വിറ്റൊഴിവാക്കിയ പഴയ സാധനങ്ങളിൽ നിന്ന് കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി കച്ചവടക്കാരൻ

വര്‍ഷങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങി പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളാണ് പത്തിരിപ്പാല മണ്ണൂര്‍ കിഴക്കുപ്പുറം നടുവിക്കല്‍ അബ്ദുള്‍ മജീദ്.

വിറ്റൊഴിവാക്കിയ പഴയ സാധനങ്ങളിൽ നിന്ന് കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി കച്ചവടക്കാരൻ

പാലക്കാട്: വീട്ടുകാർ വിറ്റൊഴിവാക്കിയ പഴയ ഗ്യാസ് സ്റ്റൗവിനകത്ത് നിന്ന് കച്ചവടക്കാരനായ മജീദിന് കിട്ടിയത് മൂന്നരപ്പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍.ആഭരണങ്ങൾ സ്വർണമാണെന്ന് ഉറപ്പിച്ചതോടെ സുഹൃത്തിന്റെ സഹായത്തോടെ സ്റ്റൗവ് വിറ്റയാളെ വിളിച്ചു ഫോണില്‍ വിവരം പറഞ്ഞു. ഫോണ്‍ വന്നപ്പോഴാണ് തന്റെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായ വിവരം ഉടമ സുരേഷ്  അറിയുന്നത്. ആശ്ചര്യം മാറും മുമ്പെ സ്വര്‍ണാഭരണങ്ങളുമായി മജീദും സുഹൃത്ത് നജീബും ഉടമയുടെ വീട്ടിലെത്തി.


വര്‍ഷങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങി ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളാണ് പത്തിരിപ്പാല മണ്ണൂര്‍ കിഴക്കുപ്പുറം നടുവിക്കല്‍ അബ്ദുള്‍മജീദ്. തെങ്ങു കയറ്റം, കിണര്‍ വൃത്തിയാക്കല്‍, തുടങ്ങി മറ്റു നാടന്‍ പണികളും ചെയ്യുന്ന മജീദ് ജോലിയില്ലാത്ത ദിവസങ്ങളില്‍ ആക്രി പെറുക്കി വില്‍ക്കും.

ശനിയാഴ്ച്ച രാവിലെയാണ് മങ്കര കണ്ണമ്പരിയാരത്തെ വീട്ടില്‍ പഴയ സാധനങ്ങൾ ചോദിച്ച് മജീദ് എത്തിയത്. സാധനങ്ങള്‍ക്കൊപ്പം വീട്ടില്‍ ഉപയോഗിക്കാതെ വെച്ചിരുന്ന ഒരു പഴയ സ്റ്റൗവും 500 രൂപ വിലകെട്ടി സുരേഷ് മജീദിന് നല്‍കി.  പഴയ പെട്ടിക്കകത്താണ് സ്റ്റൗ സൂക്ഷിച്ചിരുന്നത്. വേണമെങ്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റൗവായതിനാലാണ് 500 രൂപ വില നിശ്ചയിച്ചത്.വീട്ടിലെത്തി പെട്ടി തുറന്നപ്പോഴാണ് അതിനകത്ത് ചെറിയ പെട്ടിയിലായി സ്വര്‍ണാഭരണങ്ങള്‍ കണ്ടത്. 6 ജോഡി കമ്മലും ഒരു മോതിരവുമാണ് ഉണ്ടായിരുന്നത്.

സുരേഷിന്റെ ഭാര്യ രാജശ്രീ പറളി-1 വില്ലേജ് ഓഫീസറായി ജോലി ചെയ്യുകയാണ്. ഫോണില്‍ വിളിച്ചപ്പോഴാണ് വീട്ടിലെ സ്റ്റൗ വിറ്റതും അതിലെ സ്വര്‍ണാഭരണങ്ങള്‍ മജീദിന് കിട്ടിയ വിവരമെല്ലാം അവര്‍ അറിയുന്നത്. കള്ളന്‍മാരെ പേടിച്ചാണത്രെ ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ സ്വര്‍ണാഭരണങ്ങള്‍ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ സൂക്ഷിച്ചത്. മങ്കര എസ് ഐ പ്രതാപ്, മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ആഭരണങ്ങള്‍ മജീദ് സുരേഷിന് കൈമാറി.  ആഭരണങ്ങള്‍ തിരിച്ചു തന്നതിന്റെ സന്തോഷമായി സുരേഷ് വീട്ടിലെ ടി വി മജീദിന് നല്‍കി.

Story by