വഴിയിലുപേക്ഷിച്ച കഥകൾ, ജീവിതവും

വളരെ വിഷാദിയും അന്തർമുഖനുമായിരുന്ന വ്യക്തിയായിരുന്നു ഗുരു ദത്ത് എന്ന് ദേവ് ആനന്ദ് ഒരു അഭിമുഖത്തിൽ ഓർമ്മിക്കുന്നുണ്ട്. അത്തരമൊരാളുടെ സിനിമകളിലും വിഷാദം നിറഞ്ഞിരിക്കുന്നത് സ്വാഭാവികം. പ്യാസാ എന്ന സിനിമയിൽ തന്റേതായൊരിടം നേടാൻ ശ്രമിക്കുന്ന കവിയുടെ വേഷം ഗുരു തന്നെ അഭിനയിച്ചത് യാദൃശ്ചികമാകാനിടയില്ല.

വഴിയിലുപേക്ഷിച്ച കഥകൾ, ജീവിതവും

ജയേഷ് എസ്

''അദ്ദേഹത്തിന് പരാജയം ഉൾക്കൊള്ളാനാവില്ലായിരുന്നു'' ബോളിവുഡിലെ നിത്യഹരിതനായകനായിരുന്ന ദേവ് ആനന്ദ് തന്റെ ആത്മമിത്രം ഗുരു ദത്തിനെക്കുറിച്ച് ഓർക്കുന്നതിങ്ങനെയാണ്. അത് ശരി വയ്ക്കും വിധമായിറുന്നു ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകനായിരുന്ന ഗുരു ദത്തിന്റെ ജീവിതവും സിനിമയും.

അപ്പോഴേയ്ക്കും ഗുരു ദത്ത് ബോളിവുഡിലെ അനിഷേധ്യനായ സംവിധായകനും നടനുമായിക്കഴിഞ്ഞിരുന്നു. പ്യാസ, സി ഐ ഡി, മിസ്റ്റർ & മിസ്സിസ് 55, ചൌധവീ കാ ചാന്ദ് തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം/നിർമ്മാണം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു ഗുരു ദത്ത്. കാഗസ് കേ ഫൂൽ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച സൃഷ്ടിയായി അത് കണക്കാക്കപ്പെട്ടു. ആ പരാജയം അദ്ദേഹത്തിനെ അല്പം തളർത്തിയെങ്കിലും സാഹിബ് ബീബി ഔർ ഗുലാം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്തു. ഇത്രയും ആകുമ്പോൾ, ഗുരു ദത്തിനെക്കുറിച്ച് ഒരു ഹിറ്റ് മേക്കർ അല്ലെങ്കിൽ ഹിന്ദി സിനിമയുടെ അക്കാലത്തെ നടപ്പുരീതികളിൽ നിന്നും വഴിമാറി നടന്നയാൾ എന്നിങ്ങനെയെല്ലാം പറയാൻ സാധിക്കുമായിരിക്കും. പക്ഷേ, സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല ഗുരു ദത്തിനെക്കുറിച്ചുള്ള പ്രിയസുഹൃത്തിന്റെ അഭിപ്രായം എന്ന് മാത്രം.


