ഫീസ് 600 രൂപയിൽ നിന്ന് 1,70,000 രൂപയിലേക്ക്‌; ചോദ്യം ചെയ്തപ്പോൾ വിസിയെ അപമാനിച്ചുവെന്ന് പറഞ്ഞ് സസ്പെൻഷൻ: കേരള സർവ്വകലാശാല ഇതെന്തു ഭാവിച്ചാണ്?

ഗവേഷണ കാലയളവില്‍ പ്രസവാവധി തുടങ്ങിയ വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി പഠനകാലയളവായ അഞ്ച് വര്‍ഷം പോരാതെ വന്നാല്‍ രണ്ട് വര്‍ഷംകൂടി നീട്ടി വാങ്ങാം. ഇതിന് യൂണിവേഴ്‌സിറ്റി ഈ വിദ്യാര്‍ത്ഥിയില്‍നിന്നും ഈടാക്കുന്ന തുകയാണ് ഒരുലക്ഷത്തിയെഴുപതിനായിരം! ഈ കാലയളവില്‍ സ്‌റ്റൈഫന്റും ലഭിക്കുകയില്ല.

ഫീസ് 600 രൂപയിൽ നിന്ന് 1,70,000 രൂപയിലേക്ക്‌; ചോദ്യം ചെയ്തപ്പോൾ വിസിയെ അപമാനിച്ചുവെന്ന് പറഞ്ഞ് സസ്പെൻഷൻ: കേരള സർവ്വകലാശാല ഇതെന്തു ഭാവിച്ചാണ്?

തിരുവനന്തപുരം: വെറും അറുന്നൂറു രൂപയിൽ കിടന്ന ഫീസ് നേരം ഇരുട്ടിവെളുത്തപ്പോൾ ഒരുലക്ഷത്തിയെഴുപതിനായിരം രൂപയാവുക! സാങ്കല്പികമല്ല, കഥ. കേരളത്തിലെ ആദ്യ സർവ്വകലാശാലയായ കേരള യൂണിവേഴ്സിറ്റിയിലാണ് ഈ അതിഭീമമായ ഫീസ് വർധനവ്. ഗവേഷക വിദ്യാർത്ഥികളുടെ എക്‌സ്റ്റന്‍ഷന്‍ ഫീസ് ആണ് 283 ഇരട്ടി വർദ്ധിപ്പിച്ചത്. ശതമാനക്കണക്കിൽ പറഞ്ഞാൽ 28233% വർധന! എന്നിട്ട് ഈ കേരളത്തിനെന്തു സംഭവിച്ചു?

കെഎസ്‌യു എന്ന വിദ്യാർത്ഥിപ്രസ്ഥാനത്തിനു ബീജാവാപം നൽകിയ ഒരണസമരം, വിദ്യാർത്ഥികളുടെ ബോട്ട് യാത്രയുടെ കൺസൻഷൻ നിരക്ക് ഒരണ വർദ്ധിപ്പിച്ചതിനെതിരെയായിരുന്നു (നാലണചേർന്നാലാണ് 25 പൈസയാവുക). പിന്നീട് ആദ്യ ഇഎംഎസ് സർക്കാരിനെതിരായ വിമോചനസമരത്തിലേക്ക് വളർന്നത് ഈ സമരമായിരുന്നു. അങ്ങനെയുള്ള കേരളത്തിലാണ്, ഈ പകൽക്കൊള്ള ആരാലും ശ്രദ്ധിക്കപ്പെടാതെ ചാരം മൂടിക്കിടക്കുന്നത്.


അതിന്റെ കാരണമാണു രസകരം. ക്യാമ്പസിൽ കെഎസ്‌യു ഇല്ല. വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനമുള്ള വിദ്യാർത്ഥി പ്രസ്ഥാനം എസ്എഫ്ഐ ആണ്. എന്നാൽ 26 വയസ്സു കഴിഞ്ഞവരെ എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഇടയ്ക്കൊരു ചട്ടം വന്നു. കേരളത്തിലെ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത കൊടികുത്തിവാണ കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചില നേതാക്കളെ തെരഞ്ഞുപിടിച്ചു വെട്ടാൻ കൊണ്ടുവന്ന ചട്ടം!

