ഒന്നു കണ്ണു ചിമ്മാൻ പോലും കഴിയാതെ ലൈവിത; അപൂര്‍വ്വ രോഗത്തിന്റെ ദുരിതം പേറി ബാലിക; സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ചപോലെ...

സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുമ്പ് സഹായിച്ചിരുന്ന പലരും പിന്‍വാങ്ങുകയായിരുന്നു.ഭൂമി പാസാക്കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടും പട്ടയം ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പല തവണ കയറി ഇറങ്ങിയിട്ടും കാര്യമുണ്ടായില്ലെന്ന് ലൈബിന്‍ പറയുന്നു.

ഒന്നു കണ്ണു ചിമ്മാൻ പോലും കഴിയാതെ ലൈവിത; അപൂര്‍വ്വ രോഗത്തിന്റെ ദുരിതം പേറി ബാലിക; സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ചപോലെ...

ജനിച്ചശേഷം ഇതുവരെ ഉറങ്ങുമ്പോള്‍ പോലും ഒന്നു കണ്ണടക്കാന്‍ ലൈവിതയ്ക്ക് കഴിഞ്ഞിട്ടില്ല. ത്വക്ക് അടര്‍ന്നുപോകുന്ന അപൂര്‍വ്വ രോഗമാണ് ഈ നാലു വയസ്സുകാരിക്ക്. ചികിത്സയ്ക്ക് മാസം ഇരുപതിനായിരം രൂപയെങ്കിലും വേണം. ഓട്ടോഡ്രൈവറായ പിതാവ് ലൈബിന്റെ കയ്യിലൊതുങ്ങുന്നതല്ല ഈ തുക. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സുതാര്യകേരളം പരിപാടിയില്‍ മൂന്നു സെന്റ് സ്ഥലവും വീടുമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അതൊന്നും ലഭിച്ചില്ല. ലൈബിന് പാസാക്കിയിരുന്ന ഭൂമി മറ്റ് കുടുംബങ്ങള്‍ക്ക് നേരത്തെ അനുവദിച്ചിരുന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.


കണ്ണടച്ചൊന്നുറങ്ങാന്‍...കണ്ണൊന്നു ചിമ്മാന്‍...


''മുമ്പൊക്കെ അവള്‍ വേദനയും, ചൊറിച്ചിലും, നീറ്റലും വന്നു കരയുമായിരുന്നു. ഇപ്പോള്‍ നാലു വയസ്സായില്ലേ. കണ്ണാടിയിലൊക്കെ പോയി നോക്കും. അനിയത്തിയെ തൊട്ടു നോക്കും. അതൊക്കെ കാണുമ്പോള്‍ ഞങ്ങളാകെ തകരും...'' ലൈവിതയുടെ അമ്മ അനിതയുടേതാണ് വാക്കുകള്‍. വീടിന് പുറത്തിറങ്ങാനും കൂട്ടുകൂടി കളിക്കാനും ഓടാനും ചാടാനുമെല്ലാം അത്രമേല്‍ കൊതിക്കുന്നുണ്ട് ഈ കുഞ്ഞ്. എന്നാല്‍ അതിനൊന്നും തന്റെ ശരീരം സമ്മതിക്കില്ലെന്ന് ലൈവിതയ്ക്ക് മനസ്സിലായി തുടങ്ങുന്ന പ്രായമെത്തി.


 laivitha

കണ്ണടച്ചുറങ്ങാന്‍ ഒരിക്കല്‍ പോലും ലൈവിതയ്ക്ക് കഴിഞ്ഞിട്ടില്ല. എപ്പോഴും കണ്ണു തുറന്നിരിക്കുന്നതിനാല്‍ ഉറങ്ങിയോ ഇല്ലയോ എന്നു പോലും മനസ്സിലാക്കാനാകില്ല. കണ്ണില്‍ കരട് പോയാല്‍ പോലും ചിമ്മാനാകില്ല.  ജന്മനാ കണ്‍പോളയില്ലാത്തതിനാല്‍ കരയുമ്പോൾ കണ്ണീര്‍ ഒഴുകി ചെവിയിലെത്തും.


പൊളിഞ്ഞുവരുന്ന തൊലി ഇടയ്ക്കിടെ അടര്‍ത്തി മാറ്റിയില്ലെങ്കില്‍ കട്ടികൂടും. പിന്നീടത് നീക്കം ചെയ്താല്‍ ചോര പൊടിയും. അന്തരീക്ഷ ഊഷ്മാവ് കൂടിയാല്‍ ശരീരം ചുട്ടുപൊള്ളും. വീടിനു പുറത്തിറങ്ങിയാല്‍ ശരീരം ചുവന്നു തടിക്കും. ചൂടുള്ള സമയങ്ങളില്‍ ബക്കറ്റിലെ തണുത്ത വെള്ളത്തില്‍ കിടക്കാന്‍ ലൈവിത ഓടും. ഏറെ നേരം വസ്ത്രം ധരിക്കാനാവില്ല, കളിപ്പാട്ടം പോലും തൊടാനുള്ള പേടിയും.