12image4ഗുരുദത്ത് തുടങ്ങി വച്ച് പാതിവഴിയിൽ ഉപേക്ഷിച്ച സിനിമകൾ കുറച്ചെണ്ണമുണ്ട്. ഗൌരി (Gouri ) എന്ന സിനിമ ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം ആകേണ്ടിയിരുന്നതാണ്. രണ്ട് സീനുകൾ ചിത്രീകരിച്ച്, എസ് ഡി ബർമൻ രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്ത് കഴിഞ്ഞപ്പോൾ ഗുരുദത്ത് ഗൌരി നിർത്തി വച്ചു. ആ സമയത്ത് ഗുരു ദത്ത് മാനസികമായി തകർന്ന്, ലഹരിയിൽ മുഴുകിയിരിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നു. ഇതുപോലെ തുടക്കത്തിൽത്തന്നെ ഉപേക്ഷിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു സുനിൽ ദത്ത് നായകനായ 'രാസ്' (Raaz). അതും കുറച്ച് റീലുകൾ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടു. ആർ ഡി ബർമൻ സംഗീതം നൽകിയ രണ്ട് പാട്ടുകൾ റിക്കോർഡ് ചെയ്തിരുന്നു. ബംഗാളിയിൽ എടുക്കാനിരുന്ന 'ഏക് തുക്കു ഛൂവ, ശ് ശ് ശ് മോത്തി കീ മൌസി തുടങ്ങിയ ചിത്രങ്ങളും ഒരിടത്തുമെത്താതെ ഒടുങ്ങിപ്പോയിരുന്നു. നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം തുടങ്ങി വച്ച ബഹാരേൻ ഫിർ ഭീ ആയേംഗി (1966) അദ്ദേഹത്തിന്റെ മരണശേഷം പൂർത്തിയാക്കുകയായിരുന്നു. മറ്റൊരു സിനിമയായ ലവ് & ഡെത് പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു.

അലക്കുകാരൻ തുടങ്ങി വച്ച കഥ

ബോളിവുഡിലെ വൈരാഗ്യത്തിന്റെ കഥകൾ (അമിതാഭ് ബച്ചനും ശത്രുഘ്‌നൻ സിൻഹയും തമ്മിലുള്ളത് ഉദാഹരണം) പോലെ ഒന്നായിരുന്നു ഗുരു ദത്തും ദേവ് ആനന്ദും തമ്മിലുള്ള സൌഹൃദത്തിന്റെ കഥയും. ആ കഥയുടെ സൃഷ്ടാവ് ദേവ് ആനന്ദിന്റെ ഷർട്ട് ഗുരു ദത്തിന്റെ മുറിയിൽ എത്തിച്ച അലക്കുകാരൻ തന്നെയാണ്. സിനിമയിൽ തുടക്കക്കാരൻ ആയിരുന്ന ഗുരു ദത്തിന് മാറിയിടാൻ വേറെ കുപ്പായം ഉണ്ടായിരുന്നില്ല. ആരുടേതാണെന്ന ഷർട്ട് ധരിച്ച് ഷൂട്ടിങ് സെറ്റിൽ എത്തിയ ഗുരു ദത്തിനെ ദേവ് ആനന്ദ് പിടികൂടുക തന്നെ ചെയ്തു. ആ സമാഗമം ബോളിവുഡിലെ ഏറ്റവും നല്ല സൌഹൃദങ്ങളിലൊന്നായി മാറുകയായിരുന്നു. അവർ തമ്മിൽ ഒരു ധാരണയിൽ എത്തുക കൂടി ചെയ്തു. ദേവ് ആനന്ദ് ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ അത് സംവിധാനം ചെയ്യുക ഗുരു ദത്ത് ആയിരിക്കുമെന്നും, തിരിച്ച് ഗുരു ദത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ ദേവ് ആനന്ദ് നായകനായിരിക്കും എന്നായിരുന്നു ആ വാക്ക്. ദേവ് ആനന്ദ് 'ബാസി' (Baazi) എന്ന സിനിമയുടെ സംവിധാനം ഗുരു ദത്തിനെ ഏൽപ്പിച്ച് വാക്ക് പാലിച്ചു. പിൽക്കാലത്ത് 'ഗുരു ദത്ത് ഷോട്ട്' എന്ന പേരിൽ പ്രശസ്തമായ ക്യാമറ ടെക്‌നിക് ആ സിനിമയിലായിരുന്നു പിറന്നത്. വൻ വിജയമായിരുന്നു ബാസി, അതോടെ ഗുരുദത്ത് സിനിമാലോകത്ത് അറിയപ്പെടുകയും ചെയ്തു.