ഈ ചട്ടം മൂലം ഗവേഷകരായ പല വിദ്യാർത്ഥികളും സംഘടനാ ഭാരവാഹിത്വത്തിൽ നിന്നു പുറത്താണ്. എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയിൽ ഗവേഷക വിദ്യാർത്ഥികളുടെ പ്രതിനിധികൾ ആരും തന്നെയില്ല. കമ്മറ്റിയിൽ വിഷയം ഉന്നയിക്കാൻ ആരുമില്ലാത്തതിനാൽ തന്നെ ഈ വിഷയം ക്യാമ്പസിനു പുറത്തേക്ക് കൊണ്ടുവരുന്നതിൽ ക്യാമ്പസ് യൂണിറ്റ് പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

എന്താണ് എക്‌സ്റ്റന്‍ഷന്‍ ഫീസ്?

സാധാരണ ഗതിയിൽ അഞ്ചുവർഷമാണ് ഗവേഷണ കാലാവധി. ജെആർഎഫ് ലഭിച്ച വിദ്യാർത്ഥികൾക്ക് യുജിസി നൽകുന്ന സ്കോളർഷിപ്പോടെ ഗവേഷണത്തിൽ ഏർപ്പെടാം. ഗവേഷക വിദ്യാർത്ഥികൾ പലരും വിവാഹിതരായതിനാൽ കുടുംബം പുലർത്താൻ അവർക്കു പണം ആവശ്യമുണ്ട്. മറ്റു ജോലികൾക്കു പോകാതെ ഗവേഷണത്തിൽ ശ്രദ്ധയർപ്പിക്കാനാണ് ഇവർക്ക് ഇങ്ങനെ സ്കോളർഷിപ്പ് നൽകുന്നത്. അതു തന്നെ പലപ്പോഴും മാസാമാസം ലഭിക്കാറില്ല. കുറേമാസത്തേക്കുള്ള തുക ഒരുമിച്ചാവും റിലീസ് ആവുക. ഗവേഷണ കാലയളവിൽ പ്രസവാവധി മൂലമോ മറ്റ് കാരണങ്ങളാലോ ഗവേഷണം പൂർത്തീകരിക്കാനാവാതെ വരാം. അങ്ങനെയുള്ള അവസരത്തിൽ വിദ്യാർത്ഥികൾക്ക് പ്രബന്ധ സമർപ്പണത്തിനുള്ള സമയം രണ്ടുവർഷത്തേക്കു കൂടി വർദ്ധിപ്പിച്ചു നൽകും. ഇതിനായി സമർപ്പിക്കേണ്ട അപേക്ഷയുടെ ഒപ്പം ഒടുക്കേണ്ട തുകയാണ് എക്‌സ്റ്റന്‍ഷന്‍ ഫീസ്. ഈ അധിക കാലയളവില്‍ സ്‌റ്റൈഫന്റോ സ്കോളർഷിപ്പോ ലഭിക്കുകയില്ല.

ഫീസ് വർദ്ധനവ് ജനുവരിയിൽ

2016 ജനുവരി 20ന് ഫീസ് വര്‍ദ്ധിപ്പിക്കാൻ തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗം മുന്‍കാല പ്രാബല്യം നല്‍കി ജനുവരി ഒന്നുമുതൽ തന്നെ നടപ്പിലാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജനുവരി 24-ാം തിയതി വൈസ് ചാന്‍സലര്‍ ഡോ പികെ രാധാകൃഷ്ണന്  പരാതി നല്‍കി. എന്നാല്‍ ഫീസ് വര്‍ദ്ധിപ്പിച്ച നിലപാടില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. തുടര്‍ന്ന് പല തവണ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പരാതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ പരാതി പരിഗണിക്കാന്‍ കൂട്ടാക്കിയില്ല.

എന്നിട്ട് എന്തു സംഭവിച്ചു?

