സികെപി മുതല്‍ ഇപി വരെ... ഒരു തെറ്റുതിരുത്തല്‍ രേഖ

ഇ പിയുമായി ബന്ധപ്പെട്ട നാട്ടുവര്‍ത്തമാനങ്ങളിലെല്ലാം പണമൊഴുക്കിന്റെ പശിമയുണ്ട്. 2007ല്‍ മൊറാഴയില്‍ അദ്ദേഹം പ്രസംഗിച്ചു: അമ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചതുപോലെ ഇന്നും കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നാണ് ചിലരുടെ ശാഠ്യം. ബീഡിവലിച്ചു താടിനീട്ടി പരിപ്പുവടയും തിന്നു കുളിക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ആളുണ്ടാവില്ല. മാറേണ്ടതെങ്ങനെയാണെന്ന് ജയരാജന്‍ പാര്‍ട്ടിക്കു മാതൃകയായി

സികെപി മുതല്‍ ഇപി വരെ... ഒരു തെറ്റുതിരുത്തല്‍ രേഖ

ഡോ. ആസാദ്

സി കെ  പത്മനാഭന്‍ എന്നൊരു സംസ്ഥാന നേതാവുണ്ടായിരുന്നു സിപിഐഎമ്മിന്. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പണമിടപാടില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍നിന്നു നാട്ടിലെ ഘടകത്തിലേയ്ക്കു കെട്ടുകെട്ടിച്ചത്. കര്‍ഷക സംഘത്തിന്റെ ട്രഷറര്‍മാരായിരുന്നത് എ പി വര്‍ക്കി, കോടിയേരി തുടങ്ങിയ നേതാക്കളായിരുന്നുവെങ്കിലും ശിക്ഷ പത്മനാഭന് ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവന്നു. ഇ പി ജയരാജനും ഇക്കാര്യത്തില്‍ വലിയ വാശിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.


കാല്‍ കോടിയോളം വരുന്ന തുകയുടെ കാര്യത്തില്‍ കണക്കുകള്‍ കൃത്യമായിരുന്നില്ല എന്നത് ഗൗരവതരമായ കാര്യംതന്നെയാവാം. അത്ര ഗൗരവത്തോടെതന്നെ നടപടിയുമുണ്ടായല്ലോ. അപൂര്‍വ്വമായി മാത്രം കാണുന്ന സൂക്ഷ്മ വിശകലനവും പ്രവര്‍ത്തനവേഗവും സികെപിയുടെ കാര്യത്തിലുണ്ടായി. എന്നാല്‍ പലതവണ ലക്ഷങ്ങളുടെയും കോടികളുടെയും ആരോപണങ്ങളുയര്‍ന്നപ്പോഴും ഒട്ടും പരിക്കു പറ്റാതെ മുകളിലേക്കുമാത്രം ഉയര്‍ന്നുപോയ ആളുകളുണ്ട്. സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നു ഇ പി ജയരാജന്‍ രണ്ടു കോടി രൂപ വാങ്ങിയെന്ന ആരോപണത്തെ സിപിഐഎം ഗൗരവമായിത്തന്നെയെടുത്തു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കളങ്കിതമായ പണം സ്വീകരിച്ചത് തെറ്റാണെന്നു തുറന്നുപറഞ്ഞു. അതു ജയരാജന്റെ കുറ്റമായല്ല ശ്രദ്ധക്കുറവായാണ് പാര്‍ട്ടി കണ്ടത്. ദേശാഭിമാനി പ്രിന്ററും പബ്‌ളിഷറുമായ പിണറായി വിജയന്‍ ജനറല്‍മാനേജരായ ഇ പി ജയരാജനോടു കാരുണ്യംകാണിച്ചു.

കര്‍ഷകസംഘത്തിലെ കാല്‍ക്കോടിയുടെ കണക്കുകള്‍ സൂക്ഷിക്കുന്നതിലെ ജാഗ്രതക്കുറവും കളങ്കിതമായ രണ്ടുകോടി മാര്‍ട്ടിനില്‍നിന്നു കൈപ്പറ്റിയതിലെ അശ്രദ്ധയും രണ്ടു തരത്തിലേ നേതാക്കള്‍ക്കു കാണാനായുള്ളു. സംശുദ്ധമായ രാഷ്ട്രീയ പ്രതിഛായയുള്ള സികെപിയെ പുതിയകാലത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആവശ്യമില്ല. കട്ടന്‍ചായയും പരിപ്പുവടയും ദിനേശ്ബീഡിയും ശീലിച്ച കാലത്തിന്റെ നീക്കി ബാക്കിയാണയാള്‍. വലിയ തുക പിരിവെഴുതുമ്പോള്‍ മുഴുവന്‍ തുകയ്ക്കും രശീതി കൊടുക്കണമെന്ന നിര്‍ബന്ധം, സഹകരണ ബാങ്കിലേക്കു നടക്കുന്ന റിക്രൂട്ട്‌മെന്റില്‍ നേതാക്കന്മാരുടെ ബന്ധുക്കളെക്കാള്‍ പ്രാദേശിക സഖാക്കളെ പരിഗണിക്കണമെന്ന ചിന്ത, വ്യക്തിയെക്കാള്‍ വലുതാണ് പാര്‍ട്ടിയെന്ന ബോധം എന്നിങ്ങനെ വ്യത്യസ്തവും പഴയതുമായ ഒരു ശീലമാണ് അദ്ദേഹത്തിന്റേത്. കാലം മാറിയത് ജയരാജനോളം അറിഞ്ഞവരാരുണ്ട്? അതിനാല്‍ പഴമയുടെ ഭൂതങ്ങളെ ഒഴിപ്പിക്കാതെ തരമില്ലല്ലോ.

