മാതാ ഹരി മുതല്‍ മാധുരി ഗുപ്ത വരെ; ചാര സൗന്ദര്യത്തില്‍ ചാരമായിപ്പോയ രഹസ്യങ്ങള്‍

'ഫെമ്മി ഫാറ്റല്‍' എന്ന വാക്കിന് ലോകം നല്‍കിയ നിര്‍വ്വചനമാണ് മാതാ ഹരി. സര്‍പ്പസൗന്ദര്യം കൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി.

മാതാ ഹരി മുതല്‍ മാധുരി ഗുപ്ത വരെ; ചാര സൗന്ദര്യത്തില്‍ ചാരമായിപ്പോയ രഹസ്യങ്ങള്‍

ഭാഗം 1

മാതാ ഹരി മുതല്‍ മാധുരി ഗുപ്ത വരെ സൗന്ദര്യവും ശരീരശാസ്ത്രവും ബുദ്ധിവൈഭവവും കൊണ്ട് പുരുഷന്മാരെ വരിഞ്ഞു കെട്ടിയ ഒട്ടനവധി ചാര സ്ത്രീകളുണ്ട്. ചൂണ്ടയില്‍ 'സെക്സ്' കൊരുത്തുവച്ച് ഇരയെ പിടിക്കാനും അവരുടെ രഹസ്യങ്ങള്‍ അവര്‍ പോലുമറിയാതെ ചോര്‍ത്താനും കഴിവുള്ള സ്ത്രീകള്‍ ഒരുകാലത്ത് പല രാജ്യങ്ങളുടെയും നട്ടെല്ലായിരുന്നു !

'ഫെമ്മി ഫാറ്റല്‍' എന്ന വാക്കിന് ലോകം നല്‍കിയ നിര്‍വ്വചനമാണ് മാതാ ഹരി. സര്‍പ്പസൗന്ദര്യം കൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ വനിത.


രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും കുപ്രസിദ്ധയായ ചാരസുന്ദരിയായിരുന്ന മാതാ ഹരി സൈനികരുടെ കിടപ്പറയില്‍ കടന്ന് പട്ടാള രഹസ്യങ്ങള്‍ മനഃപാഠമാക്കി പതിനായിരക്കണക്കിന് പട്ടാളക്കാരുടെ ജീവനെടുത്ത വനിതയാണ്. മാതാ ഹരി വെറുമൊരു ചാര വനിത മാത്രമായിരുന്നില്ല. ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയില്‍ അവര്‍ 'ഡബിള്‍ ഏജന്റായി'. ഇരു രാജ്യങ്ങള്‍ക്ക് വേണ്ടിയും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും രഹസ്യങ്ങള്‍ ചോര്‍ത്തി. ഒടുവില്‍ ജര്‍മ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 1917ല്‍ ഫ്രഞ്ചു പട്ടാളത്തിന്റെ ഫയറിംഗ് സ്ക്വാഡ് അവരുടെ ജീവനെടുത്തു.

(കു)പ്രശസ്തയായ മാതാ ഹരിക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നത് മാധുരി ഗുപ്തയെന്ന മുന്‍ നയതന്ത്ര പ്രതിനിധിയെയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച  ചാര വനിതയായിരുന്നു മാധുരി. ചാരവൃത്തി ചെയ്യുന്ന പെണ്ണിന്‍റെ ആയുധം സര്‍പ്പസൗന്ദര്യവും അഴകൊത്ത ശരീരവും മാത്രമാണെന്ന വിശ്വാസം തകര്‍ത്തെറിഞ്ഞവള്‍. കണ്ണട ധരിച്ച, വണ്ണമുള്ള ശരീരമുള്ള മധ്യവയസ്ക്ക. എന്നാല്‍, ആണുങ്ങള്‍ക്ക് വേണ്ടി മാത്രം വിരിക്കപ്പെടുന്ന വലകളാണ് ഹണി ട്രാപ്പുകളെന്ന വിശ്വാസം തകര്‍ക്കപ്പെട്ടതും മാധുരിയിലൂടെയാണ്. പാകിസ്ഥാനില്‍ തന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്ന യുവാവിനോട് മാധുരി ചാര പ്രവര്‍ത്തനത്തെക്കുറിച്ച് വിശ്വസിച്ചു പറഞ്ഞ ചില കാര്യങ്ങള്‍ അയാള്‍ 'ചോര്‍ത്തി'. അങ്ങനെ അധികമൊന്നുമില്ലെങ്കിലും ചാര സ്ത്രീകളുടെ രഹസ്യം ചോര്‍ത്തിയ പുരുഷന്മാരുടെ എണ്ണം പറഞ്ഞ പട്ടികയില്‍ അയാള്‍ ഇടം നേടി.