എക്‌സ്റ്റന്‍ഷന്‍ ഫീസ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചതിനാല്‍ പഠനം തുരാനാവാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സ്വാഭാവികമായും തീരുമാനത്തിനെതിരെ മുറുമുറുപ്പുയർന്നു. ക്യാമ്പസിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ പോസ്റ്റർ പതിച്ചത് വിസിക്ക് അപമാനമാണെന്നു പറഞ്ഞ്, പോസ്റ്റർ പതിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഗവേഷക വിദ്യാർത്ഥികൾ സമരത്തിലാണ്. എന്നാൽ സര്‍വ്വകലാശാലയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ മാപ്പ് പറയണമെന്നാണ് വൈസ് ചാന്‍സലറുടെ നിലപാട്.

ബയോഡേറ്റയിൽ പറയുന്ന നിരവധി ബിരുദങ്ങൾക്കൊപ്പം നൽകിയ ഒരു ബിരുദം ബ്രിട്ടണിലെ സസക്സ് സർവ്വകലാശാലയിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് എന്ന ആരോപണത്തിൽ മൂന്നുമാസക്കാലം ഡോ. ജെ വി വിളനിലം എന്ന വൈസ് ചാൻസിലറെ നിലംതൊടീക്കാതെ സമരം ചെയ്ത ഒരു സർവ്വകലാശാലയിലാണ് വിസിക്കെതിരെ പോസ്റ്റർ പതിച്ചതിന്റെ പേരിൽ ഇന്ന് ഒരു ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ വിദ്യാർത്ഥികൾ നിരുപാധികം മാപ്പുപറയണമത്രേ! വർദ്ധിപ്പിച്ച ഫീസ് അതേപടി തുടരുകയും ചെയ്യും.

വിദ്യാർത്ഥികൾ പറയുന്നത്

കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും എസ്‌സി/എസ്‌ടി വിഭാഗമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 11,000 രൂപയാണ്‌  സ്റ്റൈഫന്റിനത്തില്‍ ലഭിക്കുന്നത്. അത് അവസാന രണ്ട് വര്‍ഷം ലഭിക്കാറുമില്ല. അത്തരമൊരു സാഹചര്യത്തില്‍ പിഎച്ച്ഡി തീസീസ് തയ്യാറാക്കുന്നതിന് വേണ്ട ചെലവുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയാണ്.

എംജി സര്‍വ്വകലാശാലയില്‍ 15,000   രൂപയാണ് എക്‌സ്റ്റന്‍ഷന്‍ വാങ്ങുന്ന രണ്ട് വര്‍ഷത്തെ ഫീസായി യൂണിവേഴ്‌സിറ്റിയില്‍ ഒടുക്കേണ്ടത്. ഇതിനിടെയാണ് കേരള സര്‍വ്വകലാശാലയുടെ പകല്‍ കൊള്ള.  എന്നാല്‍ സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സര്‍വ്വകലാശാലാ ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചവര്‍ക്കും പ്രതിഷേധിച്ചവര്‍ക്കെതിരെയുമാണ് സര്‍വ്വകലാശാല കടുത്ത നിലപാടെടുത്തിരിക്കുന്നത്.

[caption id="attachment_50829" align="aligncenter" width="630"]kerala university strike കേരള സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ നടത്തുന്ന രാപ്പകല്‍ സമരം[/caption]

വിദ്യാര്‍ത്ഥികള്‍ മാപ്പുപറയാന്‍ തയ്യാറാകാതിരുന്നതോടെ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ പി കെ രാധാകൃഷ്ണന്‍. സര്‍വ്വകലാശാലയുടെ വിവിധ നയങ്ങള്‍ക്കെതിരെ ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചതാണ് രാധാകൃഷ്ണനെ  ചൊടിപ്പിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ പോസ്റ്റര്‍ പതിച്ചതില്‍ ഗവേഷക വിദ്യാര്‍ത്ഥി പ്രജിത് കുമാര്‍ വിഎസ്‌ മാപ്പെഴുതി നല്‍കണമെന്നാണ് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാപ്പെഴുതിനല്‍കാന്‍ പ്രജിത് തയ്യാറായില്ല.