ഇ പിയുമായി ബന്ധപ്പെട്ട നാട്ടുവര്‍ത്തമാനങ്ങളിലെല്ലാം പണമൊഴുക്കിന്റെ പശിമയുണ്ട്. 2007ല്‍ മൊറാഴയില്‍ അദ്ദേഹം പ്രസംഗിച്ചു: അമ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചതുപോലെ ഇന്നും കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നാണ് ചിലരുടെ ശാഠ്യം. ബീഡിവലിച്ചു താടിനീട്ടി പരിപ്പുവടയും തിന്നു കുളിക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ആളുണ്ടാവില്ല. മാറേണ്ടതെങ്ങനെയാണെന്ന് ജയരാജന്‍ പാര്‍ട്ടിക്കു മാതൃകയായി. സാന്റിയാഗോ മാര്‍ട്ടിന്‍ മുതല്‍ കല്യാണ്‍ ജ്വല്ലേഴ്‌സും ചാക്കു രാധാകൃഷ്ണനും വരെയുള്ള ധനിക സൗഹൃദങ്ങളും കച്ചവടപാടവവും പലമട്ടു മിന്നിമാഞ്ഞു. മകന്റെ വിവാഹത്തിനു കണ്ണൂരില്‍ ഹെലികോപ്റ്ററില്‍ വന്നു അനുഗ്രഹിക്കാന്‍ തക്ക സൗഹൃദം കമ്യൂണിസ്റ്റു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിവാഹാഘോഷ ചരിത്രത്തില്‍ ആദ്യാനുഭവമായി. തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ദേശാഭിമാനി ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടും പണമിടപാടുകളുടെ ദുരൂഹത സംശയങ്ങള്‍ക്കിടവരുത്തി.

ധനക്കോയ്മകള്‍ സാധാരണ മനുഷ്യരുടെ ജീവിതം കടുത്ത ചൂഷണങ്ങള്‍കൊണ്ട് ദുസ്സഹമാക്കുന്നതോ, വയലുകള്‍ നികത്തി മാളികകളുയര്‍ത്തുന്നതോ, മലകളും കുന്നുകളും തുരന്നുപോകുന്നതോ, വെള്ളവും വായുവും വിഷമയമാക്കുന്നതോ, സ്വന്തം കാലൂന്നാന്‍ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതോ ഇത്തരം ജയരാജന്മാര്‍ കാണാറില്ല. സമ്പന്ന പ്രമാണിമാരുമായുള്ള ആത്മബന്ധവും അവരുടെ സൗജന്യം പറ്റിയുള്ള ആഡംബരജീവിതവും വിപ്ലവനായകനെ മത്തുപിടിപ്പിച്ചിരിക്കാം. ആ ഉന്മാദമാണ്, പണപ്പശിമയുടെ ആ ഒട്ടലുകളാണ് നേട്ടങ്ങളുടെ വഴികളെ വരുതിയില്‍നിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. താക്കോല്‍ സ്ഥാനങ്ങളില്‍ സ്വന്തക്കാരെ സ്ഥാപിച്ചുള്ള വിലപേശലിന്റെ തുടക്കമായേ അതിനെ കാണാനാവൂ. അവിശുദ്ധവും അശ്ലീലവുമായ തരത്തില്‍ ബന്ധങ്ങളും ശീലങ്ങളും വളരുന്നത് രാജ്യത്തിന് ആപത്താണ്.

