കണ്ണൂർ മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്നത് ഭൂമി ഇടപാടിലെ തിരിമറികൾ പുറത്തു വന്നതിനാൽ; മറുവാദങ്ങൾ കള്ളം

കോളേജ് ഭൂമിയുടെ ഇടപാടുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കണ്ടെത്തലാണ് മലപ്പുറത്തേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നത് എന്നാണ് നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമി വകമാറ്റി രജിസ്റ്റർ ചെയ്യുകയാണെന്ന് കോളേജിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് തയ്യാറാക്കിയ ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കണ്ണൂർ മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്നത്  ഭൂമി ഇടപാടിലെ തിരിമറികൾ പുറത്തു വന്നതിനാൽ; മറുവാദങ്ങൾ കള്ളം

കണ്ണൂർ: സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിവരുന്ന സമരത്തെത്തുടർന്നാണ്  കണ്ണൂർ മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്നതെന്ന  മാനേജ്‌മെന്റ് വാദം കള്ളം. മെഡിക്കൽ കോളേജിലെ തൊഴിലാളികളുടെ വേതനപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബർ 13 മുതലാണ്  സിഐടിയു സമരം ആരംഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കോളേജ് മലപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുകയാണെന്നും ഈ നടപടി പൂർത്തിയാകും വരെ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നും കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കോളേജ് സ്ഥലം മാറ്റുന്ന പ്രക്രിയ പൂർത്തീകരിക്കുമെന്നും മാനേജ്‌മെന്റ് പറയുന്നുണ്ട്.


കോളേജ് ഭൂമിയുടെ ഇടപാടുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കണ്ടെത്തലാണ്  മലപ്പുറത്തേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നത് എന്നാണ് നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമി വകമാറ്റി രജിസ്റ്റർ ചെയ്യുകയാണെന്ന് കോളേജിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് തയ്യാറാക്കിയ ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻപ് കറപ്പത്തോട്ടം ആയിരുന്ന ഭൂമി, തോട്ടം എന്ന വകയിൽ നിന്നും മാറ്റി രജിസ്റ്റർ ചെയ്യുകയാണെന്ന് തെളിഞ്ഞാൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയടക്കം 300 ഏക്കർ സർക്കാരിന് ഏറ്റെടുക്കാം. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ കോളേജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിൽ മുന്നോട്ടുവെക്കുന്ന വ്യവസ്ഥയുടെ ലംഘനമാവും അത്. ഇത് കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് നീങ്ങും.

kannur-2

25 ഏക്കർ ഭൂമി സ്ഥാപനത്തിന് സ്വന്തമായി വേണമെന്നോ അല്ലെങ്കിൽ 99 വർഷത്തെ ലീസ് അവകാശം ഭൂമിക്കുമേൽ ഉണ്ടാവണമെന്നോ ആണ് അഫിലിയേഷൻ ലഭിക്കാനുള്ള വ്യവസ്ഥ. ഭൂമി സംബന്ധിച്ച തട്ടിപ്പ് പുറത്തുവരുന്നതോടു കൂടി കോളേജ് അഫിലിയേഷൻ റദ്ദാകും.

kannur
കോളേജ് ചെയർമാൻ ഉൾപ്പെടെ ഏഴുപേരെ പ്രതികളാക്കിക്കൊണ്ട് നിലവിൽ വിജിലൻസ് നടത്തുന്ന അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന ഭയമുള്ളതിനാൽ കോളേജിന്റെ അഫിലിയേഷൻ സംരക്ഷിക്കാനുള്ള മാർഗമായാണ് കോളേജിന്റെ ഭൂമി മാറ്റാൻ നീക്കം നടക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരെങ്കിലും മെഡിക്കൽ കൗൺസിലിനെ സമീപിച്ചാൽ പോലും കോളേജ് അഫിലിയേഷൻ ത്രിശങ്കുവിലാകും എന്ന നിയമോപദേശവും കോളേജ് മാനേജ്‌മെന്റിന് ലഭിച്ചതായാണ് അറിയാൻ കഴിയുന്നത്.

സർക്കാരിന്റെ അഡ്മിഷൻ വ്യവസ്ഥകളെ പൂർണമായും തള്ളി കോടിക്കണക്കിന് രൂപയ്ക്ക് മെഡിക്കൽ അഡ്മിഷൻ നടത്തിയ മാനേജ്‌മെന്റിന് നിസ്സാരതുക ചെലവഴിച്ചാൽ തൊഴിലാളികളുടെ വേതനത്തിന്റേതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനായി ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത യോഗങ്ങളിൽ ഇതുവരെ മെഡിക്കൽ കോളേജിന്റെ ചെയർമാൻ ഹാജരായിട്ടില്ല. തൊഴിലാളി പ്രശ്നം ചൂണ്ടിക്കാട്ടി കോളേജ് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ മാനേജ്‌മെന്റ് നടത്തുന്നത്.

മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി രോഗികൾ എത്താത്തതും മാനേജ്‌മെന്റിനെ ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തെ മെഡിക്കൽ കൗൺസിലിന്റേതടക്കമുള്ള പരിശോധനാ സമയത്ത് രോഗികളെന്ന വ്യാജേന ആളുകളെ എത്തിച്ചാണ് മാനേജ്‌മെന്റ് അഫിലിയേഷൻ നേടിയെടുത്തത് എന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തൊഴിലാളികൾ നടത്തുന്ന സമരം  മൂലം രോഗികൾ എത്തുന്നില്ലെന്നും നിലവിൽ ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യേണ്ട സാഹചര്യമാണെന്നുമാണ് മാനേജ്‌മെന്റ് വാദിക്കുന്നത്.

Read More >>