guru-dutt-and-geeta-duttബാസിയുടെ വിജയത്തിനൊപ്പം ഗുരു ദത്തിന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു വഴിത്തിരിവായിരുന്നു ഗീതാ റോയ് എന്ന ഗായികയെ കണ്ടുമുട്ടിയത്. അപ്പോഴേയ്ക്കും പ്രശസ്തയായിരുന്ന ഗീത റോയ് പിന്നീട് തുടക്കക്കാരനായിരുന്ന ഗുരു ദത്തിനെ വിവാഹം ചെയ്ത് ഗീത ദത്ത് ആയി. അവർ ഒരുമിച്ച് പ്രവർത്തിച്ച സിനിമകളിൽ അനശ്വരഗാനങ്ങൾ പിറന്നു. പക്ഷേ, നാളുകൾ കഴിഞ്ഞപ്പോൾ, കാരണം എന്തെന്നറിയില്ലെങ്കിലും, ഗുരു ദത്ത് തന്റെ നല്ലപാതിയെ നിയന്ത്രിക്കാൻ തുടങ്ങിയെന്നത് സത്യം. സാമ്പത്തികഭദ്രതയ്ക്ക് വേണ്ടിയാണ് ഗുരു ദത്ത് ഗീതയെ വിവാഹം കഴിച്ചതെന്ന കുശുമ്പ് പറച്ചിലും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിനെ തകർത്തിരിക്കണം. സ്വന്തം നിർമ്മാണത്തിലുള്ള സിനിമകൾ ഒഴിച്ച് മറ്റുള്ളവർക്ക് വേണ്ടി ഗീത പാടുന്നത് ഗുരു ദത്ത് വിലക്കി. ഗീതയുടെ പ്രതിഭ ആ വിലക്കുകൾക്ക് വശപ്പെടുന്നതല്ലായിരുന്നു. അവർ ഭർത്താവ് അറിയാതെ രഹസ്യമായി മറ്റുള്ളവർക്ക് വേണ്ടി പാടാൻ തുടങ്ങി. പക്ഷേ, അധികനാളുകൾ അവർക്ക് ആ കള്ളക്കളി തുടരാൻ സാധിച്ചില്ലായിരുന്നു. മാനസികമായി തളർന്ന ഗീത തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമകൾക്ക് മാത്രം പാടുന്നതിൽ ഒതുങ്ങിക്കൂടി.

അതിപ്രതിഭാശാലികളായ രണ്ട് പേർ. അവർ ജീവിതപങ്കാളികളാകുകയും ചെയ്യുന്നു. അസ്വാരസ്യങ്ങൾക്ക് വേറെന്ത് കാരണം വേണം? ഗുരു ദത്തിന്റെ സഹോദരൻ ആത്മാറാം പറയുന്നത് ''ഗുരു ദത്ത് ജോലിക്കാര്യത്തിൽ വളരെ അച്ചടക്കമുള്ളയാളായിരുന്നു, എന്നാൽ സ്വന്തം ജീവിതത്തിൽ അല്ല.'' ഗുരു ദത്ത് അമിതമായ മദ്യപാനത്തിനും പുകവലിയ്ക്കും അടിമയാകുകയായിരുന്നു. അതിനിടയിലായിരുന്നു വഹീദ റഹ്മാൻ എന്ന മറ്റൊരു കഥാപാത്രം അവരുടെ ജീവിതത്തിൽ കടന്നുവരുന്നത്. അതോടുകൂടി ഗീതയുടേയും ഗുരുവിന്റേയും ഒന്നിച്ചുള്ള ജീവിതം അവസാന ഘട്ടത്തിലെത്തുകയായിരുന്നു. ഗീതയിൽ നിന്നും പിരിഞ്ഞ് ഗുരു ദത്ത് ഏകാന്തജിവിതത്തിലേയ്ക്ക് കടന്നു.