സോഷ്യലിസ്റ്റ് മാതൃകയുടെ തകര്‍ച്ചയില്‍നിന്ന്, അതേല്‍പ്പിച്ച ഇച്ഛാഭംഗങ്ങളില്‍നിന്ന് നവലിബറലിസത്തിന്റെ മോഹലോകങ്ങളിലേയ്ക്ക് കണ്ണുമിഴിച്ച കമ്യൂണിസ്റ്റുകാര്‍ വഴിമറക്കുക എളുപ്പമാണ്. അങ്ങനെയൊരു വഴിത്തെറ്റുണ്ടാവരുതേയെന്ന് സിപിഐഎം പലവട്ടം വിലപിച്ചിരുന്നു. 1992ലെയും 1995ലെയും പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍, കേഡര്‍മാരിലും നേതാക്കളിലും പ്രകടമായിരുന്ന തെറ്റായ പ്രവണതകളെ തിരുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയില്‍ 1996 ഒക്‌ടോബര്‍ 29 മുതല്‍ 31വരെ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം ഒരു തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചു. ലളിതമായ ജീവിതശൈലികൊണ്ടു നേതാക്കള്‍ മാതൃക കാണിക്കണമെന്നും പാര്‍ട്ടി പണം ഉപയോഗിക്കുന്നതു വളരെ സൂക്ഷ്മതയോടെ വേണമെന്നും രേഖ മുന്നറിയിപ്പു നല്‍കി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്വകാര്യ കമ്പനികളുടെയോ ഗ്രൂപ്പുകളുടെയോ ആതിഥ്യം സ്വീകരിക്കരുതെന്നും സമ്മാനങ്ങള്‍ കൈപ്പറ്റരുതെന്നും അത്തരക്കാരുടെ ചെലവില്‍ വിരുന്നുകളില്‍ പങ്കെടുക്കുകയോ ഹോട്ടലുകളില്‍ താമസിക്കുകയോ ചെയ്യരുതെന്നും രേഖ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗിക വാഹനങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയോ സുഹൃത്തുക്കള്‍ക്കു വേണ്ടിയോ ദുരുപയോഗം ചെയ്യരുതെന്നും രേഖ ഓര്‍മ്മിപ്പിക്കുന്നു.

ഇങ്ങനെയൊരു രേഖയെപ്പറ്റി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ. ഔദ്യോഗിക വാഹനങ്ങളില്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കയറരുതെന്നു ശഠിക്കുന്ന പാര്‍ട്ടി അതിലേറെ അക്രമം നേതാക്കന്മാരില്‍നിന്നുണ്ടാവുമെന്നു പ്രതീക്ഷിച്ചുകാണില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികള്‍ വീതംവെയ്ക്കുകയാണ് ജയരാജന്‍. കാറിലൊരിടമല്ല കാറുതന്നെയാണ് വച്ചുനീട്ടുന്നത്. തെറ്റുതിരുത്തല്‍രേഖയ്ക്ക് ഇതിലേറെ ആദരവു ലഭിക്കാനില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും മാന്യമായ ഒരു യാത്രയയപ്പൊന്നും ജയരാജനു നല്‍കാനിടയില്ല. ഇവ്വിധമുള്ള അദ്ദേഹത്തിന്റെ സേവനം പലര്‍ക്കും പ്രചോദനമാണ്. സംസ്ഥാന നേതൃത്വത്തില്‍നിന്നു താഴെയിറക്കിയാല്‍ എത്രയോ യുവനേതാക്കള്‍ക്ക് മാതൃകയില്ലാതാവും. നവലിബറല്‍കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം സംബന്ധിച്ചു നല്ല ബോധ്യമുള്ള ഒരാളുടെ സേവനം ആ വഴിക്കുപോകുന്ന പാര്‍ട്ടിക്കു തള്ളിക്കളയാനാവില്ല. അതിനാല്‍ വ്യാഖ്യാനങ്ങളുടെയും വിശദീകരണങ്ങളുടെയും പതിവു ശൈലി ആവര്‍ത്തിക്കാനാണിട. അല്ലെങ്കിലും ഒഴിവാക്കേണ്ടത് ജയരാജനെയല്ല, പാര്‍ട്ടി എത്തിപ്പെട്ട നവമുതലാളിത്ത പാളയമാണെന്ന് ആര്‍ക്കാണറിയാത്തത്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ശീലങ്ങള്‍ ഏറ്റുവാങ്ങാതെവയ്യ. അല്‍പ്പമെങ്കിലും പ്രതിരോധ ശേഷി നല്‍കിയിരുന്നത് സമരോത്സാഹങ്ങളായിരുന്നു. അതാദ്യമേ ഉപേക്ഷിച്ച സ്ഥിതിക്കു പ്രതിരോധിക്കാനും പ്രയാസം. ജയരാജന്‍ രോഗലക്ഷണമാണ്. അതൊരാളല്ല. ഓരോരുത്തരായി ഇനിയും വെളിപ്പെട്ടുകൊണ്ടിരിക്കും. അതില്ലാതാക്കാന്‍ സിപിഎം കമ്യൂണിസ്റ്റു പാര്‍ട്ടിയാവുകയാണ് വേണ്ടത്.

കടപ്പാട്: ആസാദ് ഓൺലൈൻ