[caption id="attachment_51137" align="alignleft" width="234"]Dr__P__K__Radhakrishnan ഡോ പികെ രാധാകൃഷ്ണന്‍[/caption]

പ്രജിത് കുമാറിനെകൂടാതെ റിസര്‍ച് യൂണിയന്‍ ചെയര്‍മാന്‍ മനേഷ് പി, ഷാനു വി,വിഷ്ണു കെപി, അജേഷ് പിവി, നജീബ് എസ് എന്നിവരെയാണ് സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഗവേഷക വിദ്യാര്‍ത്ഥികള്‍ എക്‌സ്റ്റന്‍ഷന്‍ ഫീസ് കുറയ്ക്കുക, സര്‍വ്വകലാശാല നടപ്പിലാക്കിയ 2016 യുജിസി റഗുലേഷന്‍ അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ വിസിയുടെ ക്യാബിനില്‍ ചെന്നപ്പോഴാണ് ഇവരുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും വിസി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതുടര്‍ന്നാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ സമരം ആരംഭിച്ചത്.

സമരക്കാര്‍ പതിച്ച പോസ്റ്റര്‍ സര്‍വ്വകലാശാലയെയും വൈസ് ചാന്‍സ്‌ലറെയും മറ്റ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് പ്രജിത്തിനെ സെപ്തംബര്‍ എട്ടിന് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്നു വിസിക്കെതിരെ പോസ്റ്റര്‍ പതിച്ചത് തെറ്റായി പോയെന്ന് എഴുതി നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ പ്രജിത്തിനോട് ആവശ്യപ്പെട്ടു. എഴുതി നല്‍കിയില്ലെങ്കില്‍ ഗവേഷക പഠനം അവസാനിപ്പിക്കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പ്രജിത്തിനെ ഭീഷണിപ്പെടുത്തി.

2014 ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വ്വകലാശാലയില്‍ നിയമിതനായ ഡോ. പി കെ രാധാകൃഷ്ണന്‍ ആരംഭ കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
'സുവോളജി, സൈക്കോളജി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കല്‍ കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ രണ്ടര വര്‍ഷമായി പഠനം സ്തംഭിച്ച അവസ്ഥയിലാണ്. വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് സ്വീകരിച്ച് വരുന്നത്.'

റിസര്‍ച് യൂണിയന്‍ ചെയര്‍മാന്‍ മനേഷ് നാരദ ന്യൂസിനോട് പറഞ്ഞു.

കേരള യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി വേണ്ടവിധത്തില്‍ പരിഗണന നല്‍കിയില്ലെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സംസ്ഥാന സമിതിയിലെ അംഗങ്ങളുടെ പ്രായപരിധി 26 ആയതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം സംസ്ഥാന സമിതിയിലില്ല. ഇത് തങ്ങളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്നതിന് വിഘാതമായതെന്ന് വിദ്യാര്‍ത്ഥികള്‍ നാരദ ന്യൂസിനോട് പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ വിസി തയ്യാറാകാത്തതിനെത്തുടര്‍ന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം ക്യാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാകുകയാണ്.

നഷ്ടമായ എംഫില്‍ സീറ്റുകള്‍ പുനഃസ്ഥാപിക്കുക, അധ്യാപകരുടെ നിയമനം നടത്തുക, എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്‌ഐ കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞ 29ാം തിയതി സമരം തുടങ്ങിയത്. സര്‍വ്വകലാശാലയുടെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇരുപത്തിരണ്ടാം ദിവസവും തുടരുകയാണ്.

സമരക്കാര്‍ക്ക് അനുഭാവം പ്രഖ്യാപിച്ച് പ്രൊഫസര്‍ വിഎന്‍ മുരളി സംസാരിക്കുന്നു.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/10/WhatsApp-Video-2016-10-19-at-12.32.00-PM.mp4"][/video]

Read More >>