കൊച്ചിയില്‍ പോലീസിന്റെ മൂന്നാംമുറ; അഞ്ചു പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മോഷണം ആരോപിച്ച് തയ്യല്‍ തൊഴിലാളിയെ മര്‍ദിച്ച് അവശനാക്കിയതിന് എസ് ഐ അടക്കമുള്ള മൂന്നു പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍

കൊച്ചിയില്‍ പോലീസിന്റെ മൂന്നാംമുറ; അഞ്ചു പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മൂവാറ്റുപുഴയിലും പാലാരിവട്ടത്തും മൂന്നാംമുറ പ്രയോഗിച്ച പോലീസുകാരെ സസ്പെന്റ് ചെയ്തു. മൂവാറ്റുപുഴയില്‍ മോഷണം ആരോപിച്ച് തയ്യല്‍ തൊഴിലാളിയെ മര്‍ദിച്ച് അവശനാക്കിയതിന് എസ് ഐ അടക്കമുള്ള മൂന്നു പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. പാലാരിവട്ടത്ത് പരാതി പറയാനെത്തിയ 19കാരനെതിരെ മൂന്നാംമുറ പ്രയോഗിച്ച രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സസ്പെന്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡിജിപിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പോലീസുകാര്‍ക്കെതിരായ നടപടി.


മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ എ അനൂപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിഎം അബ്ദുള്‍ റസാക്ക്, പുത്തന്‍ കുരിശ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെആര്‍ മനോജ് കുമാര്‍ എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.എന്‍ ഉണ്ണിരാജന്‍ സസ്പെന്റ് ചെയ്തത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ സന്ദീപ് കുമാര്‍, സുജിത് കുമാര്‍ എന്നിവരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡി മര്‍ദനത്തെകുറിച്ചും മൂന്നാം മുറ പ്രയോഗത്തെ കുറിച്ചും പരാതികള്‍ ഉണ്ടായാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പോലും നടപടികള്‍ ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പോലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കുന്ന രീതിയില്‍ രണ്ടു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ പോലീസ് മേധാവികള്‍ക്കും കമ്മീഷണര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഡിജിപി.

മൂവാറ്റുപുഴയില്‍ തയ്യല്‍തൊഴിലാളിയായപ്രദീഷ് താമസിച്ചിരുന്ന വീടിനു സമീപമുള്ള രണ്ട് വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതില്‍ ഇയാള്‍ക്ക് പങ്കുണ്ട് എന്നാരോപിച്ച് നാട്ടുകരില്‍ ചിലര്‍ പ്രദീഷിനെ പോലീസ് സ്റ്റേഷനില്‍എത്തിക്കുകയായിരുന്നു. നാല് ദിവസം അറസ്റ്റ്പോലും രേഖപ്പെടുത്താതെ പ്രദീഷിനെ മര്‍ദിച്ചു എന്നാണ് പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കുടുംബ തര്‍ക്കം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സൂരജ് എന്ന യുവാവ് എത്തിയത്. കഴിഞ്ഞ ദിവസം ബവ്‌റേജ് ഷോപ്പിന്റെ സമീപത്ത് പോലീസുകോരോട് കയര്‍ത്ത ആളുകളില്‍ സൂരജും ഉണ്ട് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇരു സംഭവങ്ങളും പുറത്ത് വന്നതോടെ രാഷ്ട്രീയ-യുവജന സംഘടനകളുടെ നേതൃത്യത്തിലും മറ്റും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Read More >>