രഹസ്യങ്ങളിലേക്കുള്ള വഴി തേടാന്‍ പുരുഷന്മാരേക്കാള്‍ നന്നായി സ്ത്രീകള്‍ക്ക് കഴിയുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. വികാരത്തെയും വിലോഭനത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ സ്ത്രീകള്‍ക്കുള്ള കഴിവും ഇതിനു കാരണമാണ്. സാഹചര്യങ്ങള്‍ക്കൊത്ത് നിറം മാറാന്‍ സ്ത്രീകള്‍ക്ക് കഴിയും. മടുക്കുമ്പോഴും തളരുമ്പോഴും പണി പകുതിക്കിട്ടിട്ട് പോകാന്‍ അവര്‍ തയ്യാറാകില്ല. അത് തന്നെയാണ് അവരുടെ വിജയ രഹസ്യവും.

അത്ര ഗൌരവമേറിയതല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹണി ട്രാപ് കേസ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്താണ്. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ, ഒരു യുവ നയതന്ത്ര പ്രതിനിധി റഷ്യന്‍ സുന്ദരിയുടെ മോഹവലയത്തില്‍ ചെന്ന് ചാടി. പിന്നീട് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബി ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോള്‍, "ഇനിയെങ്കിലും സൂക്ഷിക്കണം" എന്ന് ആ നയതന്ത്ര പ്രതിനിധിയോട് പറഞ്ഞു വിഷയം ചിരിച്ചു  കളയുകയാണ് നെഹ്‌റു ചെയ്തത്.

വിദേശ ഹണി ട്രാപ്പുകളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നിരവധിയുണ്ട്. മെയ്‌ 2008ല്‍ ഉയര്‍ന്ന 'റോ' ഉദ്യോഗസ്ഥനായ മന്‍മോഹന്‍ ശര്‍മ്മയെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ നിന്നും തിരിച്ചു വിളിച്ചത് ഒരു ചൈനീസ്‌ ഹണി ട്രാപ്പില്‍ ചെന്നുപെട്ടതിന്റെ പരിണിതഫലമായാണ്. ചൈനീസ്‌ സര്‍ക്കാരിന്റെ ചാരസ്ത്രീയെന്ന് ഇന്ത്യ സംശയിച്ചിരുന്ന ഒരു അധ്യാപികയുമായി ശര്‍മ്മയ്ക്കുണ്ടായിരുന്ന അതിരുകടന്ന ബന്ധമാണ് അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പില്‍ക്കാലത്ത്, ചൈനീസ്‌ ചാര സംഘടനയുമായി അടുത്തു പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്ത്യ സംശയിച്ചിരുന്ന മറ്റൊരു യുവതിയുമായുള്ള ബന്ധം 2007ല്‍ രവി നായര്‍ എന്ന റോ ഉദ്യോഗസ്ഥനെ ഇന്ത്യ ഹോങ്കോങ്ങില്‍ നിന്നും തിരിച്ചു വിളിക്കാനും കാരണമായി. റോ ഉദ്യോഗസ്ഥനായിരുന്ന കെവി ഉണ്ണികൃഷ്ണനും ചാരസ്ത്രീയെന്നു സംശയിച്ചിരുന്ന എയര്‍ ഹോസ്റ്റസും തമ്മിലുള്ള പ്രണയവും ഇന്ത്യ കണ്ട ഹണിട്രാപ് എപ്പിസോഡുകളില്‍ പ്രമുഖമാണ്. അവിടെ നിന്നും തുടങ്ങിയ 'ഇന്ത്യന്‍' ഹണി ട്രാപുകള്‍ കെകെ രഞ്ജിത്തും കടന്ന് ഇന്നു വരുണ്‍ ഗാന്ധിയില്‍ എത്തി നില്‍ക്കുന്നു.

പെണ്ണിന്റെ സൗന്ദര്യത്തില്‍ കുടുങ്ങി ആണുങ്ങള്‍ മാത്രമല്ല ഹണി ട്രാപ്പില്‍ വീണിട്ടുള്ളത്. ആണിന്റെ മികവില്‍ കുടുങ്ങിപ്പോയ ഒരുപിടി സ്ത്രീകളുമുണ്ട്. കെജിബി പോലുള്ള രഹസ്യ സംഘടനകള്‍ 'റോമിയോ സ്പൈ' എന്ന പേരില്‍ ഇവരെ വിജയകരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പലപ്പോഴും 'ടാര്‍ഗറ്റുകള്‍ക്ക്' മുന്നില്‍ പ്രണയപരവശരായി മൂക്കും കുത്തി വീണ് തങ്ങളുടെ ജോലിപോലും അപകടത്തിലാക്കാനായിരുന്നു അവരിൽ പലരുടെയും വിധി. ലോകം കണ്ട ഏറ്റവും മികച്ച പുരുഷ സ്പൈയായ ജോണ്‍ സൈമണ്ട്സ് റോമിയോ സ്പൈ എന്ന നിലയിൽ വിജയിച്ച വ്യക്തിയാണ്. കെജിബിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലയില്‍ കുരുങ്ങിയ പെണുങ്ങള്‍ നിരവധി...

(തുടരും...)