വിഷാദഭൂമിയിലെ ജീവിതം

വളരെ വിഷാദിയും അന്തർമുഖനുമായിരുന്ന വ്യക്തിയായിരുന്നു ഗുരു ദത്ത് എന്ന് ദേവ് ആനന്ദ് ഒരു അഭിമുഖത്തിൽ ഓർമ്മിക്കുന്നുണ്ട്. അത്തരമൊരാളുടെ സിനിമകളിലും വിഷാദം നിറഞ്ഞിരിക്കുന്നത് സ്വാഭാവികം. പ്യാസാ എന്ന സിനിമയിൽ തന്റേതായൊരിടം നേടാൻ ശ്രമിക്കുന്ന കവിയുടെ വേഷം ഗുരു തന്നെ അഭിനയിച്ചത് യാദൃശ്ചികമാകാനിടയില്ല. ആദ്യം 'പ്യാസ്' (ദാഹം) എന്ന് പേരിട്ടിരുന്നത് പിന്നീട് 'പ്യാസാ' (ദാഹിക്കുന്നയാൾ) എന്നാക്കി മാറ്റിയതും ഗുരു തന്നെ. എത്രത്തോളം തന്റെയുള്ളിൽ പൂർണ്ണതയ്ക്കുള്ള ദാഹം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. മി. & മിസ്സിസ് 55 (1955) എന്ന സിനിമയിൽ അദ്ദേഹം പ്രയാസമനുഭവിക്കുന്ന കാർട്ടൂണിസ്റ്റ് ആയിരുന്നു. കാഗസ് കേ ഫൂൽ (1959) ആകട്ടെ ഗുരു ദത്തിന്റെ ആത്മകഥാംശം നിറഞ്ഞ സിനിമയാണെന്ന് പറയപ്പെടുന്നു.

തന്റെ സ്വകാര്യജീവിതവും സിനിമയും തമ്മിൽ കാര്യമായ വേർതിരിവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. സിനിമയിൽ നിന്ന് തന്നെ ആത്മസുഹൃത്തിനെ ലഭിക്കുന്നു, സിനിമയിൽ നിന്ന് തന്നെ നല്ലപാതിയെ കണ്ടെത്തുന്നു, അതേ സിനിമയിൽ നിന്ന് തന്നെ കുടുംബജീവിതം ശിഥിലമാക്കിയ പ്രണയകഥയും കടന്നു വരുന്നു. ഒരു പക്ഷേ, സിനിമ തന്നെയായിരിക്കണം അദ്ദേഹത്തിന്റെ അന്ത്യത്തിനും വഴിയൊരുക്കിയതെന്ന് പറയാൻ സാധിക്കുമോ?

പാളിപ്പോയ ശ്രമങ്ങൾ

തന്റെ ഒരു സിനിമ പരാജയപ്പെട്ടാൽ അങ്ങേയറ്റം അസ്വസ്ഥനാകുമായിരുന്നു ഗുരു. എന്നാലും മറ്റൊരു ഹിറ്റ് സിനിമയുമായി തിരിച്ച് വരുകയും ചെയ്യും. ജോണി വാക്കർ, വി കെ മൂർത്തി, അബ്രാർ ആൽവി, വഹീദ റഹ്മാൻ തുടങ്ങിയ പ്രതിഭകളെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പക്ഷേ, സിനിമയും ജീവിതവും ഇഴുകിച്ചേർന്ന ആ വ്യക്തിത്വത്തിന് കുടുംബത്തിലുണ്ടായ താളപ്പിഴകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വേണം കരുതാൻ. പകരം, അദ്ദേഹം ആശ്രയം കണ്ടെത്തിയത് ലഹരിയിലായിരുന്നു.

waheedaguruduttവഹീദയും സ്വന്തം വഴി തേടിപ്പോയപ്പോൾ, ഗുരു ഇനിയൊരു തിരിച്ചുവരവിന് സാദ്ധ്യതയില്ലാത്ത വിധം തകർന്നു പോയി. ഗീതാ ദത്തുമായുള്ള പുനഃസമാഗമത്തിനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. ഒടുവിൽ, തന്റെ ആത്മമിത്രമായ ദേവ് ആനന്ദ് തന്നെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി വന്നപ്പോഴും ഗുരുവിന് അത് സാധിച്ച് കൊടുക്കാനായില്ല.

മുമ്പ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു ഗുരു ദത്ത്. പാളിപ്പോയ ആ ശ്രമങ്ങൾ സിനിമാലോകത്തിന് കുറച്ച് നല്ല സൃഷ്ടികൾ സംഭാവന ചെയ്യാൻ ഉപകരിച്ചെന്ന് മാത്രം. ഗീതയുമായി പിണങ്ങിപ്പിരിഞ്ഞ് പെദ്ദാർ റോഡിലുള്ള തന്റെ വസതിയിലായിരുന്നു അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്നത്. സിനിമ മാത്രം നിറയുമായിരുന്ന ജീവിതത്തിൽ മദ്യവും കൂട്ടുചേർന്നെന്ന് മാത്രം.

