അപസ്മാരത്തെ തോല്‍പ്പിക്കാന്‍ കരാട്ടെ പഠിപ്പിക്കുന്ന പെണ്‍കുട്ടി: ആയിഷ നൂര്‍

ആയിഷ ഇപ്പോള്‍ ആയിരത്തില്‍ അധികം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കരാട്ടെ പരിശീലനം നല്‍കിക്കഴിഞ്ഞ അഭിമാനത്തോടെ ജീവിതത്തെ തിരികെ വെല്ലുവിളിക്കുന്നു.

അപസ്മാരത്തെ തോല്‍പ്പിക്കാന്‍ കരാട്ടെ പഠിപ്പിക്കുന്ന പെണ്‍കുട്ടി: ആയിഷ നൂര്‍

അപസ്മാരബാധിതയായ ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം ചെയ്യാം? പ്രത്യേകിച്ചു അവളുടെ സാമ്പത്തിക-സാമൂഹിക സ്ഥിതി വളരെ പിന്നോക്കമായിരിക്കുമ്പോള്‍.. അവള്‍ക്ക് വീട്ടിലിരുന്നു നക്ഷത്രങ്ങളെ സ്വപ്നം കാണുകയും ചിത്രശലഭങ്ങളോട് സംസാരിക്കുകായും ചെയ്യാം എന്ന മറുപടി പറയും മുന്‍പേ ആയിഷ നൂര്‍ എന്ന ഈ പെണ്‍കുട്ടിയെ പരിചയപ്പെടുക.

ഇന്ത്യയെ പ്രതിനിധീകരിച്ചു കരാട്ടെയില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണ മെഡല്‍ നേടിയ ഈ 19കാരി സ്വയം വിശേഷിപ്പിക്കുന്നത് "ഞാന്‍ ഒരു പെണ്‍പുലിയാണ്" എന്നാണ്. ആയിഷയുടെ ജീവിതം തന്നെ ഈ വാക്കുകളെ സാധൂകരിക്കുന്നു. ദേശീയതലത്തിലും കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ്ണമെഡലുകള്‍ ആയിഷയ്ക്ക് സ്വന്തം.


കല്‍ക്കട്ടയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമാണ് ആയിഷ. 13 വയസുള്ളപ്പോഴാണ് ആയിഷയുടെ പിതാവ് മരണപ്പെടുന്നത്. പിന്നീടു അമ്മ തയ്യല്‍പണി ചെയ്താണ് കുടുംബം പുലര്‍ത്തിയത്‌. സഹോദരന്‍ വഴിയോര ചെരുപ്പ് കച്ചവടം ചെയ്യുന്നു. സ്വന്തം നിലനില്‍പ്പ്‌ കണ്ടെത്തെണ്ടത് ആയിഷയുടെ ആവശ്യമായിരുന്നു. അപ്സമാര (ഫിറ്റ്‌സ്) ബാധിതര്‍ ഒരിക്കലും തിരഞ്ഞെടുക്കും എന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു മേഖലയില്‍ ഈ പെണ്‍കുട്ടിക്ക് മികവ് കാണിക്കാന്‍ കഴിഞ്ഞത് അവളുടെ മാത്രം ഇച്ഛാശക്തിയാണ്.

അഞ്ചാമത്തെ വയസില്‍ സ്കൂളില്‍ ചേര്‍ന്നു കുറച്ചു നാളുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അപസ്മാരബാധിതയായ ആയിഷയെ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുത്തി പഠിപ്പിക്കാന്‍ പ്രയാസമനുഭവപ്പെടുന്നു എന്ന് അദ്ധ്യാപകര്‍ പരാതി പറഞ്ഞു തുടങ്ങി. അതോടെ ആയിഷയുടെ റെഗുലര്‍ വിദ്യാഭ്യാസം അവസാനിച്ചു. അങ്ങനെയാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരനൊപ്പം കരാട്ടെ പഠിക്കാന്‍ ആയിഷ തീരുമാനിക്കുന്നത്‌.
"പ്രതിരോധിക്കാന്‍ എനിക്ക് പഠിക്കണമായിരുന്നു..എന്നെ തന്നെ ശക്തിപ്പെടുത്താന്‍ കരാട്ടെ സഹായിക്കും എന്ന് എനിക്ക് തോന്നി".

ആയിഷയെ കരാട്ടെ മാസ്റ്റര്‍ നിരുല്‍സാഹപ്പെടുത്തിയില്ല, മറിച്ചു നല്ല പിന്തുണ നല്‍കുകയും ചെയ്തു. 13 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആയിഷ ഇപ്പോള്‍ ആയിരത്തില്‍ അധികം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കരാട്ടെ പരിശീലനം നല്‍കിക്കഴിഞ്ഞ അഭിമാനത്തോടെ ജീവിതത്തെ തിരികെ വെല്ലുവിളിക്കുന്നു.

മാസത്തില്‍ രണ്ടോ മൂന്നോ തവണ ആയിഷയ്ക്ക് ഇപ്പോഴും അപസ്മാരം ഉണ്ടാകാറുണ്ട്, അതും കഠിനമായ ഭാവത്തില്‍ തന്നെ. പക്ഷെ കരാട്ടെ പഠിപ്പിക്കുമ്പോള്‍ തനിക്ക് ഒരിക്കലും ഇത്തരം തിക്താനുഭവം ഉണ്ടായിട്ടില്ല എന്ന് ആയിഷ സന്തോഷത്തോടെ പറയുന്നു.