ഓടിത്തളര്‍ന്ന ലൈബിനും അനിതയും


ലൈവിതയുടെ രോഗം നിയന്ത്രിച്ചു നിര്‍ത്താനേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്ന് ലൈബിന്‍ പറയുന്നു. ദേഹത്ത് ഓയിന്‍മെന്റ് പുരട്ടിയാണ് ചികിത്സ. മാസം ഇരുപതിനായിരം രൂപയാണ് ചികിത്സയ്ക്കുള്ള ചിലവ്. പറവൂരിലുള്ള ഡോ സമീന ഹബീബാണ് ലൈവിതയെ ചികിത്സിക്കുന്നത്.  കുട്ടിക്ക് നാല് വയസ് പിന്നിട്ടതോടെ ഗുളികയടക്കമുള്ള മരുന്നുകള്‍ കൊടുത്തു തുടങ്ങമെന്ന് ഡോക്ടര്‍ പറയുന്നു.[caption id="attachment_48208" align="alignleft" width="219"]laivitha1 പിതാവ് ലൈബിനും ലൈവിതയും[/caption]ഓട്ടോ ഓടിച്ചാണ് ലൈബിന്‍ കുടുംബം പുലര്‍ത്തുന്നത്. സ്വന്തമായി സ്ഥലമോ വീടോ ലൈബിനില്ല. ചികിത്സയ്ക്കായി വാങ്ങിയ കടം വേറെയും. അങ്ങനെയാണ് സുതാര്യകേരളം പരിപാടിയില്‍ ലൈബിന്‍ പങ്കെടുക്കുന്നത്.


നിറയെ വാഗ്ദാനം


വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈവിതയുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് സുതാര്യകേരളം പരിപാടിയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ലൈബിനേയും അനിതയേയും അറിയിച്ചു. കുടുംബത്തിന് മൂന്നു സെന്റ് സ്ഥലവും വീടും ലഭ്യമാക്കാന്‍ കലക്ടറായിരുന്ന ഷേക്ക് പരീതിനോട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വീടിന്റെ ഒരു മുറി എയര്‍ കണ്ടീഷന്‍ ചെയ്യാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ലൈബിന് സ്വന്തമായി ഓട്ടോറിക്ഷ അനുവദിക്കുന്നതിനും അനിതയ്ക്കും കുട്ടിയ്ക്കും പെന്‍ഷന്‍ ലഭ്യമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.


മേല്‍പ്പറഞ്ഞ വാഗ്ദാനങ്ങളില്‍  1100 രൂപ പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് കുട്ടിയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി . കാക്കനാട് മൂന്നര സെന്റ് സ്ഥലം അനുവദിക്കുമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ  ഒന്നും നടന്നില്ല. മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയായപ്പോള്‍ പ്രാദേശിക നേതാക്കള്‍ മുന്‍കൈയ്യെടുത്ത് വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. കലക്ടറായിരുന്ന രാജമാണിക്യത്തോട് ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്തു കൊടുക്കാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു. അതു കൊണ്ടും കാര്യമുണ്ടായില്ല.


ആ ഭൂമി ലൈബിന്റേതല്ല...


സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുമ്പ് സഹായിച്ചിരുന്ന പലരും പിന്‍വാങ്ങുകയായിരുന്നു.ഭൂമി പാസാക്കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടും പട്ടയം ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പല തവണ കയറി ഇറങ്ങിയിട്ടും കാര്യമുണ്ടായില്ലെന്ന് ലൈബിന്‍ പറയുന്നു. കളക്ടറേറ്റിലെ എല്‍ വണ്‍ സെക്ഷനിലെ  ഉദ്യോഗസ്ഥര്‍ ലൈബിനോട് നിരുത്തരവാദപരമായാണ് പെരുമാറിയത്.


ലൈബിന് പ്രഖ്യാപിച്ച കാക്കനാട് വില്ലേജ് നമ്പര്‍ 7-ലെ 32/21 നമ്പറിലുള്ള സ്ഥലം വേറൊരു കുടുംബത്തിന് നല്‍കിയെന്നാണ് കണയന്നൂര്‍ താലൂക്ക് തഹസില്‍ദാരായിരുന്ന ജോസഫ് പറയുന്നത്. ബ്രഹ്മപുരത്ത് സ്മാര്‍ട്ട് സിറ്റിയ്ക്കായ് സ്ഥലമേറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട നാലു കുടുംബങ്ങള്‍ക്കാണ് ഈ സ്ഥലമുള്‍പ്പെടെ ഏഴര സെന്റ് ഭൂമി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു കുടുംബം മാത്രമാണ് വീടുവെച്ചത്. കാക്കനാട് കളക്ടറേറ്റിനടുത്ത്  മറ്റൊരു ഭൂമി ലൈബിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതു വരെ തീരുമാനമായിട്ടില്ല. മകളുടെ ചികിത്സയ്ക്കായും സര്‍ക്കാര്‍ സഹായത്തിനും ലൈബിന്‍ ഒരു പോലെ ഓടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Read More >>