അന്ന് വൈകുന്നേരം ഗുരു തന്റെ കുട്ടികളെ കൂട്ടിക്കൊണ്ടു വരാനായി തന്റെ ഡ്രൈവറെ ഗീതയുടെ വീട്ടിലേയ്ക്കയച്ചു. പട്ടങ്ങൾ വാങ്ങിക്കൊടുക്കാനായിരുന്നു അത്. മക്കളും സഹോദരൻ ദേവി ദത്തുമൊത്ത് പട്ടം പറത്തി രസിച്ച് നല്ലൊരു ഷോപ്പിംഗും കഴിഞ്ഞ ശേഷം അവരെ തിരികെ വീട്ടിലേയ്ക്കയച്ചു ഗുരു. ഗുരുവും ദേവിയും പദ്ദാർ റോഡിലെ ഫ്‌ലാറ്റിലേയ്ക്ക് മടങ്ങി. പുതിയ ഫ്‌ലാറ്റിൽ ടെലിഫോൺ കിട്ടിയിട്ടില്ലാത്തത് കാരണം അയൽക്കാരന്റെ ഫ്‌ലാറ്റിൽ പോയി ഫോൺ ചെയ്തു. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ തന്നെയായിരുന്നു വിഷയം.

തിരിച്ചെത്തി പതിവ് മദ്യപാനത്തിലേയ്ക്ക് ഗുരു കടന്നു. വളരെ സന്തോഷവാനായിരുന്നു അപ്പോൾ അദ്ദേഹം. ഒരിക്കൽക്കൂടി മക്കളെ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഗീത ആ ആവശ്യം നിരസിക്കുകയായിരുന്നു. അതിനിടയിൽ സന്ദർശകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാവരും പോയശേഷം രാത്രി പാതി കഴിഞ്ഞിട്ടും അദ്ദേഹം ഉണർന്നിരിക്കുകയായിരുന്നു.

പുലർച്ചെ മൂന്നരയോടെ മുറിയിലേയ്ക്ക് പോയ അദ്ദേഹം അടുത്ത ദിവസം കാണപ്പെടുന്നത് മരിച്ച നിലയിലായിരുന്നു. ഉറക്കഗുളികകൾ കഴിക്കാറുണ്ടായിരുന്ന അദ്ദേഹം മദ്യത്തിനൊപ്പം അമിതമായി ഗുളികകൾ കഴിച്ചതാകാം എന്ന് പറയപ്പെടുന്നു. മൂന്നാമത്തെ ആത്മഹത്യ (?) യെങ്കിലും പരാജയമാകരുതെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നത് പോലെ. വെറും 39 വർഷങ്ങൾ മാത്രം നീണ്ടുനിന്ന ജീവിതം ഇത്ര തിടുക്കപ്പെട്ട് അവസാനിപ്പിക്കേണ്ടതിന്റെ കാരണമെന്തായിരുന്നിരിക്കും?

അപൂർണമായ കഥകൾ

ഗുരു ദത്ത് എന്ന പ്രതിഭയുടെ വിയോഗം മൂലം അപൂർണ്ണമായ കഥകൾ ഇനിയുമുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം വിഷാദരോഗവും സാമ്പത്തികപ്രശ്‌നങ്ങളും കാരണം തകർന്നുപോയ ഗീതാ ദത്ത് എന്ന അതുല്യഗായിക, ദേവ് ആനന്ദ് - ഗുരു ദത്ത് കൂട്ടുകെട്ടിൽ സംഭവിക്കാമായിരുന്ന ഒരുപിടി നല്ല സിനിമകൾ, പിന്നെ ഗുരു ദത്ത് എന്ന പ്രതിഭാശാലിയുടെ ഒരിക്കലും നികത്താനാകാത്ത വിടവും.