"ഭയന്നു മാറുകയല്ല, പൊരുതുകയാണ് വേണ്ടത്" 2012ല്‍ രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം വാര്‍ത്തകളില്‍ അറിഞ്ഞ ആയിഷയ്ക്ക് സമൂഹത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശം ഇതായിരുന്നു. ആയിഷ തന്നെ മുന്നിട്ടിറങ്ങി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുവാന്‍ തയ്യാറായി. എല്ലാ ഞായറാഴ്ചകളിലും രാം ലീലാ മൈതാനിയിലാണ് ആയിഷ ഇവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നത്.

[caption id="attachment_53481" align="aligncenter" width="510"]ayesha3
Courtesy: Huff Post[/caption]

പെണ്‍കുട്ടികളെ കരാട്ടെ പരിശീലനത്തിന് കൊണ്ടുവിടാന്‍ എത്തുന്ന അമ്മമാര്‍ക്കും കരാട്ടെ അഭ്യസിക്കണം എന്നഗ്രഹമുണ്ടായി. ഒരു സ്വയം പ്രതിരോധ ഉപാധി എതൊരു സ്ത്രീയും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നായിരുന്നു അവരുടെയും ചിന്ത. അങ്ങനെ ആയിഷയുടെ കാരാട്ടെ ക്ലാസ്സില്‍ സാരിയും ബുര്‍ഖയും ധരിച്ച സ്ത്രീകളും വിദ്യാര്‍ഥികളായി എത്തി. അപസ്മാരത്തിന്‍റെ ബന്ധനങ്ങളെ ഭേദിച്ചു ആയിഷ അവര്‍ക്ക് നല്ല ഗുരുവായി തുടരുകയും ചെയ്യുന്നു.

ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ് ആയിഷ. സ്കൂളില്‍ പോകാന്‍ നിവൃത്തി ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു പഠനവും. ശരീരികാസ്വാസ്ഥ്യങ്ങള്‍ കാരണം പല മത്സരങ്ങള്‍ക്കും പങ്കെടുക്കാന്‍ ആയിഷയ്ക്ക് സാധിച്ചിട്ടില്ല. ശരിയായ ചികിത്സയ്ക്കുള്ള സാമ്പത്തികം ഇല്ലാതിരുന്നതിനാല്‍ തന്നെ രോഗം പൂര്‍ണ്ണമായും മാറി എന്ന് പറയാനും കഴിയില്ല. താല്‍കാലിക ശമനത്തിനായി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും പലപ്പോഴും പണത്തിന്‍റെ ബുദ്ധിമുട്ട് കാരണം ഇതും മുടങ്ങാറുണ്ട്.

[caption id="attachment_53482" align="alignright" width="329"]ayesha 2 Courtesy: Telegraph[/caption]

2012ല്‍ ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയതിനു പിന്നാലെ അടുത്ത വര്ഷം തായി അന്താരാഷ്ട്ര യുവജന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 12 അംഗ ടീമിലെ ഏക പെണ്‍കുട്ടിയായി ആയിഷ പങ്കെടുത്തു സ്വര്‍ണ്ണം കരസ്ഥമാക്കി. 40ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു എതിരാളികള്‍. 2014ല്‍ ഫ്രാന്‍സില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അതില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. 2015ല്‍ തായ്ലാന്‍ഡ്‌ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ആയിഷ സ്വര്‍ണം കരസ്ഥമാക്കി.

ഇന്ത്യന്‍ കായികരംഗത്ത് കരാട്ടെ ഒരു ഔദ്യോഗിക ഇനം അല്ലാത്തതിനാല്‍ തന്നെ സര്‍ക്കാരില്‍ നിന്നും ഈ ചെറുപരിശീലകയ്ക്ക് യാതൊരു ആനുകൂല്യവും ലഭ്യമല്ല. ആയിഷയുടെ ജീവിതം കണ്ടുകേട്ട് അറിയുന്നവര്‍ നല്‍കുന്ന സാമ്പത്തികമാണ് ഈ പെണ്‍കുട്ടിയുടെ മുഖ്യജീവനോപാധി. ഈ തുക പലപ്പോഴും ആയിഷയുടെ മരുന്നിന് പോലും തികയാറില്ല എന്ന് കോച്ച് അലി പറയുന്നു.

പക്ഷെ തന്‍റെ ഈ ന്യൂനതകളും വിജയമാക്കി മാറ്റാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഈ പെണ്‍കുട്ടി. ഇവള്‍ അപസ്മാരവുമായി നേരിട്ടുള്ള പോരാട്ടത്തിലാണ്. പണം, ആരോഗ്യം,മതം ഇവയൊന്നും ആ പോരാട്ടത്തിനു തടസ്സമാകുന്നില്ല. ജീവിതം തന്നെ സന്ദേശമാകുന്നതിലും മഹത്തായ മറ്റൊരു കാര്യമില്ലെലോ...