലായിരിക്കെയും, എഴുത്തിന്റെ കരുത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ചു പണിയെടുക്കുന്ന യുവനിരക്കാരിൽ സർഗ്ഗശേഷികൊണ്ട് വേറിട്ട വഴിയും തെളിയിക്കുന്നുണ്ട് അവർ. ഡി.സി.യിൽ നിന്നുള്ള 'അമിഗ്ദല' മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതെങ്കിലും അതിലുള്ളത്രതന്നെ കവിതകൾ പുസ്തകരൂപം നേടാത്തവയായും ഈ യുവ കവിയുടെതായി ഉണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ 'സ്വാഭാവിക'മായ തമസ്കരണങ്ങൾക്കിടക്കും പെണ്ണെഴുത്തിലെ വെള്ളിവെളിച്ചങ്ങളായി നാളെ കണ്ടെടുക്കപ്പെടുമെന്നുറപ്പുള്ള കവിതകളാണ് ധന്യയുടെ 'അമിഗ്ദല' സമാഹാരവും തുടർന്നെഴുതിയ കവിതകളും.

മലയാളത്തിൽ ഉയർന്നു വരുന്ന നവ റിയലിസ്റ്റ് കഥകളുടെ പുതു തരംഗത്തിൽ ഒന്നാം നിരയിൽ വരുന്ന മികച്ചൊരു കഥയും ധന്യയുടെതായുണ്ട് (മണ്ണിൽ വേവുന്ന വിഭവങ്ങൾ). കഥയെഴുത്തു തരുന്ന ഹൃദയ ഭാരവും സർഗ്ഗാധ്വാനവും താങ്ങാൻ വയ്യാത്തതുകൊണ്ടാണ് താൻ കവിതയിൽ അഭയംതേടുന്നതെന്നു പറയുന്ന ധന്യയുടെ ഫേസ് ബുക്ക് കുറിപ്പുകളും കാവ്യഭാവുകത്വത്തെ ജീവശ്വാസമായി നിലനിർത്തുന്നവയാണ്.

വിവാഹം വീട്ടുകാരുടെ അനുഗ്രഹങ്ങളോടെ

രോഹിത് വെമുല പ്രക്ഷോഭത്തിന്റെ തുടർനാളുകളിൽ കേരളത്തിലേതടക്കമുള്ള വിവിധ ക്യാമ്പസുകളിലും പുറത്തും പടർന്നുവന്ന സമരസാഹോദര്യങ്ങളാണ് ധന്യയുടെയും സുങ്കണ്ണയുടെയും സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും ജനാലകൾ തുറന്നത്. ആന്ധ്രയിലെ കർണ്ണൂർ ജില്ലയിൽപ്പെട്ട ദമാഗുദ്ല ഗ്രാമത്തിലെ ദളിത് കുടുംബത്തിൽ നിന്നുള്ള സുങ്കണ്ണ ധന്യയുടെ വീട്ടിൽ നേരിട്ടെത്തി വിവാഹാഭ്യർത്ഥന നടത്തി. ഇരു വീട്ടുകാരുടെയും അനുഗ്രഹാശിസ്സുകളാടെയാണ് ഒരുമിച്ചു പുലരാനുള്ള ഇവരുടെ തീരുമാനം.

ശാസ്താംകോട്ട ഡി.ബി.കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ധന്യയിപ്പോൾ പെരിന്തൽമണ്ണക്കടുത്ത് ചെർപ്പുളശ്ശേരിയിൽ ഐഡിയൽ ട്രെയ്നിംഗ് കോളേജിൽ ട്വൂട്ടറാണ്.

ഫിലോസഫിയിലാണ് സുങ്കണ്ണയുടെ ഡോക്ടറേറ്റ്. പത്താം ക്ലാസിൽ 40 ശതമാനവും പ്രീഡിഗ്രിക്ക് 46 ശതമാനവും ഡിഗ്രിക്ക് 56 ശതമാനവും ബിഎഡിന് 61 ശതമാനവും എംഎ യ്ക്ക് 72 ശതമാനവും എന്ന നിലയിൽ, കീഴാളതകളുടെ ഉച്ചതയിൽനിന്ന് തന്റെ കരിയർ ഗ്രാഫ് ഉയർത്തിക്കൊണ്ടുവന്ന സുങ്കണ്ണക്ക് നൂറിൽ നൂറ് മാർക്ക് ജീവിതത്തിൽ നൽകാനാണ് ധന്യയുടെ നിയോഗം! ഒപ്പം, തന്റെ സർഗ്ഗജീവിതത്തിന് എല്ലാ കീഴാളതകളെയും ഉല്ലംഘിച്ച് ആകാശ സഞ്ചാരങ്ങൾ സമ്മാനിക്കാനാവട്ടെ സുങ്കണ്ണ ധന്യക്കു വേണ്ടി കേരളക്കാരനാവുന്നത്.

ഇരുവർക്കും സ്നേഹാഭിവാദ്യങ്ങൾ!

Read More >>